ആലപ്പുഴ: പാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോര്‍ട്ട് കയ്യേറിയ പുറമ്പോക്ക് ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. ഏറ്റെടുക്കല്‍ നടപടികളുടെ ഭാഗമായി ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണ തേജ സ്ഥലത്തെത്തി സര്‍ക്കാര്‍ വക ഭൂമി എന്നെഴുതിയ ബോര്‍ഡ് സ്ഥാപിച്ചു.
തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച റിസോര്‍ട്ട് പൊളിച്ചു മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇവിടെ ആകെയുള്ള 7.0212 ഹെക്ടര്‍ ഭൂമിയില്‍ റിസോര്‍ട്ടിന് പട്ടയമുള്ളതിന്റെ ബാക്കി വരുന്ന രണ്ടു ഹെക്ടറില്‍ അധികം സ്ഥലമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.
കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള ആക്ഷന്‍ പ്ലാന്‍ റിസോര്‍ട്ട് അധികൃതര്‍ രണ്ടു ദിവസത്തിനുള്ളില്‍ പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിക്കും. ഈ പ്ലാന്‍ ജില്ലാ ഭരണകൂടവും പഞ്ചായത്തും പരിശോധിച്ച് അംഗീകരിച്ച ശേഷമായിരിക്കും പൊളിക്കല്‍ നടപടികള്‍ ആരംഭിക്കുക.
ഒരാഴ്ച്ചക്കുള്ളില്‍ പൊളിക്കല്‍ നടപടികള്‍ തുടങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ലാ കളക്ടര്‍ പറഞ്ഞു. പൊളിക്കുന്ന അവശിഷ്ടങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ ആറു മാസത്തിനുള്ളില്‍ നീക്കം ചെയ്യും. നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പ് റിസോര്‍ട്ടിലുള്ള സ്ഥാവര, ജംഗമ വസ്തുക്കളുടെ വിശാദാംശങ്ങള്‍ ഉള്‍പ്പെടുത്തി വീഡിയോ മഹസര്‍ തയ്യാറാക്കുന്നതിന് വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി. പൊളിച്ചു മാറ്റല്‍ നടപടികള്‍ക്കായി താത്കാലികമായോ സ്ഥിരമോ ആയ മറ്റൊരു നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇവിടെ നടത്താന്‍ പാടില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശ സി. ഏബ്രാഹം, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ സോമനാഥ്, ചേര്‍ത്തല തഹസില്‍ദാര്‍ കെ.ആര്. മനോജ്, പാണാവള്ളി വില്ലജ് ഓഫീസര്‍ കെ. ബിന്ദു തുടങ്ങിയവരും കളക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: