തിരുവനന്തപുരം: ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കുന്ന റോക്കറ്റുകള്‍ പുനരുപയോഗത്തിനായി തിരിച്ചിറക്കുന്ന സാങ്കേതികവിദ്യ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ച ഇന്‍ഫ്ലേറ്റബിള്‍ എയ്റോഡൈനമിക് ഡിസലറേറ്റര്‍ (ഐഎഡി) ഉപയോഗിച്ചാണു റോക്കറ്റ് പുനരുപയോഗ സാങ്കേതികവിദ്യ രാജ്യം പരീക്ഷിച്ചത്. അമേരിക്കയ്ക്കും റഷ്യക്കും ശേഷം ഈ നേട്ടം കൈവരിച്ച മൂന്നാമത്തെ രാജ്യമായി ഇന്ത്യ.
രോഹിണി 300 സൗണ്ടിങ് റോക്കറ്റ് ഉപയോഗിച്ചു തുമ്പയിലായിരുന്നു പരീക്ഷണം. 84 കിലോമീറ്റര്‍ ഉയരത്തിലെത്തിയ റോക്കറ്റിനെ കടലില്‍ തിരിച്ചിറക്കിയതായി ഐഎസ്ആര്‍ഒ ചെയര്മാന് എസ്. സോമനാഥ് അറിയിച്ചു. റോക്കറ്റിനുള്ളില്‍ സൂക്ഷിച്ച ഐഎഡി 84 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിയപ്പോള്‍ നൈട്രജന്‍ വാതകം ഉപയോഗിച്ചു വിടര്‍ത്തുകയായിരുന്നു. പിന്നീട് പാരചൂട്ട് മാതൃകയില്‍ റോക്കറ്റിനെ അന്തരീക്ഷത്തിലൂടെ താഴേക്ക് എത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റോക്കറ്റിന്റെ പുനരുപയോഗിക്കാവുന്ന ഘടകങ്ങള്‍ ചെലവു കുറഞ്ഞ രീതിയില്‍ വീണ്ടെടുക്കുന്ന സാങ്കേതികവിദ്യയാണ് ഇന്ത്യ സ്വന്തമാക്കിയത്. വിഎസ്എസ്സി ഡയറക്ടര്‍ ഡോ. എസ്. ഉണ്ണികൃഷ്ണന് നായര്‍, എല്പിഎസ്സി ഡയറക്ടര്‍ ഡോ. വി. നാരായണന് തുടങ്ങിയവരും വിക്ഷേപണത്തിന് സാക്ഷികളായി. ഐഎഡി വികസിപ്പിക്കുന്നതിനുള്ള ന്യൂമാറ്റിക് സംവിധാനം വലിയാമല എല്പിഎസ്സി (ലിക്വിഡ് പ്രൊപല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍)യാണ് തയ്യാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: