ന്യൂദല്‍ഹി: അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി രാജ്യത്ത് ഇന്ന് ദുഃഖാചരണം. ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടി. പതാക പതിവായി ഉയര്‍ത്തി വയ്‌ക്കുന്ന ചെങ്കോട്ടയിലെയും രാഷ്‌ട്രപതി ഭവനിലെയും പതാകകള്‍ താഴ്‌ത്തി. കൂടാതെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും പതാകകള്‍ താഴ്‌ത്തി കെട്ടി.
മന്ത്രിമാര്‍ ഉള്‍പ്പടെ ഇന്ന് ആരും തന്നെ ആഘോഷ പരിപാടികളില്‍ പങ്കെടുക്കില്ല. ഇന്നു സംസ്ഥാനത്തും ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയപതാക പകുതി താഴ്‌ത്തിക്കെട്ടുന്നതിന് പുറമെ ഔദ്യോഗിക വിനോദ പരിപാടികളൊന്നും ഉണ്ടാകില്ല. ഇതിനുള്ള നടപടി സ്വീകരിക്കുന്നതിന് സംസ്ഥാന പൊതുഭരണ വകുപ്പ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, മുന്‍പ് ആരംഭിച്ചതും നടന്നുകൊണ്ടിരിക്കുന്നതുമായ ഓണാഘോഷ പരിപാടികള്‍ തുടരാനാണ് നിര്‍ദേശം. പുതിയ പരിപാടികള്‍ ഉള്‍പ്പെടുത്താന്‍ പാടില്ല.
അതേസമയം, തൃശ്ശൂരിലെ പുലിക്കളി ഇന്ന് തന്നെ നടക്കും. സെപ്തംബര്‍ എട്ടിനാണ് എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്. സ്കോട്ടലാൻഡിലെ ബാലമൊറാൽ കൊട്ടരത്തിൽ വെച്ചായിരുന്നു അന്ത്യം. പ്രത്യേക വാര്‍ത്താക്കുറിപ്പിലൂടെയാണ് ബക്കിങ്ഹാം കൊട്ടാരം രാജ്ഞിയുടെ മരണവാര്‍ത്ത അറിയിച്ചത്. സംസ്കാരച്ചടങ്ങുകള്‍ 19ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: