ന്യൂദല്‍ഹി: നമ്മുടെ ശാസ്ത്രജ്ഞര്‍ കൈവരിച്ച നേട്ടങ്ങളും കണ്ടുപിടിത്തങ്ങളും നാം ആഘോഷിക്കുക തന്നെ ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘അഹമ്മദാബാദില്‍, കേന്ദ്ര-സംസ്ഥാന ശാസ്ത്ര കോണ്‍ക്ലേവ് വിദൂരദൃശ്യസംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാശ്ചാത്യരാജ്യങ്ങളില്‍ ഐന്സ്റ്റീന്, ഫെര്‍മി, മാക്സ് പ്ലാങ്ക്, നീല്‍സ് ബോര്, ടെസ്ല തുടങ്ങിയ ശാസ്ത്രജ്ഞര്‍ തങ്ങളുടെ പരീക്ഷണങ്ങളിലൂടെ ലോകത്തെ വിസ്മയിപ്പിച്ചു. അതേ കാലത്ത് സി.വി. രാമന്, ജഗദീഷ് ചന്ദ്രബോസ്, സത്യേന്ദ്രനാഥ് ബോസ്, മേഘനാദ് സാഹ, എസ് ചന്ദ്രശേഖര്‍ തുടങ്ങി നിരവധി ശാസ്ത്രജ്ഞര്‍ പുതിയ കണ്ടുപിടിത്തങ്ങള്‍ ലോകത്തിനു മുന്നിലെത്തിച്ചു. എന്നാല്‍ നമ്മുടെ ശാസ്ത്രജ്ഞരുടെ പ്രവര്‍ത്തനത്തിന് അര്‍ഹമായ അംഗീകാരം ലഭിച്ചില്ല. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ ശാസ്ത്രജ്ഞരുടെ നേട്ടങ്ങള്‍ നാം ആഘോഷിക്കുമ്പോള്‍, ശാസ്ത്രം നമ്മുടെ സമൂഹത്തിന്റെ ഭാഗമാകുമ്പോള്‍, അതു നമ്മുടെ സംസ്കാരമാകും.
നമ്മുടെ രാജ്യത്തെ ശാസ്ത്രജ്ഞരുടെ നേട്ടങ്ങള്‍ ആഘോഷിക്കാന്‍ എല്ലാവരോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കൊവിഡ് വാക്സിന് വികസിപ്പിക്കുന്നതിലും ലോകത്തിലെ ഏറ്റവും വലിയ വാക്സിന് ഡ്രൈവിന് സംഭാവന നല്‍കിയതിലും ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ പങ്കിനെ അദ്ദേഹം പ്രശംസിച്ചു.
‘2014 മുതല്‍ ശാസ്ത്ര സാങ്കേതിക മേഖലയിലെ നിക്ഷേപത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായി. സര്‍ക്കാരിന്റെ ശ്രമഫലമായി, ഇന്ന് ഇന്ത്യ ആഗോള നവീകരണ സൂചികയില്‍ (ഇന്നൊവേഷന് ഇന്‍ഡക്സ്) 46-ാം സ്ഥാനത്താണ്. 2015-ല്‍ നാം 81-ാം സ്ഥാനത്തായിരുന്നു’, പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയങ്ങള്‍ എന്നിവ നമ്മുടെ യുവതലമുറയിലുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ യുവതലമുറയെ നാം പിന്തുണയ്ക്കണം. ബഹിരാകാശ ദൗത്യം, ദേശീയ സൂപ്പര്‍കമ്പ്യൂട്ടിംഗ് മിഷന്, സെമികണ്ടക്ടര്‍ ദൗത്യം, മിഷന് ഹൈഡ്രജന്‍, ഡ്രോണ്‍ സാങ്കേതികവിദ്യ എന്നിവയില്‍ നാം കൈവരിച്ച നേട്ടങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്നൊവേഷന് ലാബുകളുടെ എണ്ണം വര്‍ധിപ്പിക്കണം. ശാസ്ത്രം, നവീകരണം, സാങ്കേതികവിദ്യ എന്നിവയുമായി ബന്ധപ്പെട്ട് ആധുനിക നയങ്ങള്‍ രൂപീകരിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിങ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: