തിരുവനന്തപുരം: രണ്ട് വര്‍ഷത്തെ കോവിഡിന്റെ പ്രതിസന്ധി മറികടന്ന് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയായി ഇന്ത്യയെ മാറ്റിയതിന് പിന്നില്‍ മോദിയുടെ ഭരണവൈദഗ്ധ്യം തന്നെയാണെന്നും മോദിയുടെ ജന്മദിനത്തില് ഇന്ത്യയുടെ ഈ നേട്ടമാണ് ആഘോഷിക്കുന്നതെന്നും അല്ലാതെ അത് വ്യക്തിപൂജയല്ലെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ ഈ വെളിപ്പെടുത്തല്‍.
ഈയിടെ കേരളത്തില്‍ താന്‍ വ്യക്തിഗതമായി നടത്തിയ സര്‍വ്വേയില്‍ 62 ശതമാനം മലയാളികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബഹുമാനിക്കുന്നു എന്ന് മനസ്സിലാക്കാന്‍ സാധിച്ചു. ഈ ജനസംഖ്യ കേരളത്തിലെ ഹിന്ദുക്കളുടെ മാത്രം ജനസംഖ്യയേക്കാള്‍ കൂടുതലാണ്. അതായത് അദ്ദേഹത്തെ ബഹുമാനിക്കുന്നവരുടെ കൂട്ടത്തില്‍ ന്യൂനപക്ഷ സമുദായങ്ങളും ഉണ്ടെന്നര്‍ത്ഥം. – രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കോവിഡ് പ്രതിസന്ധി മൂലം രണ്ട് വര്‍ഷത്തില്‍ തൊഴില്‍ മേഖലയില്‍ വന്‍തോതില്‍ അട്ടിമറികള്‍ ഉണ്ടായി. തൊഴിലില്ലായ്മ വര്‍ധിപ്പിക്കാന്‍ ഇത് കാരണമായി. യുകെ, യുഎസ്, ചൈന എന്നീ രാജ്യങ്ങളെല്ലാം പണപ്പെരുപ്പത്താല്‍ വലയുന്നു, തൊഴിലില്ലായ്മയില്‍ വലയുന്നു. ഇത് ഇന്ത്യയുടെ മാത്രം പ്രശ്നമല്ല. പക്ഷെ താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ പ്രശ്നം അത്രത്തോളം മോശപ്പെട്ട നിലയിലല്ല. ഇത് മോദിയുടെ പ്രവര്‍ത്തനങ്ങളുടെ വിജയം തന്നെയാണ്. – രാജീവ് പറഞ്ഞു.
2014ല്‍ ഇന്ത്യയുടെ ഇലക്ട്രോണിക്സ് ഉല്പാദനം ഒരു ലക്ഷം കോടിയില്‍ താഴെയായിരുന്നു ഫ്രീ ട്രേഡും (സ്വതന്ത്രവ്യാപാരം) ചൈന നിന്നുള്ള ഇറക്കുമതിയും എല്ലാം കൂടി നമ്മുടെ ഇലക്ട്രോണിക്സ് മേഖല തകര്‍ന്നു. പക്ഷെ ആത്മനിര്‍ഭര്‍ ഭാരതിന്റെ വരവോടെ ഇന്ന് ഇന്ത്യയുടെ ഇലക്ട്രോണിക്സ് മേഖലയിലെ ഉല്പാദനം 6 ലക്ഷം കോടിയാണ്. 2025-26ല്‍ അത് 24 ലക്ഷം കോടിയാക്കുകയാണ് മോദിജിയുടെ ലക്ഷ്യം. ഇന്ത്യയില്‍ ഇലക്ട്രോണിക്സ് മേഖലയില്‍ ഇതുവരെ 70 ശതമാനം ഉല്പാദനം ചൈനയുടേതായിരുന്നു. ഇന്ത്യയുടെ പങ്കാളിത്തം വെറും രണ്ട് ശതമാനമായിരുന്നു. ഇതാണ് മാറ്റാന്‍ പോകുന്നത്. അടുത്ത രണ്ട് മൂന്ന് വര്‍ഷങ്ങളില്‍ ഇലക്ട്രോണിക്സ്, ടെക്നോളജി മേഖലകളില്‍ ഇന്ത്യയില്‍ വന്‍നിക്ഷേപം വരും.- രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു.
ലോക വിതരണ ശൃംഖലയുടെ വിശ്വസ്ത പങ്കാളിയായി ഇന്ത്യയെ മാറ്റാനാണ് മോദിജി ശ്രമിക്കുന്നത്. മാറ്റം എപ്പോഴും എതിര്‍പ്പുകളിലൂടെയേ നടപ്പാക്കാന്‍ കഴിയൂ എന്ന് മോദിജിക്ക് അറിയാം. അതേ സമയം സര്‍ക്കാര്‍ ദുര്‍ബല വിഭാഗത്തെ ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ പിന്തുണയ്ക്കും. അന്ന് കോവിഡ് കാലത്ത് രാഹുല്‍ ഗാന്ധിയും ചിദംബരവും ഉള്‍പ്പെടെ എല്ലാവരും വല്ലാതെ നരേന്ദ്രമോദിയെ വിമര്‍ശിച്ചിരുന്നു. അമേരിക്ക പോലെ സമ്പദ്ഘടനയ്ക്ക് വാരിക്കോരി സാമ്പത്തിക ഉത്തേജനം നല്‍കണം എന്നൊക്കെ അവര്‍ വാദിച്ചു. പക്ഷെ മോദിജി എന്താ ചെയ്തത്? അദ്ദേഹം അഞ്ച് ലക്ഷം കോടി ഇടത്തരം, ചെറുകിട, സൂക്ഷ വ്യാപാരിമേഖലയിലുള്ളവര്‍ക്ക് ധനസഹായമായി നല്കി. പിഎം ഗരീബ് കല്യാണ്‍ അന്നയോജന വഴി റേഷന്‍ കടകളില്‍ സൗജന്യമായി റേഷന്‍ എത്തിച്ചു. ഇപ്പോള്‍ എന്താ ലോകം പറയുന്നത്? കോവിഡ് കാലത്ത് സമ്പദ്ഘടനയെ വല്ലാതെ സാമ്പത്തികഉത്തേജനം പകര്‍ന്നിട്ട് സഹായിച്ചത് വലിയ അബദ്ധമായിപ്പോയി എന്നാണ് അമേരിക്കയുടെ സെക്രട്ടറി ഓഫ് ട്രഷറീസ് പോലും പറയുന്നത് അവിടെ ഇപ്പോള്‍ യുഎസില്‍ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിയാത്ത വിധമാണ്. തൊഴിലില്ലായ്മയും കൈവിട്ടുപോയ അവസ്ഥയാണ്. എന്നാല്‍ ഇന്ത്യയില്‍ പണപ്പെരുപ്പം നിയന്ത്രണവിധേയമാണ്. മാത്രമല്ല, ഇപ്പോള്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയായി ഇന്ത്യ മാറിയിരിക്കുന്നു. ചൈനയെപ്പോലും ഇക്കാര്യത്തില്‍ നമ്മള് കടത്തിവെട്ടി. പ്രധാനമന്ത്രി മോദിയുടെ ദീര്‍ഘവിക്ഷണമാണിവിടെ വിജയിച്ചത്. ഇവിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മോഡലാണോ സീതാറാം യെച്ചൂരിയുടെ മോഡലാണോ ഏതാണ് വേണ്ടതെന്ന് നമ്മള് തീരുമാനിക്കണം.ഇന്ത്യയെ രക്ഷിക്കാന്‍ നരേന്ദ്രമോദിയുടെ മോഡലിനേ സാധിക്കൂ.- അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: