കൊല്ലം: സിപിഎം സഹകരണ സംഘം ഭരണസമിതി നേതൃത്വം നല്കുന്ന കൊല്ലം എന്‍എസ് ആശുപത്രി അനധികൃതമായി നികത്തിയ നിലങ്ങള്‍ പൂര്‍വ സ്ഥിതിയിലാക്കാന്‍ ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ ഉത്തരവിട്ടു.
എന്‍എസ് ആശുപത്രി അധികൃതര്‍ ഒരാഴ്ചക്കകം കരമണ്ണ് നീക്കം ചെയ്ത് നിലം പൂര്‍വ സ്ഥിതിയിലാക്കിയില്ലെങ്കില്‍ പൂര്‍വ സ്ഥിതിയിലാക്കുന്നതിന് കൊല്ലം സബ് കളക്ടര്‍ മേല്‍നോട്ടം വഹിക്കണമെന്നും ഇതിനു വേണ്ടി വരുന്ന ചെലവ് കക്ഷിയില്‍ നിന്നും ഈടാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഡേറ്റാബാങ്കില്‍ ഉള്‍പ്പെടാത്ത കൊല്ലം വടക്കേവിള വില്ലേജ് ബ്ലോക്ക് 24 റിസര്‍വ്വേ 558/2, 558/3 ലെ യഥാക്രമം 29.20, 08.50 ആര്‍സ് നിലങ്ങളാണ് ആശുപത്രി നികത്തി കരഭൂമിയാക്കിയത്. ഈ സ്ഥലങ്ങള്‍ അടിസ്ഥാന ഭൂനികുതി രജിസ്റ്ററിലും തണ്ടപ്പേര് അക്കൗണ്ടിലും നിലമായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സിപിഎം നേതാവും കൊല്ലം മുന്‍ എംപിയുമായ പി. രാജേന്ദ്രനാണ് എന്‍എസ് ആശുപത്രി പ്രസിഡന്റ്. ഇദ്ദേഹത്തിന്റെ പേരിലാണ് നിലങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
അനധികൃതമായി നിലം മണ്ണിട്ട് നികത്തുന്നതായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് വടക്കേവിള വില്ലേജാഫീസര്‍ സ്ഥലം സന്ദര്‍ശിക്കുകയും നിലം നികത്തല്‍ തടഞ്ഞ് നിരോധന ഉത്തരവ് നല്‍കുകയും ചെയ്തിരുന്നു. വില്ലേജ് ഓഫീസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഫോട്ടോകളിലും വ്യാപകമായി കരമണ്ണ് നിക്ഷേപിച്ച് സ്ഥലം രൂപാന്തരപ്പെടുത്തിയിട്ടുള്ളതായി വ്യക്തമാകുന്നതായും കളക്ടറുടെ ഉത്തരവിലുണ്ട്.
പരാതിയിന്മേല് കളക്ടര്‍ നടത്തിയ ഹിയറിങില്‍ വിചിത്രമായ മറുപടിയാണ് ആശുപത്രി അധികൃതര്‍ നല്‍കിയത്. ഈ സ്ഥലത്ത് 50 വര്‍ഷത്തിലേറെ പഴക്കമുള്ള തെങ്ങുകളും വൃക്ഷങ്ങളുമുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ പ്രളയം മൂലം ഒലിച്ചുപോയിട്ടുള്ള മണ്ണ് പുനസ്ഥാപിക്കുന്നതിനും എന്‍എസ് ആശുപത്രിയിലെത്തുന്ന വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനും വേണ്ടിയാണ് അമ്പത് ലോഡ് മണ്ണ് നിക്ഷേപിച്ചിട്ടുള്ളതെന്നായിരുന്നു വിശദീകരണം. ആഗസ്ത് 20ന് നടന്ന ഹിയറിങില്‍ പി. രാജേന്ദ്രനും, എന്‍എസ് ആശുപത്രി സെക്രട്ടറി പി. ഷിബുവുമാണ് പങ്കെടുത്തത്.
ഡേറ്റാബാങ്കില്‍ ഈ നിലങ്ങള്‍ ഉള്‍പ്പെട്ടുവരുന്നില്ലെന്നും എന്നാല്‍ നിലങ്ങള്‍ ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നും ഭൂരേഖ തഹസില്‍ദാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അത് പരിശോധിച്ച് സബ് കളക്ടര്‍ തുടര്‍നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: