ന്യൂദല്‍ഹി: നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ താന്‍ രാഹുല്‍ ഗാന്ധിയല്ലെന്ന് ഗുലാംനബി ആസാദ്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഏഴ് വര്‍ഷം പ്രധാനമന്ത്രി മോദിക്കെതിരെ ഇരുന്ന് അദ്ദേഹത്തിന്റെ നയങ്ങളെ ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്. എനിക്കെതിരെ ഒരഴിമതിക്കേസില്ല. ഒരു എഫ്ഐആറും ഇല്ല, ഇതുവരെയും ആരെയും പേടിച്ചിട്ടില്ല, ഗുലാംനബി ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഗുലാംനബിയുടെ നിലപാട് കാലാവസ്ഥാവ്യതിയാനമാണെന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പരിഹാസത്തിന് മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ജി 23 രൂപീകരിച്ചതുമുതല്‍ ബിജെപിയുടെ വിശ്വസ്തനാണെന്ന് അവര്‍ അധിക്ഷേപിക്കുന്നതാണ്. പാര്‍ട്ടിക്ക് ഒരു മുഴുവന്‍ സമയ പ്രസിഡന്റിനെ വേണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയതിന് ശേഷം അവര്‍ എനിക്കെതിരെ ആക്രോശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം എഴുതിയതാണെന്ന് കള്ളം പ്രചരിപ്പിച്ചു. ഈ പെരുംനുണയുടെ തുടക്കം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്നും അവരുടെ നേതാവില്‍ നിന്നുമാണ്, ഗുലാംനബി പറഞ്ഞു. പ്രധാനമന്ത്രി മോദിക്ക് ഭ്രാന്തല്ലെന്നും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെടാറുള്ളതെന്നും ഗുലാം നബി ആസാദ് കൂട്ടിച്ചേര്‍ത്തു.
‘ആര്‍ക്കും ഗുലാം നബിയോട് കല്പ്പിക്കാന് കഴിയില്ല. എനിക്കെതിരെ ഒരു കേസും ഒരു എഫ്ഐആറും ഇല്ല. എനിക്ക് സമ്പത്തുമില്ല. ഞാന്‍ എന്തിന് ആരെയെങ്കിലും ഭയപ്പെടണം?’. ഏഴ് വര്‍ഷമായി ഞാന്‍ പ്രധാനമന്ത്രി മോദിയെ പാര്‍ലമെന്റില്‍ ഇരുന്ന് അദ്ദേഹത്തിന്റെ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു. ഒരേയൊരു വ്യത്യാസം ഞാന്‍ വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്തുന്നില്ല. വ്യക്തികളെയല്ല നയങ്ങളെയാണ് എതിര്‍ക്കുന്നത്. അള്ളാഹുവാണ് എല്ലാ വ്യക്തികളെയും സൃഷ്ടിക്കുന്നത്. പ്രധാനമന്ത്രി എന്നെ രാഷ്ട്രപതിയാക്കും, ഉപരാഷ്ട്രപതിയാക്കും എന്നൊക്കെയാണ് അവര്‍ പ്രചരിപ്പിച്ചത്. ഒരു നോമിനേറ്റഡ് അംഗം പോലുമാക്കിയില്ലെന്നതല്ലേ വാസ്തവം? ഗുലാം നബി ചോദിച്ചു.
ജമ്മു കശ്മീരില്‍ 370-ാം വകുപ്പ് പുനഃസ്ഥാപിക്കാനാകില്ലെന്ന വാദം അദ്ദേഹം ആവര്‍ത്തിച്ചു. ‘അത് ആര്‍ക്കും കഴിയില്ല. എന്ത് ചെയ്യാമെന്നും ചെയ്യാന്‍ കഴിയില്ലെന്നും ആസാദിനറിയാം. എനിക്കോ കോണ്‍ഗ്രസ് പാര്‍ട്ടിക്കോ കശ്മീരിലെ മൂന്ന് പ്രാദേശിക പാര്‍ട്ടികള്‍ക്കും കഴിയില്ല. മമതയ്ക്കും ഡിഎംകെയ്ക്കും എന്‍സിപിക്കും കഴിയില്ല. തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ജനങ്ങളെ കബളിപ്പിക്കാന്‍ ഞാനില്ല, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: