ചരട് എന്നാല്‍ സൂത്രം. ഭഗവദ് ഗീതയില്‍ ഒരു ശ്ലോകം അവസാനിക്കുന്നത് ‘സൂത്രേ മണിഗണാഃ ഇവ’ എന്നാണ്. അതായത് മുത്തുമണികള്‍ ചരടില്‍ കോര്‍ത്തിരിക്കുന്നതുപോലെ എന്നര്‍ത്ഥം. അത്രമാത്രമാണ് ചരടിന് പ്രാധാന്യം. വ്യവസ്ഥയും ചിട്ടയുമുണ്ടാക്കാന്‍ അത്തരമൊരു ചരട് അനിവാര്യമാണ്.
രക്ഷാബന്ധനത്തിനെക്കുറിച്ച്, ആ ആഘോഷം വരുന്നകാലത്തെല്ലാം ആവര്‍ത്തിക്കുന്ന കഥയും ചരിത്രവും ശാസ്ത്രവുമുണ്ട്, ഒന്നിപ്പിക്കുന്നതിന്റെ വൃത്താന്തവും ദൃഷ്ടാന്തവും. കര്‍ത്തവ്യബോധമുണ്ടാക്കാനും അവരാല്‍ രക്ഷിക്കപ്പെടേണ്ടവരുണ്ടെന്ന് ഓര്‍മിപ്പിക്കാനും രക്ഷിക്കപ്പെടേണ്ടവര്‍ രക്ഷകരാകേണ്ടവര്‍ക്ക് കൈയില്‍ കെട്ടിക്കൊടുക്കുന്ന നൂലടയാളമെന്നൊക്കെയാണ് വിശേഷണങ്ങള്‍. അത്, പഞ്ഞിയെ സംസ്‌കരിച്ച് നൂലാക്കി, നൂലുകളെ പിണച്ച് ചരടാക്കിയാണ് രക്ഷയാക്കുന്നതെന്നുവരുമ്പോള്‍ ചരടില്‍ ജീവിത തത്ത്വവും ദര്‍ശനവും ശാസ്ത്രവുമൊക്കെ ആവഹിക്കപ്പെടും. അങ്ങനെയാണ് രക്ഷാ ബന്ധന്‍ രക്ഷയാകുന്നത്.
അമ്പതു വര്‍ഷം മുമ്പ് രക്ഷാബന്ധന്‍ ആഘോഷം കേരളത്തിലെങ്കിലും രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ഉത്സവമായാണ് നടന്നിരുന്നത്. അക്കാലത്തും അടുത്തകാലത്തുംവരെ ഈ ചരടിന് ‘തല്ലുകൊള്ളി സൂത്രം’ എന്ന പരിഹാസപ്പേരുമുണ്ടായിരുന്നു. കാരണം, ഈ ആഘോഷവേളയില്‍ കൈയില്‍ കെട്ടുന്ന രാഖി അഴിപ്പിക്കുന്ന കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. അഴിച്ചില്ലെങ്കില്‍ അടിക്കുന്ന കാലമുണ്ടായിരുന്നു. സ്‌കൂളുകളില്‍ അധ്യാപകര്‍ ഈ രാഖി അഴിപ്പിക്കുമായിരുന്നു. അത് വിവാദവും സമരവും അടിപിടിയുംവരെ ആയ കാലമുണ്ടായിരുന്നു. ഇന്ത്യന്‍ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും രാഖി ബന്ധിക്കുന്നത് ചൂണ്ടിക്കാണിച്ചിട്ടും കെട്ടിയ രാഖി പൊട്ടിച്ചുകളഞ്ഞേ ക്ലാസില്‍ കയറ്റൂ എന്നു പറഞ്ഞിരുന്ന അധ്യാപകരുണ്ടായിരുന്നു അന്നൊക്കെ. അവര്‍ക്ക് ശാസ്ത്രവും തത്ത്വശാസ്ത്രവും ചരിത്രവും കഥയുമൊന്നുമറിയാഞ്ഞിട്ടല്ല, അവര്‍ക്ക് ഈ ചരട് ഉണ്ടാക്കിയേക്കാവുന്ന ആത്മബന്ധം ചില താല്‍പര്യക്കാര്‍ക്ക് അപകടകരമാണെന്ന രാഷ്‌ട്രീയ തോന്നല്‍ ഉള്ളതുകൊണ്ടായിരുന്നു.
രാഖിയേയും രക്ഷാബന്ധനേയും അങ്ങനെ ആര്‍എസ്എസ്സിന്റെ ചിഹ്നങ്ങളായി അടയാളപ്പെടുത്തുകയും അത് പലതരത്തിലുള്ള ‘വേട്ടയാടലുകള്‍’ക്ക് വിനിയോഗിക്കുകയുമായിരുന്നു. നെറ്റിയിലെ പൊട്ടും കാവിവസ്ത്രവും കൈയിലെ ചരടും ഹിന്ദുത്വത്തിന്റേതുപോലുമല്ല, ‘ആര്‍എസ്എസ്സത്വ’ത്തിന്റേതാണെന്ന് അവര്‍ മുദ്രകുത്തി. പച്ചനിറം ചിലര്‍ക്ക് പതിച്ചുകൊടുത്തു. ചുവപ്പ് നിറം സ്വന്തമെന്ന് ഏറ്റെടുത്തു. അങ്ങനെ ദേശീയപതാകയിലെ നിറങ്ങള്‍ പോലും അവര്‍ മതരാഷ്‌ട്രീയ അടിസ്ഥാനത്തില്‍ പങ്കുവെച്ചു. ഇതെല്ലാം പലതരത്തിലുള്ള ഒറ്റപ്പെടുത്തലുകള്‍ക്കുള്ള മാര്‍ഗ്ഗങ്ങളായിരുന്നു. പക്ഷേ, കാലം മാറിയപ്പോള്‍ രക്ഷാബന്ധവും രാഖിബന്ധനവും ജനകീയോത്സവങ്ങളായി.
ഈ വര്‍ഷം, ആരെങ്കിലും രാഖികെട്ടിയതിന്റെ പേരില്‍ എവിടെയെങ്കിലും സംഘട്ടനമോ സംഘര്‍ഷമോ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ കണ്ടില്ല. മാത്രമല്ല, ആര്‍എസ്എസ് ശാഖകളില്‍നിന്ന് സമാജത്തിലേക്കിറങ്ങി, സാമൂഹ്യോത്സവമായി മാറിക്കഴിഞ്ഞു രക്ഷാബന്ധനും. രാമായണ മാസാഘോഷം പോലെ, ശ്രീകൃഷ്ണജയന്തിപോലെ രക്ഷാബന്ധനവും. പറഞ്ഞുവന്നത് ചരട് ജനകീയമായി ഉപയോഗത്തിലായതിനെക്കുറിച്ചാണ്.
രക്ഷാബന്ധന്‍ സമൂഹത്തിന്റെ വിശ്വാസ പ്രദര്‍ശനമാകുന്നതുപോലെ വ്യക്തിപരമായ വിശ്വാസങ്ങളുടെ സ്വരൂപമാണ് മത,ആചാര, ആരാധനാ,അനുഷ്ഠാനങ്ങളുടെ അടിസ്ഥാനത്തിലുള്ള ചരടുകെട്ടല്‍. ക്ഷേത്രങ്ങളില്‍ മാത്രമല്ല, മിക്ക മതാരാധനാ കേന്ദ്രങ്ങളിലും ഇത്തരം ചില ചരടുവിശ്വാസങ്ങളുണ്ട്. അവയുടെ ശാസ്ത്രീയതയും മറ്റും മറ്റൊരു ചര്‍ച്ചാവിഷയം. പക്ഷേ, അത് ഏതെങ്കിലും തരത്തില്‍ ആശ്വാസം നല്‍കുന്നെങ്കില്‍ അത് ചെയ്യുന്നവര്‍ക്ക് ഗുണമാണല്ലോ. ‘മരുന്നും മന്ത്രവും’ എന്നാണല്ലോ ആധുനിക ശാസ്ത്രംപോലും രഹസ്യമായെങ്കിലും സമ്മതിക്കുന്നത്. ആധുനിക മനശ്ശാസ്ത്ര ചികിത്സകന്റെ മനസ്സില്‍പോലും ആ ചിന്ത ഉണ്ടെന്നാണല്ലോ, കഥയാണെങ്കിലും, ‘മണിച്ചിത്രത്താഴ് സിനിമയിലൂടെ’ പറഞ്ഞത്. അത് ജനങ്ങള്‍ സ്വീകരിച്ചത്.
ഇനി അതൊന്നുമില്ലെങ്കിലും അത്തരം വിശ്വാസ സങ്കല്‍പ്പങ്ങള്‍ സമൂഹത്തില്‍ നല്‍കുന്ന ആശ്വാസം ചെറുതല്ല. കൈയില്‍ കെട്ടുന്ന പൂജിച്ചചരട്, കഴുത്തിലണിയുന്ന പൂജിച്ചമാല, വിവാഹത്തിന് കെട്ടുന്ന താലി, പരിഷ്‌കാരത്തിന്റെ പേരിലാണെങ്കിലും ചിലര്‍ കാലില്‍ കെട്ടുന്ന ചരട് ഒക്കെയും അവര്‍ക്ക് നല്‍കുന്ന വിശ്വാസസംരക്ഷണവും ആത്മവിശ്വാസവും വലുതാണ്. അവ ഒരു കാരണവശാലും ആക്ഷേപിക്കപ്പെടേണ്ടതല്ല. വിമര്‍ശിക്കുന്നതും ആക്ഷേപിക്കുന്നതും രണ്ടാണല്ലോ.
ചലച്ചിത്രനടന്‍ സുരാജ് വെഞ്ഞാറുമൂട്, ഒരു ടിവി ഷോയില്‍ അവതാരകയോട് കൈയില്‍ കെട്ടിയിരിക്കുന്ന ചരടിനെക്കുറിച്ച് ചോദിക്കുകയും അതിനെ ഇകഴ്‌ത്തുകയും ചെയ്ത സംഭവം, അത് ഏറെക്കാലം മുമ്പ് നടന്നതായിട്ടും, ഇപ്പോള്‍ വിവാദമായത്, സംഭവം ആ ചരടിന്റെ പിന്നിലെ വിശ്വാസത്തെ പരിഹസിക്കുന്നതോ ചോദ്യം ചെയ്യുന്നതോ ആയതുകൊണ്ടാണ്. അത് സുരാജിന്റെ ജാതിയോ മതമോ പരിഗണിച്ചല്ല. വിശ്വാസം കണക്കിലെടുത്താണ്. സുരാജ് അത് ചോദിച്ചത് അവര്‍രണ്ടുപേര്‍മാത്രം അറിയുകയും കേള്‍ക്കുകയുമാണെങ്കില്‍ പ്രശ്‌നമില്ല. മറിച്ച്, ഏറെ ജനപ്രിയനായ ഒരു സെലിബ്രിറ്റി, താരതമ്യേന പ്രസിദ്ധമായ ഒരു ടെലിവിഷന്‍ ചാനലില്‍ നടത്തിയ അഭിപ്രായ പ്രകടനമായപ്പോള്‍ അത് ബഹജനങ്ങളെ സ്വാധീനിക്കുകയോ ബാധിക്കുകയോ ചെയ്യുമെന്നതിനാലാണ് ചര്‍ച്ചയായത്. ഒരുപക്ഷേ സുരാജ്‌പോലും ചിന്തിക്കാത്ത തരത്തിലും തലത്തിലും വളര്‍ന്ന വിവാദമായത് അത്തരം വിമര്‍ശനങ്ങള്‍ ചില കേന്ദ്രങ്ങളില്‍നിന്ന് ബോധപൂര്‍വം നടത്തുന്നതിനാലാണ്. എവിടെയൊക്കെയോ ഇരുന്ന് ആരൊക്കെയോ വലിക്കുന്ന ചരടുകളില്‍ പലരും അറിഞ്ഞോ അറിയാതെയോ പാവകളിക്കപ്പെടുന്നുവെന്നതിനാലാണ്; ചിലരെങ്കിലും ചിലപ്പോഴെങ്കിലും പാവക്കൂത്തുകളില്‍ പെട്ടു പോകുന്നതിനാലാണ്.
സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം ഒരു സിനിമയില്‍ ”എന്റെ ശബരിമല മുരുകാ” എന്ന് വിളിച്ചപ്പോള്‍ വിശ്വാസികള്‍ പ്രതികരിച്ചില്ല, അത് ആസ്വദിച്ചുവെന്നും ഓര്‍മിക്കണം. പ്രസിദ്ധ ക്രിക്കറ്റുതാരം ശ്രീശാന്തിനോട് ഒരിക്കല്‍ ഒരു ടെലിവിഷന്‍ ചാനല്‍ കൈയില്‍ കെട്ടിയിരിക്കുന്ന പലതരം ചരടുകളെക്കുറിച്ച് ചോദിച്ചു. അതിന് കൃത്യമായ മറുപടി കൊടുത്തു ശ്രീശാന്ത്. ചോദ്യം പരിഹാസമായിരുന്നില്ല, അതേസമയം വിമര്‍ശനമെന്ന് തോന്നാവുന്ന സംശയവുമായിരുന്നു. വിശദീകരണം ഏറെ തൃപ്തികരമായിരുന്നു. ബിജെപി നേതാവ് കെ. സുരേന്ദ്രനും ഒരു ടിവി ഷോയില്‍ ഇത്തരമൊരു ചോദ്യത്തിന് സമാധാനപരമായി മറുപടി നല്‍കിയിരുന്നു. പക്ഷേ, അത്തരം ചോദ്യങ്ങള്‍ ചില കാര്യങ്ങളില്‍ സമൂഹമോ സ്ഥാപനമോ കോടതിയോ പോലും ഉയര്‍ത്തുമ്പോള്‍ വിവാദമാകുന്നതാണ് അപകടം. അവിടെ സുരാജിന്റേതുപോലുള്ള അഭിപ്രായ പ്രകടനങ്ങള്‍ വിവാദമാകും. മരംനട്ട് പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം നല്‍കുന്ന വേളയില്‍ നടാനുള്ള മരത്തൈ ”ആലിന്റേതോ” എന്ന ആക്രോശങ്ങള്‍ ഉണ്ടാകുന്നത് വിവാദമാകും. അത് സ്വാഭാവികമാണ്, കാരണം അസ്വാഭാവികമാണ് ആ ചോദ്യങ്ങള്‍.
മതേതര ജനാധിപത്യ ഭരണ സംവിധാനത്തില്‍ മതവും വിശ്വാസവും ചോദ്യം ചെയ്യപ്പെടരുതെന്ന വാദം വിവാദമാകും. ഇത്തരം ആചാരങ്ങളേയും വിശ്വാസങ്ങളേയും ആരുടേതായാലും ആര്‍ക്കും ചോദ്യം ചെയ്യാമെന്നും വിമര്‍ശിക്കാമെന്നും അത് അപരാധമല്ലെന്നും വരുന്ന സാമൂഹ്യക്രമം ഉണ്ടാകുന്നതായിരിക്കും കൂടുതല്‍ നല്ലതെന്ന വാദവും ചിലര്‍ ഉയര്‍ത്തുന്നത്. ആ വഴിക്കുള്ള ചര്‍ച്ചകളും നിലപാടുകളും ഉണ്ടാകാനുള്ള സാധ്യതകളെക്കുറിച്ചാണ് ചര്‍ച്ച ഉയരേണ്ടതെന്ന് തോന്നുന്നു. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ ആധുനിക കാലക്രമത്തില്‍ അത് ഗുണകരമായേക്കാം. പകരം ചിലവ വിമര്‍ശിക്കപ്പെടുകയും ചിലവ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നത് ആശാസ്യമല്ലല്ലോ.
എന്തായാലും ചരടില്ലാത്ത പട്ടങ്ങളായി പറക്കരുത്, ചരടുകള്‍ പൊതു സംവിധാനത്തില്‍ ആവശ്യമാണ്. അത് പക്ഷേ സര്‍വര്‍ക്കും ബാധകമായ ചരടായിരിക്കണം. അതായത്, മണിഗണങ്ങള്‍ എല്ലാം ഒരേ സൂത്രത്തില്‍ ആയിരിക്കണം.
പിന്‍കുറിപ്പ്:
വിമര്‍ശിച്ച് ഒരു വാക്കെങ്കിലുംപറഞ്ഞാല്‍ എതിര്‍പ്പും വെല്ലുവിളികളും ഉയര്‍ന്നിരുന്നകാലം മാറിക്കൊണ്ടിരിക്കുന്നുവെന്നതാണ് നല്ല ലക്ഷണം. മതങ്ങള്‍, അവ ഏതായാലും വിമര്‍ശിക്കപ്പെടാനും വിശ്വസിക്കാനുമുള്ള അവകാശം വ്യക്തിപരമായി ഓരോരുത്തര്‍ക്കും ഉണ്ടാകുമ്പോഴാണ്, മറുപടി പറയാനും വിശദീകരിക്കാനും ഓരോരുത്തര്‍ക്കും അവസരമുണ്ടാകുമ്പോഴാണ്, അതിന്റെ പേരില്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കുമ്പോഴാണ് മതാതീതമായ സാമൂഹ്യ ബോധം രൂപപ്പെടുന്നതും സാമൂഹ്യ സഹിഷ്ണത പുലരുന്നതും. മത വിശ്വാസങ്ങളുടെ കാര്യത്തില്‍ പരസ്യവിമര്‍ശനങ്ങള്‍ ഉണ്ടാകട്ടെ. ചര്‍ച്ചകള്‍ നടക്കട്ടെ. ‘കതിരും പതിരും’ വേര്‍തിരിയട്ടെ. വാദപ്രതിവാദങ്ങളില്‍ പിടിച്ചുനില്‍ക്കാനാവാത്തവ കൊഴിഞ്ഞുപോകട്ടെ. അതിന്റെയര്‍ത്ഥം, അവ അന്തസ്സാര ശുന്യമാണെന്നായിരിക്കണമല്ലോ. അല്ലെങ്കില്‍ത്തന്നെ അകംപൊള്ളയാണെങ്കില്‍ അതിനെങ്ങനെ വിശ്വാസികളുടെ ഹൃദയം നിര്‍ഭരമാക്കാന്‍ പറ്റും
പ്രതികരിക്കാൻ ഇവിടെ എഴുതുക: