കൊല്ലം : പിഎസ്‌സി കായികക്ഷമത പരിശോധന നടത്തുന്നതിനിടെ കയറില്‍ നിന്ന് വീണ് ഉദ്യോഗാര്‍ത്ഥിക്ക് പരിക്ക്. കൊല്ലത്ത് നടന്ന ഫയര്‍മാന്‍ ഡ്രൈവര്‍ ഫിസിക്കല്‍ പരിശോധന നടത്തുന്നതിനിടെ ഉദ്യോഗാര്‍ത്ഥി കയറില്‍ നിന്നും വീണ് തലയ്‌ക്കും നടുവിനും പരിക്കേല്‍ക്കുകയായിരുന്നു. കൊല്ലം ലാല്‍ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന കായിക ക്ഷമത പരിശോധനയില്‍ റോപ്പ് ക്ലൈമ്പിങ്ങനിടെയാണ് അപകടം ഉണ്ടായത്.
വീഴ്ചയുടെ ആഘാതത്തില്‍ ഉദ്യോഗാര്‍ത്ഥിയുടെ തലയ്‌ക്കും നടുവിനും പരിക്കേറ്റിട്ടുണ്ട്. റോപ്പ് ക്ലൈമ്പിങ്ങിനിടെ ഇന്റര്‍ലോക്ക് ചെയ്ത തറയിലേക്കാണ് ഉദ്യോഗാര്‍ത്ഥി വീണത്. പരിക്കേറ്റ യുവാവിനെ ആദ്യം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അതേസമയം ഉദ്യോഗാര്‍ത്ഥികള്‍ക്കായി യാതൊരു വിധത്തിലുള്ള സുരക്ഷാ നടപടികളും ഉണ്ടായിരുന്നില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കൈബലം പരിശോധിക്കാനുള്ള ചിന്നിങ്ങിനും വേണ്ട സുരക്ഷ ഒരുക്കിയിരുന്നില്ല. ലോങ് ജമ്പിനായി ഒരുക്കിയ ട്രാക്ക് തകര്‍ന്നതായിരുന്നുവെനും ആരോപണമുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളില്ലാത്തത് ചോദ്യം ചെയ്ത ഫിസിക്കല്‍ ട്രെയ്‌നര്‍മാരോട് പിഎസ്‌സി ഉദ്യോഗസ്ഥര്‍ കയര്‍ത്തെന്നും പരാതിയുണ്ട്. എന്നാല്‍ കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ കായിക ക്ഷമതാ പരിശോധയ്‌ക്ക് ഒരുക്കാറുണ്ട്. കൊല്ലത്തെ സംഭവത്തെ കുറിച്ച് പരിശോധിക്കുമെന്നുമാണ് പിഎസ്‌സി പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: