തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കിടെ കുറ്റ്യാടി എംഎല്‍എ ആയിരുന്ന കെ.കെ. ലതികയെ മര്‍ദ്ദിച്ച കേസില്‍ കോണ്‍ഗ്രസിലെ രണ്ട് മുന്‍ എംഎല്‍എമാര്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചു. എംഎല്‍എമാരായിരുന്ന എം.എ. വാഹിദ്, എ.ടി. ജോര്‍ജ് എന്നിവര്‍ക്കെതിരേയാണ് വാറണ്ട്. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.
2015 മാര്‍ച്ച് 13ന് നിയമസഭയില്‍ കയ്യാങ്കളിക്കിടെയാണ് കേസിന് ആസ്പദമായ സംഭവം. അന്ന് ധനമന്ത്രി ആയിരുന്ന കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ ഇടത് എംഎല്‍എമാര്‍ സഭയ്ക്കുള്ളില്‍ പ്രതിഷേധിക്കുന്നതിനിടെ കുറ്റ്യാടി എംഎല്‍എ ആയിരുന്ന ലതികയ്ക്ക് മര്‍ദ്ദനമേറ്റെന്നാണ് ആരോപണം. കേസില്‍ ഇരുവരോടും ഹാജരാകാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും എത്താതിരുന്നതോടെ കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
ബജറ്റ് അവതരണം തടയാനുള്ള ഇടത് എംഎല്‍എമാരുടെ ശ്രമങ്ങളെ യുഡിഎഫ് എംഎല്‍എമാര്‍ പ്രതിരോധിച്ചിരുന്നു. ഇതിനിടെ പ്രതിരോധം മറികടന്ന് മുന്നോട്ട് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് കെകെ ലതികയ്ക്ക് മര്‍ദ്ദനമേറ്റത്. ഈ കാലയളവില്‍ എം.എ. വാഹിദ് കഴക്കൂട്ടത്തേയും എ.ടി. ജോര്‍ജ് പാറശ്ശാലയില്‍ നിന്നുമുള്ള എംഎല്‍എമാരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: