ലോകപ്രശസ്ത പുരാവസ്തു ഗവേഷകന് ബി.ബി. ലാല്‍ വിടപറഞ്ഞതോടെ, ചരിത്രവിജ്ഞാനീയ മേഖലയില്‍ ഒരു യുഗപ്രഭാവനെയാണ് ഭാരതത്തിന് നഷ്ടമായിരിക്കുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ഡയറക്ടറായിരുന്ന ലാല്‍ അയോധ്യ ഉള്‍പ്പെടെയുള്ള ചരിത്രപ്രധാനമായ സ്ഥലങ്ങളില്‍ നടത്തിയ ഉല്‍ഖനനങ്ങളിലൂടെയാണ് പ്രശസ്തനായത്. തക്ഷശില, ഹാരപ്പ, ഹസ്തിനപുരം, ഹരിയാനയിലെ രാഖിഗഡ്, പ്രാചീന കലിംഗ രാജ്യത്തിന്റെ തലസ്ഥാനമായ ശിശുപാല്‍ഗഡ്, ദല്‍ഹിയിലെ പുരാണകില, രാജസ്ഥാനിലെ കാളിബംഗന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ലാലിന്റെ നേതൃത്വത്തില്‍ നടത്തിയ ഉല്ഖനനങ്ങള് പുരാവസ്തുശാസ്ത്രത്തിന്റെ മേഖലയില്‍ അളവറ്റ സംഭാവനകള്‍ നല്കി. എഎസ്ഐയുടെ ഏറ്റവും പ്രായംകുറഞ്ഞ ഡയറക്ടര്‍ ജനറലായിരുന്ന ലാല്‍ അയോധ്യയില്‍ നടത്തിയ ഉല്‍ഖനനമാണ് രാഷ്ട്രീയമായ കാരണങ്ങളാല്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചതെങ്കിലും മറ്റിടങ്ങളിലെ ഉല്‍ഖനനങ്ങളും ഗവേഷണങ്ങളും ഭാരതത്തിന്റെ പ്രാചീന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നവയാണ്. ഭാരതീയ പുരാവസ്തു ഗവേഷണത്തിന്റെ തുടക്കക്കാരില്‍ ഒരാളായി കരുതപ്പെടുന്ന മോര്‍ട്ടിമര്‍ വീലറുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ലാല്‍ പക്ഷേ വീലറിന്റെ പല നിഗമനങ്ങളും തള്ളിക്കളഞ്ഞു. ഗവേഷണത്തിലെ സത്യസന്ധതയും വസ്തുതകളോടുള്ള പ്രതിബദ്ധതയും കൊളോണിയല്‍ മുന്‍വിധികളെ നിഷ്കരുണം തള്ളിക്കളയാന്‍ ലാലിനെ പ്രേരിപ്പിച്ചു. തെറ്റാണെന്നു ബോധ്യംവന്ന തന്റെതന്നെ ചില നിലപാടുകള്‍ തള്ളിക്കളയാനും ലാല്‍ മടിച്ചില്ല.
അയോധ്യയില്‍ ബാബറി മസ്ജിദ് നിലനിന്നിടത്ത് ബി.ബി. ലാലിന്റെ നേതൃത്വത്തില്‍ എഎസ്ഐ നടത്തിയ ഉല്‍ഖനനമാണ് ആധുനിക ഭാരതത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ഉജ്വലമായ ഒരു അധ്യായം എഴുതിച്ചേര്‍ത്തത്. മലയാളിയായ കെ.കെ. മുഹമ്മദും മറ്റു മൂന്നുപേരും ഉള്‍പ്പെടുന്ന സംഘം ബാബറി മസ്ജിദിനു കീഴില്‍ ക്ഷേത്രമാണുള്ളതെന്ന് കണ്ടെത്തുകയായിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങള്‍ നിരവധി പഠനങ്ങളുടെ രൂപത്തില്‍ എഎസ്ഐ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചു. ‘രാമ, ഹിസ് ഹിസ്റ്റോറിസിറ്റി, മന്ദിര്‍ ആന്റ് സേതു’ എന്ന പുസ്തകത്തില്‍ തന്റെ കണ്ടെത്തലുകളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുകയും ചെയ്തു. ഈ കണ്ടെത്തലുകള്‍ അലഹബാദ് ഹൈക്കോടതി പിന്നീട് നിയോഗിച്ച സമിതി ശരിവയ്ക്കുകയും, ക്ഷേത്രം തകര്‍ത്ത സ്ഥലത്താണ് ബാബറി മസ്ജിദ് നിലനിന്നതെന്ന് സ്ഥിരീകരിച്ച കോടതി രാമജന്മഭൂമി ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ചരിത്രപ്രസിദ്ധമായ വിധി പ്രഖ്യാപിക്കുകയും ചെയ്തു. ഈ വിധിയെ അംഗീകരിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് അയോധ്യാക്കേസില്‍ അന്തിമവിധി പ്രഖ്യാപിച്ചത്. അയോധ്യ പ്രക്ഷോഭത്തിന്റെ കാലത്തും തര്‍ക്കമന്ദിരം തകര്‍ന്നപ്പോഴും, കോടതിവിധികള്‍ വന്നപ്പോഴും രാമജന്മഭൂമിയെ വിവാദ വിഷയമാക്കിയവര്‍ ലാല്‍ എന്ന മഹാനായ പുരാവസ്തു ഗവേഷകന്റെ കണ്ടെത്തലുകളെ ബോധപൂര്‍വം തമസ്ക്കരിക്കാന്‍ ശ്രമിച്ചു. പക്ഷേ അന്തിമ വിജയം ഇക്കൂട്ടര്ക്കൊപ്പമായിരുന്നില്ല.
രാഷ്ട്രം പത്മഭൂഷണും പത്മവിഭൂഷണും നല്കി ആദരിച്ച ബി.ബി. ലാല്‍ ചരിത്രത്തിന്റെ മേഖലയില്‍ നല്കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. ദേശീയവും അന്തര്‍ദേശീയവുമായ ജേര്‍ണലുകള്‍ പ്രസിദ്ധീകരിച്ച ലാലിന്റെ പഠനങ്ങളുടെ ആധികാരികത ആര്‍ക്കും ചോദ്യം ചെയ്യാനാവാത്തതാണ്. യൂറോസെന്‍ട്രിക് ആയ ചരിത്രരചനയുടെ പരിമിതികളെയാണ് പ്രൊഫ. ലാല്‍ അതിലംഘിച്ചത്. ഭാരതത്തിന്റെ പൗരാണിക ചരിത്രത്തെ ശരിയായി മനസ്സിലാക്കാന്‍ കൊളോണിയല്‍ കാഴ്ചപ്പാടിലൂടെ കഴിയില്ലെന്ന് ലാല്‍ തെളിയിച്ചു. ഭാരതീയമായ സമീപനത്തിലൂടെ അന്വേഷിച്ചും പഠിച്ചും പുതിയ ചരിത്രം രേഖപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് ലാല്‍ അടിവരയിട്ട് കാണിച്ചത്. മുഖ്യധാരയുടെ മുന്‍നിരയില്‍തന്നെയായിരുന്നിട്ടും ലാലിന്റെ സംഭാവനകള്‍ ഇനിയും വേണ്ടപോലെ വിലയിരുത്തപ്പെട്ടിട്ടില്ല. സ്വതന്ത്ര ഭാരതത്തിന്റെ ഭരണം നിയന്ത്രിച്ചവര്‍ സാമ്രാജ്യത്വ മനഃസ്ഥിതിയുടെ തടവുകാരായിരുന്നതാണ് ഇതിനു കാരണം. മാര്‍ക്സിസ്റ്റ് രീതിശാസ്ത്രം പിന്‍പറ്റിയവരും യഥാര്‍ത്ഥത്തില്‍ പ്രചരിപ്പിച്ചതും സാമ്രാജ്യത്വ ചരിത്രനിര്‍മിതിയായിരുന്നു. ദേശീയശക്തികള്‍ അധികാരത്തില്‍ വന്നതോടെയാണ് ഇതിനൊരു മാറ്റം വരാന്‍ തുടങ്ങിയതും, ലാലിനെപ്പോലുള്ളവരെ അംഗീകരിക്കാന്‍ തുടങ്ങിയതും. പുതിയ തലമുറയ്ക്ക് അജ്ഞാതമായി തുടരുമായിരുന്ന ഭാരതത്തിന്റെ യുഗദീര്‍ഘമായ ചരിത്രത്തെയാണ് പ്രൊഫ. ലാല്‍ വീണ്ടെടുത്തത്. മറക്കാനാവാത്തതാണ് ഈ കടപ്പാട്. സത്യാന്വേഷിയും പരിശ്രമശാലിയുമായിരുന്ന ആ മഹാപുരുഷന് ആദരാഞ്ജലികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: