തൃശൂര്‍: നഗരം കീഴടക്കാന്‍ നാളെ പുലിപ്പടയെത്തും. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടര്‍ന്ന് ഞായറാഴ്ച രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ ദുഖാചരണം പ്രഖ്യാപിച്ചത് മൂലം പുലികളി മാറ്റിവെക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ദുഖാചരണത്തിന്റെ സാഹചര്യത്തില്‍ ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കി മുന്‍നിശ്ചയിച്ച പ്രകാരം നാളെ തന്നെ പുലികളി നടത്തുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. കലാപരിപാടികള്‍ക്കും മാറ്റമുണ്ടാകില്ല.
വിയ്യൂര്‍, അയ്യന്തോള്‍, പൂങ്കുന്നം, കാനാട്ടുകര, ശക്തന് നഗര്‍ എന്നീ അഞ്ച് സംഘങ്ങളാണ് ഇക്കുറി പുലക്കളിയുമായി എത്തുക. കാഴ്ചക്കാരില്‍ കൗതുകം നിറച്ച് ബാനര്‍ജി ക്ലബ്ബില്‍ പുലിക്കളി ചമയപ്രദര്‍ശനം തുടരുകയാണ്. നാലരയോടെ സ്വരാജ് റൗണ്ടിലെ ബിനിജംഗ്ഷനില് വിയ്യൂര്‍ സംഘം പ്രവേശിക്കുന്നതോടെ നഗരം പുലിക്കൊട്ടിന്‍രെ താളത്തിലമരും. കോര്പ്പറേഷന് എല്ലാ സംഘങ്ങള്‍ക്കും രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കുന്നുണ്ട്. റവന്യൂ മന്ത്രി കെ.രാജനും ദേവസ്വംമന്ത്രി കെ.രാധാകൃഷ്ണനും ചേര്‍ന്ന് പുലിക്കളി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
പുലിക്കളിയെ ജനകീയമാക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച മന്ത്രി കെ രാജന് പറഞ്ഞു. ഇതിന് വേണ്ടിയുള്ള നടപടികള്‍ ആലോചിച്ച് സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അടുത്ത വര്‍ഷം കൂടുതല്‍ ടീമുകളെ ഉള്‍ക്കൊളളിക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കും. പുതിയ തലമുറയ്ക്ക് പുലിക്കളി ആകര്‍ഷകമാക്കുന്നതിനുള്ള പരിപാടി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് ഇടവേളയ്ക്ക് ശേഷം എത്തിയ ഓണത്തെ വിപുലമായാണ് ജനങ്ങള്‍ ആഘോഷിക്കുന്നതെന്ന് ദേവസ്വംമന്ത്രി കെ രാധാകൃഷ്ണന് പറഞ്ഞു.
വിവിധ ദേശങ്ങള്‍ ഒരുക്കിയ പുലി വേഷങ്ങള്‍ ആസ്വദിച്ച മന്ത്രി കെ.രാധാകൃഷ്ണന് ചെണ്ടയില്‍ താളമിട്ട് ആഘോഷങ്ങള്‍ക്ക് ആവേശം പകര്‍ന്നു. പുലിമുഖങ്ങള്‍, തോരണങ്ങള്‍, അരമണികള്‍, കാല്ചിലമ്പുകള് തുടങ്ങി പുലിക്കളിയെ മനോഹരമാക്കുന്ന ചമയങ്ങളെല്ലാം പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. ബാനര്‍ജി ക്ലബ്ബില്‍ തുടങ്ങിയ ചമയ പ്രദര്‍ശനം ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: