ലണ്ടന്‍: ജനഹൃദങ്ങളുടെ അടിത്തട്ടില്‍ ജീവിച്ച രാജ്ഞി എന്ന് അതിശയോക്തിയില്ലാതെ പറയാനാകും വിധമാണ് എലിസബത്ത് രാജ്ഞിയുടെ ഭൗതികാവശിഷ്ടം ഒരു നോക്ക് കാണാന്‍ ബ്രിട്ടനിലെ സാധാരണക്കാര്‍ തടിച്ചുകൂടുന്നത്. സംസ്കാരത്തിനുള്ള സമയം അടുക്കും തോറും ക്യൂവിന്റെ നീളവും കൂടുകയാണ്. ഇപ്പോള്‍ ഏകദേശം 10 കിലോമീറ്റര്‍ ദൂരത്തിലാണ് ജനങ്ങള്‍ അവരുടെ രാജ്ഞിയെ ഒരു നോക്ക് കാണാന്‍ വരിയില്‍ കാത്തുനില്‍ക്കുന്നതെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. സാധാരണ സ്റ്റില്‍, വീഡിയോ ക്യാമറകള്‍ക്ക് ഒപ്പിയെടുക്കാന്‍ കഴിയാത്ത വിധം നീണ്ടുനീണ്ടുപോകുന്ന ക്യൂ. കിലോമീറ്ററുകളോളം ദൂരത്തില്‍ ജനങ്ങള്‍ കാത്തുനില്‍ക്കുന്നതിന്റെ ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സെപ്തംബര്‍ 19ന് തിങ്കളാഴ്ചയാണ് ശവസംസ്കാരച്ചടങ്ങ്. ഇതിന് മുന്നോടിയായാണ് രാജ്ഞിയുടെ മൃതദേഹം രാജകീയ ബഹുമതികളോടെ പൊതുദര്‍ശനത്തിനായി വെച്ചിരിക്കുന്നത്. രാജകീയ വസ്ത്രങ്ങളില്‍, രത്നം പതിച്ച കിരീടം ധരിപ്പിച്ചാണ് രാജ്ഞിയുടെ അന്ത്യശയനം. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ ഹാളിലാണ് മൃതദേഹം അന്ത്യോപചാരം അര്‍പ്പിക്കുന്നതിന് കിടത്തിയിരിക്കുന്നത്.
മക്സാര്‍ ടെക്നോളിജീസ് ഇതിന്റെ ഉപഗ്രഹ ചിത്രം പങ്കുവെച്ചിടുണ്ട്. അതില്‍ റോഡുകളില്‍ ഉറുമ്പുകളെപ്പോലെ നില്‍ക്കുന്ന മനുഷ്യരുടെ നീണ്ട നിര സൂക്ഷിച്ചുനോക്കിയാല‍് കാണാം. വെസ്റ്റ്മിനിസ്റ്റര്‍ ആബിയ്‌ക്ക് മുന്നിലെ എല്ലാ റോഡുകളിലും മനുഷ്യര്‍ തിക്കിത്തിരക്കുകയാണ്. യുകെയിലെ പ്രാന്തപ്രദേശങ്ങളില്‍ നിന്നു വരെ മനുഷ്യര്‍ അങ്ങോട്ടൊഴുകുകയാണ്. പലരും സ്വന്തം കുടുംബത്തിലെ ഉറ്റവരാരോ നഷ്ടപ്പെട്ടതുപോലെ തേങ്ങിക്കരയുന്നത് കാണാം. തെംസ് നദിയുടെ തെക്കേതീരത്ത് നിന്നും തുടങ്ങുന്ന നീര പാലത്തിനു മുകളിലൂടെ പാര്‍ലമെന്‍റിലേക്കും പിന്നീട് വെസ്റ്റ് മിനിസ്റ്റര്‍ ഹാളിലേക്കും നീളുന്നു.
യുകെയിലെ ഏറ്റവും ദീര്‍ഘകാലം രാജ്ഞിയായിരുന്ന എലിസബത്ത് രാജ്ഞി (രണ്ട്) 96ാം വയസ്സിലാണ് വിടപറഞ്ഞത്. അവരുടെ വിയോഗത്തിന് ശേഷം ചാള്‍സ് മൂന്ന് രാജകുമാരന്‍ അധികാരം ഏറ്റെടുത്തു.
സെപ്തംബര്‍ 19ന് നടക്കുന്ന അന്ത്യോപചാരച്ചടങ്ങില്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള രാഷ്‌ട്ര നേതാക്കള്‍ പങ്കെടുക്കും. ഇന്ത്യയില്‍ നിന്നും രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവാണ് സംബന്ധിക്കുക. രാജ്ഞിയുടെ ഭൗതികാവശിഷ്ടം അടക്കം ചെയ്യാന്‍ വിന്‍ഡ്സര്‍ കൊട്ടാരത്തിലേക്ക് കൊണ്ടുവരും. അവിടെ 2000ഓളം വരുന്ന വിഖ്യാതസദസ്സ് പങ്കെടുക്കുന്ന ചടങ്ങില്‍ ഇപ്പോഴത്തെ രാജകുമാരന്‍ ചാള്‍സ് മൂന്നാമന്‍ മേല്‍നോട്ടം വഹിക്കും. എഡിന്‍ ബര്‍ഗിലെ ഡ്യൂക്ക് ആയിരുന്ന ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനെ അടക്കം ചെയ്തതിന് തൊട്ടടുത്താണ് എലിസബത്ത് രാജ്ഞിയുടെ ഭൗതികാവശിഷ്ടവും വെയ്‌ക്കുക. സെപ്തംബര്‍ 19 തിങ്കളാഴ്ച സംസ്കാര സമയത്ത് ലണ്ടന്‍ നഗരത്തിന്റെ ആകാശം രണ്ട് മിനിറ്റ് നേരം മൗനത്തിലാഴും. അതിന്റെ ഭാഗമായി ലണ്ടനിലെ തിരക്കുള്ള ഹീത്രൂ വിമാനത്താവളത്തിലെ എല്ലാ വിമാനങ്ങളുടെയും പോക്കുവരവുകള്‍ അരമണിക്കൂര്‍ നേരം നിര്‍ത്തിവെയ്‌ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: