ന്യൂദല്‍ഹി: ടാറ്റ സണ്‍സ് മുന്‍ ചെയര്മാന് സൈറസ് മിസ്ത്രിയുടെ മരണത്തിന് കാരണം അപകടകരമായ രീതിയില്‍ നിര്‍മ്മിച്ച പാലമെന്ന് ഫോറന്‍സിക് വിദഗ്ധര്‍. സൈറസ് മിസ്ത്രിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ഏഴംഗ ഫൊറന്‍സിക് ടീമാണ് ഈ നിഗമനത്തില്‍ എത്തിയത്.
അപകട സമയം കാറിന്റെ സുരക്ഷാ സംവിധാനങ്ങള്‍ എല്ലാം കൃത്യമായി പ്രവര്‍ത്തിച്ചിരുന്നു. പക്ഷേ അപകടത്തില്‍ മരിച്ച രണ്ടുപേരും സീറ്റ്ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. പാലം നിര്‍മ്മിച്ചിരിക്കുന്നത് അപകടകരമായ രീതിയിലാണെന്നും കണ്ടെത്തിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘പാലത്തിന്റെ ഡിസൈന്‍ തെറ്റായ രീതിയിലാണ്. പാലത്തിന്റെ പാരപെറ്റ് മതില് ഷോള്‍ഡര്‍ ലെയിനിലേക്ക് നീണ്ടുകിടക്കുന്നു. അപകടത്തിന് മീറ്ററുകള്‍ക്ക് മുമ്പ് മൂന്ന് വരി പാത രണ്ടായി ചുരുങ്ങുന്നതായും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു’.
എന്നാല്‍ അമിതവേഗവും മറ്റൊരു വാഹനത്തെ മറികടക്കുമ്പോള്‍ കണക്കുകൂട്ടല്‍ തെറ്റിയതുമാണ് അപകടത്തിന് കാരണമായതെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ചരോട്ടി ചെക്ക് പോസ്റ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഒമ്പത് മിനിറ്റില്‍ കാര്‍ 20 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചതെന്നും കണ്ടെത്തി. അപകടത്തില്‍ മരിച്ച രണ്ടു പേരും സീറ്റ് ബെല്‍റ്റുകള്‍ ധരിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
അതേസമയം അപകടവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ വേണ്ടി മെഴ്സിഡസ് ബെന്‍സ് ജി.എല്‍.സി. വാഹനത്തിന്റെ ചിപ്പ് ജര്‍മ്മനിയിലേക്ക് അയക്കും. അന്വേഷണത്തിനാവശ്യമായ എല്ലാ വിവരങ്ങളും ഈ ചിപ്പില്‍ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: