ന്യൂദല്‍ഹി : സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്സ് ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസറായുള്ള ദളിത് ചിന്തക രേഖാരാജിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതിയില്‍. വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എംജി സര്‍വകലാശാലയും രേഖാരാജുമാണ് സുപ്രീംകോടതിയെ സമീപിച്ചിക്കുന്നത്.
രേഖ രാജിന്റെ നിയമനത്തിനെതിരെ റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള നിഷ വേലപ്പന് നായരാണ് ഹൈക്കോടതിയെ സമീപിച്ചത്. പിഎച്ച്ഡിയുടെ മാര്‍ക്ക് തനിക്ക് നല്‍കിയില്ലെന്നും, റിസര്‍ച്ച് പേപ്പറുകള്‍ക്ക് അര്‍ഹതയുള്ളതിലധികം മാര്‍ക്ക് രേഖ രാജിന് നല്‍കിയെന്നും ആരോപിച്ചാണ ഹര്‍ജി നല്‍കിയിരുന്നത്. തുടര്‍ന്ന് ഹൈക്കോടതി നിയമനം റദ്ദാക്കി. ഇതിനെതിരെയാണ് രേഖരാജും സര്‍വ്വകലാശാലയും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
നിയമന വേളയില്‍ പിഎച്ച്ഡിക്ക് ലഭിക്കേണ്ട ആറുമാര്‍ക്ക് സെലക്ഷന് കമ്മിറ്റി നിഷ വേലപ്പന് നായര്‍ക്ക് കണക്കാക്കിയിരുന്നില്ല. റിസര്‍ച്ച് പേപ്പറുകള്‍ക്ക് എട്ട് മാര്‍ക്കാണ് രേഖാ രാജിന് നല്‍കിയത്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച കോടതി മൂന്നു മാര്‍ക്കിന് മാത്രമേ രേഖ രാജിന് യോഗ്യത ഉള്ളുവെന്ന് കണ്ടെത്തി. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാര്‍, സി.എസ്. സുധ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ നടപടി. രേഖാ രാജിന് പകരം നിഷ വേലപ്പന് നായരെ നിയമിക്കാനും കോടതി ഉത്തരവിട്ടു.
അതേസമയം സര്‍വകലാശാല ഈ ഉത്തരവ് ഇതുവരെ നടപ്പാക്കാത്തതിനെ തുടര്‍ന്ന് ഇതിനെതിരെ നിഷ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജിയും നല്‍കിയിട്ടുണ്ട്. ഇത് ഓണാവധിക്ക് ശേഷം പരിഗണിക്കാനിരിക്കേയാണ് സര്‍വകലാശാല സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: