കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ കടലില്‍വെച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റത് നാവികസേനയുടെ തോക്കില്‍നിന്നാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ബാലിസ്റ്റിക് പരിശോധനയ്ക്ക് ശേഷം ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകും.
നാവികസേനയുടെ ഷൂട്ടിങ് റേഞ്ചിന് അഭിമുഖമായിട്ടുള്ള സ്ഥലത്തുവെച്ചാണ് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്നാണ് പരിശീലനത്തിന് ഉപയോഗിച്ച അഞ്ച് തോക്കുകളും ഹാജരാക്കാന്‍ നിര്‍ദേശം നല്കി. തിങ്കളാഴ്ചയ്ക്കുള്ളില്‍ തോക്കുകള്‍ ഹാജരാക്കണമെന്നാണ് പോലീസിന്റെ നിര്‍ദേശം. തുടര്‍ന്ന് ഈ തോക്കുകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ അയച്ച് ടെസ്റ്റ് ഫയറിങ് നടത്തുമെന്നും പോലീസ് വ്യക്തമാക്കി.
മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ ദിവസം ഐഎന്‍എസ് ദ്രോണാചാര്യയില്‍ വെടിവെപ്പ് പരിശീലനം നടന്നിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. ഒരേസമയം, അഞ്ച് തോക്കുകള്‍ ഉപയോഗിച്ചാണ് പരിശീലനം നടന്നിരുന്നത്. ഇതോടെയാണ് ഐഎന്‍എസ് ദ്രോണാചാര്യയിലെ ഷൂട്ടിങ് റേഞ്ചില്‍ ബാലിസ്റ്റിക് വിദഗ്ധരുടെ സഹായത്തോടെ വീണ്ടും പരിശോധന നടത്തിയത്. കടലിലും പോലീസ് സംഘം പരിശോധന നടത്തി
മീന്‍പിടുത്തം കഴിഞ്ഞ്മടങ്ങിയ മത്സ്യത്തൊഴിലാളിക്കാണ് ഉച്ചയ്ക്ക് 12 മണിയോടെ കടലില്‍വെച്ച് വെടിയേറ്റത്. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് പരിക്കേറ്റത്. നേവിയാണ് വെടിവെച്ചതെന്ന ആരോപണവുമായി മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം നേവി നിഷേധിച്ചതോടെ ബാലിസ്റ്റിക് വിദഗ്ധരുടെ സഹായത്തോടെ തീരദേശ പോലീസ് അന്വേഷണം തുടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: