Categories: India

അനധികൃത ലോൺ ആപ്പുകൾക്ക് പൂട്ട് വീഴുന്നു; അംഗീകൃത ആപ്പുകളുടെ പട്ടിക തയാറാക്കാൻ നിർദേശം നൽകി കേന്ദ്രസര്‍ക്കാര്‍

Published by

ന്യൂദൽഹി: നിയമപരമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകളുടെ പട്ടിക തയ്യാറാക്കാന്‍ റിസര്‍വ് ബാങ്കിന് നിർദ്ദേശം നൽകി കേന്ദ്രസര്‍ക്കാര്‍. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകളുടെ ഇരകളാവുന്നവരുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. ധനമന്ത്രി  നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ലോണ്‍ആപ്പുകളുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.

നിയമവിരുദ്ധമായി ലോണ്‍ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നതില്‍ ധനമന്ത്രി ആശങ്ക രേഖപ്പെടുത്തി. കള്ളപ്പണം വെളുപ്പില്‍, നികുതി വെട്ടിപ്പ് തുടങ്ങി നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ മറവില്‍ നടക്കാനുള്ള സാധ്യതയുണ്ടെന്നും ധനമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വൈറ്റ് ലിസ്റ്റ് എന്ന പേരില്‍ പട്ടിക തയ്യാറാക്കുന്ന മുറയ്‌ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും പരിശോധിച്ച്‌ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകളെ നിരോധിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.  

ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകള്‍ ലഭ്യമല്ല എന്ന് കേന്ദ്ര ഐടിമന്ത്രാലയം ഉറപ്പാക്കാനും ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ക്രെഡിറ്റ് സ്‌കോര്‍ ഉള്‍പ്പെടെ വായ്പ നല്‍കുന്നതിനുള്ള വിവിധ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വ്യാജ ലോണ്‍ ആപ്പുകള്‍ ലോണ്‍ അനുവദിക്കുന്നത്. വായ്പ തിരിച്ചുപിടിക്കുന്നതിന് നിയമവിരുദ്ധ മാര്‍ഗങ്ങളാണ് ഇവര്‍ സ്വീകരിക്കുന്നത്.  

ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെ ഉപഭോക്താവിനെ ഉപദ്രവിക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് ഇവര്‍ നടത്തി വരുന്നത്. ഇതുസംബന്ധിച്ച്‌ പരാതികള്‍ ഉയര്‍ന്ന ഘട്ടത്തില്‍ പ്ലേ സ്റ്റോറില്‍ നിന്ന് 2000 വ്യാജ ആപ്പുകളെ ഗൂഗിള്‍ നിരോധിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക