കാസര്‍ഗോഡ്: മദ്രസയില്‍ പോകുന്ന വിദ്യാര്‍ത്ഥികളെ തെരുവുനായയില്‍ നിന്ന് സംരക്ഷിക്കാന്‍ തോക്കുമായി പോയ ടൈഗര്‍ സമീറിനെതിരേ കേസെടുത്ത് പൊലീസ്. കാസര്‍കോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീറിനെതിരെബേക്കല്‍ പൊലീസാണ് കേസെടുത്തത്. ഐപിസി 153 അനുസരിച്ച് ലഹളയുണ്ടാക്കാന്‍ ഇടയാക്കുന്ന പ്രവൃത്തി നടത്തി എന്ന പേരിലാണ് സമീറിനെതിരെ പൊലീസ് കേസ്. അതേസമയം പൊലീസ് കേസെടുത്തതില്‍ വിഷമമുണ്ടെന്ന് സമീര്‍ പ്രതികരിച്ചു. ഷോക്കേസിലിരുന്ന 9000 രൂപ മാത്രം വിലയുളള എയര്‍ഗണാണ് എടുത്തതെന്നും ഉന്നം തെറ്റാതെ വെടിവയ്‌ക്കാന്‍ തനിക്കറിയില്ലെന്നും ഈ എയര്‍ഗണ്‍ കൊണ്ട് വെടിവച്ചാല്‍ നായ ചാകില്ലെന്നുമാണ് സമീറിന്റെ പ്രതികരണം. നായകടിക്കാന്‍ വന്നാല്‍ വെടിവയ്‌ക്കും. ധൈര്യമായി വന്നോളൂ .എന്ന് പറഞ്ഞ് സമീര്‍ നടക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ സുഹൃത്തുക്കളാണ് പ്രചരിപ്പിച്ചത്. തുടര്‍ന്നാണ് ഇന്ന് കേസെടുത്തത്.
പ്രദേശത്തുളള ആറ് വയസുകാരനെ തെരുവുനായ കടിച്ചതിനെ തുടര്‍ന്ന് മദ്രസയില്‍ പോകാന്‍ മടിച്ചുനിന്ന കുട്ടികളെ കൊണ്ടുവിടാന്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സമീര്‍ എയര്‍ഗണുമായി അകമ്പടി പോയത്. സമീറിന്റെ മൂന്ന് മക്കളടക്കം പത്ത് കുട്ടികളെ സഹായിക്കാനായിരുന്നു ഇതെന്നാണ് ന്യായീകരണം. ആറ് വയസുകാരനെ കടിച്ച നായയെ സിമന്റ് ലോഡിറക്കാന്‍ വന്ന തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് അടിച്ചോടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: