കണ്ണൂര്‍: മംഗളൂരുവിനും തലശ്ശേരിക്കും ഇടയില്‍ ട്രെയിനിന് നേരെ കല്ലെറിയുന്നതും ട്രാക്കില്‍ കല്ലു നിരത്തുന്നതും തുടര്‍ക്കഥയാവുന്നു. അക്രമങ്ങള്‍ ആവര്‍ത്തിക്കുന്നത് മലബാറിലെ പ്രത്യേകിച്ച് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലൂടെ കടന്നു പോകുന്ന യാത്രക്കാരെ ആശങ്കയിലാഴ്ത്തുന്നു. ഒരു മാസത്തിനിടെ അഞ്ചു കേസുകളാണ് റെയില്‍വേ സുരക്ഷാസേന എടുത്തത്. പല സംഭവങ്ങളിലും സ്കൂള്‍ വിദ്യാര്‍ഥികളാണ് നിയമലംഘനം നടത്തിയതെന്നതിനാല്‍ കേസെടുക്കാന്‍ കഴിയാത്ത സ്ഥിതി നിലനില്‍ക്കുന്നുണ്ട്.
ആഗസ്ത് 30ന് ഉള്ളാളിന് സമീപം ട്രെയിനിന് കല്ലേറുണ്ടായ സംഭവത്തിലും സ്കൂള്‍ വിദ്യാര്‍ഥികളായിരുന്നു പിടിയിലായത്. കണ്ണൂര്‍ സൗത്ത്, വളപട്ടണം, തൃക്കരിപ്പൂര്‍, ചന്ദേര,ചേറ്റുകുണ്ട്, ചിത്താരി, കോട്ടിക്കുളം, ഉപ്പള, കുമ്പള, ഉള്ളാള്‍ ഭാഗങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. കഴിഞ്ഞ ജൂലൈ 19ന് വളപട്ടണം റെയില്‍വേ പാലത്തിന് സമീപം ട്രാക്കില്‍ മീറ്ററുകളോളം നീളത്തില്‍ കരിങ്കല്ല് നിരത്തിയിട്ട് ട്രെയിന്‍ അപകടത്തില്‍പ്പെടുത്താന്‍ ശ്രമമുണ്ടായിരുന്നു.
കല്ലേറില്‍ ലോക്കോ പൈലറ്റുമാര്‍ക്കും റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റ സംഭവങ്ങളുമുണ്ട്. ഓഗസ്റ്റ് 20ന് കോട്ടിക്കുളത്ത് ട്രാക്കില്‍ ഇരുമ്പുപാളിവെച്ചനിലയില്‍ കണ്ടെത്തിയിരുന്നു. അന്നു തന്നെ ചിത്താരിയില്‍ ട്രെയിനിന് നേരെ കല്ലേറുമുണ്ടായി. ജൂലൈ 17ന് കുമ്പളയില്‍ ട്രാക്കില്‍ കല്ലു നിരത്തിയ സംഭവവുമുണ്ടായിരുന്നു. ജൂലൈയില്‍ കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് സമീപവും റെയില്‍വേ ട്രാക്കില്‍ കല്ലുകള്‍ വച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവങ്ങളിലെല്ലാം തുടക്കത്തില്‍ അന്വേഷണം ശക്തമായി നടത്താറുണ്ടെങ്കിലും രണ്ടോ മൂന്നോ ദിവസം കഴിയുന്നതോടെ അന്വേഷണങ്ങള്‍ അവസാനിപ്പിക്കുന്ന സ്ഥിതിയാണ്.
2021ല്‍ ഒക്ടോബറില്‍ കണ്ണൂരില്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞ രാജസ്ഥാന് സ്വദേശികളായ മൂന്നുപേരെ റെയില്‍വേ പോലീസ് പിടികൂടിയിരുന്നു. യാര്‍ഡില്‍ ഷണ്ടിങ് നടത്തുന്നതിനിടയിലാണ് ട്രെയിനിന് നേരെ കല്ലെറിഞ്ഞത്. മെയ് 8ന് രാത്രി മംഗളൂരു-ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിനു നേരെ പാലക്കാട് റെയില്‍വേ സ്റ്റേഷനു സമീപമുണ്ടായ കല്ലേറില്‍ യാത്രക്കാരന്റെ കണ്ണിനു താഴെ പരുക്കേറ്റിരുന്നു. ബിഹാര്‍ സ്വദേശിയായ യുവാവ് അന്ന് അറസ്റ്റിലായിരുന്നു. പിന്നാലെ കടന്നുവന്ന കോയമ്പത്തൂര്‍ എക്സ്പ്രസ് ട്രെയിനിനു കല്ലെറിയാനുള്ള ശ്രമത്തിനിടെയായിരുന്നു അറസ്റ്റ്.
പല സന്ദര്‍ഭങ്ങളിലും വിദ്യാര്‍ത്ഥികളും മറ്റും തമാശയ്ക്ക് നടത്തുന്ന കല്ലേറുകളാണെങ്കിലും വളരെ ആസൂത്രിതമായി ട്രെയിന്‍ അട്ടിമറിയടക്കം ലക്ഷ്യംവെച്ചുളള അതിക്രമങ്ങള്‍ ഇത്തരം ചില സംഭവങ്ങള്‍ക്ക് പിന്നിലുണ്ടെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകാത്തതിനാല്‍ ഒട്ടുമിക്ക കേസുകളുടേയും അന്വേഷണം വഴിമുട്ടുന്ന സ്ഥിതിയാണ്. ഇത്തരം തുടര്‍ അക്രമങ്ങള്‍ക്ക് പരിഹാരം കാണാനും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും സാധിച്ചില്ലെങ്കില്‍ അക്രമങ്ങള്‍ തുടര്‍ക്കഥയാവലാവും ഫലമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: