അഞ്ചാലുംമൂട്: കാന്‍സര്‍ ഏല്‍പ്പിച്ച ദുരന്തത്തിന്റെ ബാക്കിപത്രമായി രണ്ട് മക്കളുമായി പനയം കാട്ടില്ചേരിയില് ജയകൃഷ്ണന് താമസിച്ചത് ചോര്‍ന്നോലിക്കുന്ന വീട്ടില്‍. തെരഞ്ഞെടുപ്പ് വേളയില്‍ തന്നെ ജയകൃഷ്ണന്റെ ദുരിതം നേരിട്ടറിഞ്ഞ ഇപ്പോഴത്തെ പനയം വാര്‍ഡ് മെമ്പര്‍കൂടിയായ അന്നത്തെ ബിജെപി സ്ഥാനാര്‍ത്ഥി രതീഷ് ഒരുറപ്പ് ആ കുടുംബത്തിന് നല്‍കിയിരുന്നു. ജയിച്ചാലും തോറ്റാലും വീട് വച്ച് നല്‍കും.
ഇപ്പോള്‍ ആ ഉറപ്പ് പാലിച്ചിരിക്കുകയാണ് രതീഷിന്റെ നേതൃത്വത്തിലുള്ള ബിജെപി പനയം വാര്‍ഡ് വികസന സമിതി. സര്‍ക്കാര്‍ ഭവന പദ്ധതിയില്‍ നിന്നും വീട് ലഭിക്കാത്ത സാഹചര്യത്തിലാണ് സ്വന്തം നിലയില്‍ ജയകൃഷ്ണനടക്കം അഞ്ചുപേര്‍ക്ക് വീട് നിര്‍മ്മിച്ച് നല്കാന് ബിജെപി പനയം വാര്‍ഡ് വികസന സമിതി തീരുമാനിക്കുന്നത്. ഇതില്‍ രണ്ട് വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനാണ് ഇന്നലെ തുടക്കം കുറിച്ചത്. സ്ഥാനം കണ്ട് കുറ്റിയടിച്ച് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഈ മാസം തന്നെ തറക്കല്ലീടില്‍ നടക്കും.
ആറു ലക്ഷം രൂപ എസ്റ്റിമേറ്റിട്ടാണ് നിര്‍മ്മാണം ആരംഭിക്കുന്നത്. എന്നാല്‍ അതില്കൂടുതല് തുക നിര്‍മ്മാണ പ്രവര്‍ത്തനത്തിന് വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. എട്ട് കുടുംബങ്ങള്‍ക്ക് ഭൂ ദാനം ഉള്‍പ്പടെ നടത്തി മാതൃകയായ ജനപ്രതിനിധിയാണ് രതീഷ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടിന് വിജയിച്ച സാരഥിയെന്നുമുള്ള പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. തൃപ്പനയം എന്‍എസ്എസ് കരയോഗം സെക്രട്ടറി എസ്. മുരളീധരന്‍പിള്ള, വാര്‍ഡ് വികസന സമിതിയംഗങ്ങളായ വിനോദ്, അനില്‍, പുഷ്പലത, ആര്‍എസ്എസ് അഞ്ചാലുംമൂട് നഗര്സേവ പ്രമുഖ് രമേശന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: