ചണ്ഡീഗഡ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ക്യാപ്ടന് അമരീന്ദര്‍ സിങ് അടുത്താഴ്ച ബിജെപിയില്‍ ചേരും. കോണ്‍ഗ്രസ് വിട്ട ശേഷം അദ്ദേഹം രൂപീകരിച്ച പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിക്കുമെന്നും പാര്‍ട്ടി വക്താവ് അറിയിച്ചു.
രാഹുലുമായും പഞ്ചാബിലെ രാഹുലിന്റെ പിണിയാളായ നവജ്യോത്സിങ് സിദ്ധുവുമായുള്ള കടുത്ത ഭിന്നതയെത്തുടര്‍ന്നാണ് അമരീന്ദര്‍ കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് വിട്ടത്. തുടര്‍ന്ന് അദ്ദേഹം പഞ്ചാബ് ലോക് കോണ്‍ഗ്രസ് രൂപീകരിച്ച് ബിജെപിയുമായി ചേര്‍ന്ന് 2022 ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു.
അമരീന്ദര്‍ പാര്‍ട്ടിവിടുകയും ഭിന്നത രൂക്ഷമാകുകയും ചെയ്തതോടെ പഞ്ചാബിലെ ഭരണം ആം ആദ്മി കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. അടുത്താഴ്ച അമരീന്ദര്‍ ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദയില്‍ നിന്ന് അംഗത്വം സ്വീകരിക്കും. ഏഴ് മുന്‍ എംഎല്‍എമാരും ഒരു മുന്‍ എംപിയും അദ്ദേഹത്തിനൊപ്പം ബിജെപിയില്‍ ചേരുമെന്ന് വക്താവ് പ്രീത്പാല്‍ സിങ് ബലിയവാള് അറിയിച്ചു.
അതിനു ശേഷം മറ്റൊരു ദിവസം നടക്കുന്ന ചടങ്ങില്‍ ലോക് കോണ്‍ഗ്രസ് ഭാരവാഹികളെല്ലാം ബിജെപിയില്‍ ചേരും. അടുത്തിടെ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അഭ്യന്തര മന്ത്രി അമിത് ഷായേയും സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: