തിരുവനന്തപുരം: തെരുവ് നായ വിഷയം പരിഹരിക്കുന്നതില്‍ സമ്പൂര്‍ണമായി സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ വിവി രാജേഷ്. കൃത്യമായും ശാസ്ത്രീയമായും പദ്ധതി ആസൂത്രണം ചെയ്താല്‍ പരിഹരിക്കാവുന്ന വിഷയമാണിത്. കോടികള്‍ ചിലവഴിച്ച് വര്‍ഷം തോറും നടത്തുന്ന തെരുവുനായകളുടെ വന്ധ്യംകരണത്തില്‍ കൃത്രിമം നടത്തുകയാണ്. മനുഷ്യനെ അക്രമിക്കുന്ന തെരുവ് നായകളെ പിടികൂടി ഷെള്‍ട്ടറുകളില്‍ അടയ്ക്കണം. വിഷയത്തില്‍ അടിയന്തര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ തെരുവ് നായകളുമായി യുവമോര്‍ച്ച മന്ത്രി മന്ദിരങ്ങളിലേക്ക് മാര്‍ച്ച് നടത്തും. മന്ത്രിമന്ദിരങ്ങളില്‍ ഷെള്‍ട്ടറുകള്‍ കെട്ടി തെരുവ് നായ്കളെ അവിടെ പാര്‍പ്പിക്കുമെന്നും രാജേഷ് പറഞ്ഞു.
ഭാരതത്തെ ഒന്നിപ്പിക്കാനെന്ന പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന യാത്രയില്‍ രാജ്യത്തേയും രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരാന്‍ യത്നിച്ചവരേയും അവഗണിക്കുകയും അവഹേളിക്കുകയും ചെയ്തത് രാജ്യ സ്നേഹികളെ മുഴുവന്‍ വേദനിപ്പിച്ചെന്ന് വി.വി. രാജേഷ് പറഞ്ഞു.
കെ.ഇ. മാമനും ഗാന്ധിയന്‍ പി. ഗോപിനാഥന് നായരും നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തോടൊപ്പം ചേര്‍ന്ന് നിന്നവരാണ്. രാജ്യത്തിന് പുതിയ ചരിത്ര രചന നടത്തിയവരാണ്. ഇവരുടെ കുടുംബത്തെ നെയ്യാറ്റിന്‍കരയില്‍ വച്ച് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതൃത്വവും അവഹേളിച്ചത് പൊറുക്കാനാകാത്ത തെറ്റാണ്. കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബാംഗങ്ങളോട് സംസാരിച്ച ശേഷമാണ് പരിപാടി സംഘടിപ്പിച്ചത്. അവസാന നാളുകളില്‍ ചികിത്സയില്‍ കഴിഞ്ഞ നെയ്യാറ്റിന്‍കര നിംസ് ആശുപത്രികളില്‍ അവരുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന സ്ഥലമായതുകൊണ്ട് അവിടേക്ക് വിളിച്ചുവരുത്തി. കുടുംബാംഗങ്ങള്‍ മണിക്കൂറുകള്‍ കാത്തിരുന്നിട്ടും യാത്ര കടന്നുപോകുന്ന സ്ഥലമായിട്ടുപോലും രാഹുല്‍ ഗാന്ധി അവിടെക്ക് തിരിഞ്ഞുനോക്കിയില്ല.
ഭാരതത്തിന് സ്വാതന്ത്ര്യം നേടിത്തരാന്‍ യത്നിച്ചവരുടെ യാതനകളെയും വേദനകളെയും കുറിച്ച് യാതൊരു തരത്തിലുള്ള ഗൗരവ ചിന്തയും രാഹുലിന്റെ യാത്രയില്‍ നടക്കുന്നില്ലെന്ന് മാത്രമല്ല അവരെ പരിഹസിക്കുന്ന നിലപാട് കൂടിയാണ് സ്വീകരിക്കുന്നത്. കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വംപോലും രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്ക് വേണ്ട പ്രാധ്യാന്യം നല്‍കുന്നില്ലെന്നതിന്റെ തെളിവാണിത്. സ്വാതന്ത്ര്യസമര സേനാനികളെയും അവരുടെ കുടുംബത്തേയും ക്ഷണിച്ച് അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതൃത്വം യാത്ര അവസാനിപ്പിച്ച് മാപ്പുപറയണം. സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബങ്ങള്‍ക്കുണ്ടായ വേദനയും പരിക്കും പരിഹരിക്കുന്നതിനായി ബിജെപി മുന്‍കൈ എടുക്കും. നെയ്യാറ്റിന്‍കരയില്‍ കുടുംബാഗങ്ങളെ സന്ദര്‍ശിക്കും. സംസ്ഥാന നേതൃത്വവുമായി ചേര്‍ന്ന് കുടുംബാഗങ്ങള്‍ക്കുണ്ടായ മുറിവ് മാറ്റുന്നതിന് വേണ്ടി ഗൗരവമായ കാര്യങ്ങളില്‍ ഇടപെടുമെന്നും വി.വി.രാജേഷ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: