ലണ്ടന്‍: കോവിഡ് രൂക്ഷമായ നാളുകളില്‍ സാമൂഹ്യ അകലം പാലിക്കാതെ പാര്‍ട്ടി നടത്തിയത് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ചെയ്ത വലിയ തെറ്റായിരുന്നു. അഴിമതിക്കാരനായ ഒവെന്‍ പാറ്റേഴ്സണ്‍ എന്ന മന്ത്രിയെ സംരക്ഷിച്ചത് അതിനേക്കാള്‍ വലിയ തെറ്റ്. ഇതിനെ രണ്ടിനെയും തുറന്നെതിര്‍ത്ത് അന്ന് ബോറിസ് ജോണ്സണ് മന്ത്രിസഭയില്‍ നിന്നും ആദ്യമായി രാജിവെച്ചിറങ്ങി തന്റെ ആദര്‍ശധീരത ബ്രിട്ടനിലെ ജനങ്ങളോട് വിളിച്ചുപറയുകയായിരുന്നു ഋഷി സുനക്.
ഇതേ തുടര്‍ന്ന് ബോറിസ് ജോണ്സണ് മന്ത്രിസഭയിലെ മന്ത്രിമാര്‍ രാജി തുടര്‍ന്നതോടെ ഗത്യന്തരമില്ലാതെയാണ് പ്രധാനമന്ത്രിപദം രാജിവെക്കാന്‍ ബോറിസ് ജോണ്സണ് തീരുമാനിച്ചത്. പക്ഷെ അന്ന് ബോറിസ് ജോണ്സണ് തന്റെ അനുയായികളോട് ഒരു കാര്യം തീര്‍ത്തുപറഞ്ഞു:”ഋഷി സുനക് ഒഴികെ ആരും പ്രധാനമന്ത്രിയായിക്കൊള്ളട്ടെ”. ഇത് ഋഷി സുനകിനെതിരായ താക്കീതായിരുന്നു. ടോറി പാര്‍ട്ടിയില്‍ ബോറിസ് ജോണ്‍സനെ പിന്തുണയ്ക്കുന്നവരോട് ഋഷി സുനകിനെ തള്ളിക്കളയാനുള്ള ആഹ്വാനം. ഇതിനൊപ്പം തവിട്ടുതൊലിയുള്ളവരോട് ബ്രിട്ടീഷുകാര്‍ക്കുള്ള വംശീയവിവേചനവും കൂടിയായതോടെ ഋഷി സുനകിന്റെ രാഷ്ട്രീയ ഭാവി ചവറ്റുകൊട്ടതന്നെയെന്ന് ഏതാണ്ട് തീരുമാനിക്കപ്പെട്ടിരിക്കുന്നു.
എന്തായാലും മൃഗീയ ഭൂരിപക്ഷത്തിനൊന്നുമല്ല ഋഷി സുനക് തോറ്റത് വെറും 20927 വോട്ടുകള്‍ക്കാണ്. പക്ഷെ തോല്‍വി തോല്‍വി തന്നെ. ലിസ് ട്രസ് എന്ന ബോറിസ് ജോണ്‍സന്റെ അനുയായി പുതിയ പ്രധാനമന്ത്രിയായതിന് ശേഷം രൂപീകരിച്ച മന്ത്രിസഭയില്‍ ഋഷി സുനകിന് സ്ഥാനമില്ല. അന്ന് ഋഷി സുനകിനെ പിന്തുണച്ച് രാവിവെച്ച അന്നത്തെ ആരോഗ്യമന്ത്രിയായ സാജിദ് ജാവേദിനും പുതിയ മന്ത്രിസഭയില്‍ സ്ഥാനം നല്‍കിയിട്ടില്ല. അതുപോലെ ഋഷി സുനകിനെ പിന്തുണച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഡൊമിനിക് റാബ്, ഗ്രാന്റ് ഷാപ്സ്, സ്റ്റീവ് ബര്ക്ലേ എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കും മന്ത്രിസ്ഥാനം നഷ്ടമായി. എന്തായാലും ഇതോടെ ഋഷി സുനകിന്റെ രാഷ്ട്രീയ മുന്നേറ്റം ഏതാണ്ട് അവസാനിച്ചിരിക്കുന്നു. ബ്രിട്ടീഷുകാര്‍ക്കിടയില്‍ മതിപ്പുളവാക്കി, ചാന്‍സലര്‍ (ധനകാര്യമന്ത്രി) പദവി വരെ ഉയര്‍ന്നതിന് ശേഷമാണ് ഋഷി സുനകിന്റെ രാഷ്ട്രീയ ഗ്രാഫ് പൂജ്യത്തിലേക്ക് തലകുത്തി വീണത്. ഇനി ഈ ആഘാതത്തില്‍ നിന്നും ഉണര്‍ന്നെണീക്കാന്‍ സമയമെടുക്കും. ഇന്‍ഫോസിസ് ചെയര്മാന് നാരായണണൂര്ത്തിയുടെ മകള്‍ അക്ഷതമൂര്ത്തിയെയാണ് ഋഷി സുനക് വിവാഹം ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: