മുംബൈ: ശിവസേനയിലുള്ള ഉദ്ധവ് താക്കറെയുടെ നിയന്ത്രണം പൂര്‍ണമായും നഷ്ടമായി. വിവിധ സംസ്ഥാനങ്ങളിലുള്ള ശിവസേനയുടെ യൂണിറ്റുകള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ പാര്‍ട്ടി തിരിച്ചു പിടിക്കാമെന്നും ഷിന്‍ഡെ പക്ഷത്തുള്ളവരെ അയോഗ്യരാക്കാമെന്നുമുള്ള ഉദ്ധവിന്റെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി.
ശിവസേനയുടെ 15 സംസ്ഥാന യൂണിറ്റ് അധ്യക്ഷന്മാരില് 12പേരും ഷിന്‍ഡെയുടെ പക്ഷത്ത് ചേര്‍ന്നു. ഡല്‍ഹി, മണിപ്പൂര്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ്, രാജസ്ഥാന്, ഗോവ, പശ്ചിമ ബംഗാള്‍, ത്രിപുര, ഒഡിഷ, ഹൈദരാബാദ്, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ശിവസേനയുടെ യൂണിറ്റ് അധ്യക്ഷന്മാരാണ് ഷിന്‍ഡെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഹിന്ദുത്വയില്‍ നിന്ന് പാര്‍ട്ടി വ്യതിചലിക്കുന്നുവെന്ന് പറഞ്ഞാണ് ഇവര്‍ ഉദ്ധവിന് തള്ളിയിരിക്കുന്നത്.
എല്ലാ സംസ്ഥാനങ്ങളിലെയും അധ്യക്ഷന്മാര് ചര്‍ച്ച നടത്തിയെന്നും രാജ്യത്തെ എല്ലാ കോണുകളിലും പാര്‍ട്ടി വിപുലീകരിക്കുമെന്നും ഏക്നാഥ് ഷിന്‍ഡെ ട്വീറ്റ് ചെയ്തു. അതത് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ വളര്‍ച്ചക്കായി എല്ലാസഹായങ്ങളും ചെയ്യുമെന്ന് സംസ്ഥാന അധ്യക്ഷന്മാര്ക്ക് ഷിന്‍ഡെ ഉറപ്പ് നല്‍കിയിട്ടുണ്ട്.
ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ശിവസേനയിലെ ഭൂരിപക്ഷം എംഎല്‍എമാരും ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ജൂണ്‍ 29നാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. തുടര്‍ന്ന് ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായി ഏക്നാഥ് ഷിന്‍ഡെ അധികാരത്തിലേറുകയായിരുന്നു.
പാര്‍ട്ടി ചിഹ്നത്തിനായുള്ള ഷിന്‍ഡെ പക്ഷത്തിന്റെ അവകാശവാദത്തിനെതിരെയുള്ള ഉദ്ധവ് വിഭാഗത്തിന്റെ ഹരജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാനങ്ങളും ഉദ്ധവിന് എതിരെയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: