കശ്മീര്‍: രാഹുല്‍ഗാന്ധി രാജ്യത്തെ ഒന്നിപ്പിക്കുമെന്ന് അവകാശപ്പെട്ട് ഭാരത് ജോഡോ യാത്ര നടത്തുമ്പോള്‍ കോണ്‍ഗ്രസ് പാരമ്പര്യത്തിന്റെയും അന്തസ്സിന്റെയും അടിവേരുകള്‍ പൊട്ടിത്തകരുകയാണ്. ഗുലാം നബി ആസാദിന് പിന്നാലെ ഏത്രയോ ദശകങ്ങളായി കോണ്‍ഗ്രസ് സ്വകാര്യ അഹങ്കാരമായി കൊണ്ടുനടന്ന കരണ്‍ സിങ്ങും കോണ്‍ഗ്രസുമായി ഒരിക്കലും കൂട്ടിവിളക്കാനാവാതെ അകലുകയാണ്.
ഇന്ത്യ പാകിസ്ഥാന്‍ വിഭജനകാലത്ത് ജമ്മു കശ്മീര്‍ ഭരിച്ചിരുന്ന രാജാവ് ഹരി സിംഗിന്റെ മകനാണ് കരണ്‍ സിങ്ങ്. ഇദ്ദേഹം ജമ്മു കശ്മീരിലെ കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവായിരുന്നു. 1967 മുതല്‍ കരണ്‍ സിങ്ങ് കോണ്‍ഗ്രസ് അംഗമായിരുന്നെങ്കിലും ഇപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസുമായി അകല്‍ച്ചയിലാണ്. ഒരിയ്‌ക്കലും അടുക്കാന്‍ കഴിയാത്ത വിധത്തിലുള്ള അകല്‍ച്ചയില്‍.
വെള്ളിയാഴ്ചയാണ് ജമ്മു കശ്മീരിനെ ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കാന്‍ മുന്‍കയ്യെടുത്ത രാജാവ് ഹരിസിങ്ങിന്റെ ജന്മദിനമായ സെപ്തംബര്‍ 23ന് ജമ്മു കശ്മീരില്‍ പൊതു അവധി പ്രഖ്യാപിക്കാന്‍ ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ തീരുമാനിച്ചത്. ഈ പ്രഖ്യാപനത്തില്‍ കരണ്‍ സിങ്ങ് അതിയായ ആഹ്ളാദം പ്രകടിപ്പിച്ചു. കഴിഞ്ഞ 75 വര്‍ഷമായി നടക്കാത്ത സ്വപ്നമാണ് മോദി സര്‍ക്കാര്‍ സാധ്യമാക്കിയത്. അദ്ദേഹം ഈ പ്രഖ്യാപനത്തിന് പ്രധാനമന്ത്രി മോദിയോട് തനിക്കുള്ള നന്ദി പരസ്യമായി പ്രകടമാക്കുകയും ചെയ്തു. തന്റെ കോണ്‍ഗ്രസുമായുള്ള ബന്ധം ഏതാണ്ട് വട്ടപ്പൂജ്യമായെന്ന് വെള്ളിയാഴ്ച കരണ്‍ സിങ്ങും പ്രഖ്യാപിച്ചിരിക്കുകയാണ്.
മഹാരാജാവ് ഹരി സിങ്ങിന്റെ ജന്മദിനം പൊതു ഒഴിവായി പ്രഖ്യാപിച്ചതിന് പിന്നാലെ ജമ്മു കശ്മീരില്‍ വന്‍ ആഘോഷമാണ് നടക്കുന്നത്. മധുരപ്പലഹാര വിതരണവും പെരുമ്പറമേളത്തിനൊപ്പമുള്ള നൃത്തവും നടക്കുന്നു. “എന്റെ കൊച്ചുമക്കളായ അജാതശത്രുവും വിക്രമാദിത്യയും അച്ഛന്റെ ജന്മദിനം പൊതു അവധി ദിനമാക്കണമെന്ന് എത്രയോ കാലമായി പ്രമേയം അവതരിപ്പിച്ചിരുന്നു. പക്ഷെ ആരും കേട്ടില്ല. ഞാന്‍ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറയുന്നു. ഇതിന്റെ പേരില്‍ ഞാന്‍ അദ്ദേഹത്തിന് കത്തെഴുതും”- അദ്ദേഹം പറഞ്ഞു.
ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ ജമ്മു കശ്മീരിലെ ഏതാണ്ടെല്ലാ മുതിര്‍ന്ന നേതാക്കളും കോണ്‍ഗ്രസ് വിട്ട് ആസാദിനൊപ്പം ചേര്‍ന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: