കൊച്ചി: കേരളത്തില്‍ തെരുവുനായ ശല്ല്യം രൂക്ഷമായ സാഹചര്യത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. തെരുവ് നായ്ക്കളെ വന്ധ്യകരിക്കുകയും കൊന്നൊടുക്കണമെന്നുമുള്ള ആവശ്യങ്ങള്‍ സമൂഹത്തില്‍ നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍, ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍ നടി മൃദുല മുരളി.
തെരുവുനായ്ക്കളെ കൊല്ലുന്നത് നിര്‍ത്തണമെന്നും പകരം ആനിമല്‍ ഷെല്‍ട്ടറുകളുണ്ടാക്കി അവയെ പാര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് നടി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് മൃദുലയുടെ പ്രതികരണം. കൊലപാതകവും കൊടും കുറ്റകൃത്യങ്ങളും ചെയ്യുന്ന മനുഷ്യരെ ശിക്ഷിക്കുന്നതിന് പകരം മുഴുവന്‍ മനുഷ്യരാശിയേയും ഇല്ലായ്മ ചെയ്യണോ എന്ന് അവര്‍ ചോദിക്കുന്നു. തെരുവുനായ്ക്കളെ കൊല്ലുന്നത് നിര്‍ത്തൂ എന്ന ഹാഷ്ടാഗും അവര്‍ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പോസ്റ്റിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മൃഗസ്നേഹികള്‍ ഇറങ്ങിയല്ലോ എന്ന കമന്റിന് ഇറങ്ങണമല്ലോ, ആ പാവങ്ങള്‍ക്ക് അതിന് പറ്റില്ലല്ലോ എന്നും നടി മറുപടി നല്‍കിയിട്ടുണ്ട്.
അതേസമയം, പേവിഷബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ തെരുവുനായകള്‍ക്ക് സെപ്റ്റംബര്‍ 20 മുതല്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന വാക്സിനേഷന് യജ്ഞം നടപ്പാക്കും. തെരുവുകളില്‍നിന്നു നായകളെ മാറ്റുന്നതിനു ഷെല്‍ട്ടറുകള്‍ തുറക്കും. തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തിലാണു തീരുമാനം. തെരുവുനായ ശല്യം പൂര്‍ണമായി ഇല്ലാതാക്കാന്‍ അടിയന്തര, ദീര്‍ഘകാല പരിപാടികള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: