തിരുവല്ല: സംസ്ഥാനത്ത് ഭീതി പരത്തുന്ന മുഴുവന്‍ തെരുവ് നായകളെയും വന്ധ്യംകരിക്കാന്‍ മൂന്ന് വര്‍ഷമെടുത്തേക്കും. മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഏകദേശം മൂന്ന് ലക്ഷം തെരുവ് നായകളുണ്ട്. ഇവയുടെ വന്ധ്യംകരണത്തിന് 152 കേന്ദ്രങ്ങളാണ് വേണ്ടത്. നിലവില്‍ 30 വന്ധ്യംകരണ കേന്ദ്രങ്ങള്‍ മാത്രമാണ് സംസ്ഥാനത്തുള്ളത്. പുതിയ കേന്ദ്രങ്ങള്‍ തുടങ്ങിയാല്‍ മാത്രമെ നായ്ക്കളുടെ വന്ധ്യംകരണം ആരംഭിക്കാന്‍ കഴിയൂ.
പരിശോധനയ്ക്ക് വിധേയമാക്കുന്ന നായകളില്‍ 52 ശതമാനത്തിനും പേ വിഷ ബാധയുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ വന്ധ്യംകരിച്ച് തെരുവ് നായകളുടെ എണ്ണം കുറയ്ക്കുക സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം വലിയ വെല്ലുവിളിയാണ്. 2030 ആവുന്നതോടെ പേ വിഷബാധ നിര്‍മാര്‍ജ്ജനം ചെയ്യുകയാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ലക്ഷ്യം. പുതുക്കിയ ആനിമല്‍ ബര്‍ത്ത് കണ്ട്രോള്(എബിസി) കര്‍മ്മപദ്ധതി പ്രകാരം വന്ധ്യംകരണത്തിന് ഓരോ പ്രദേശത്തെയും നായ്ക്കളുടെ എണ്ണമനുസരിച്ച് രണ്ട് ബ്ലോക്കുകള്‍ക്ക് ഒരെണ്ണം എന്ന നിലയില്‍ ഓപ്പറേഷന് തീയേറ്റര്‍, നായ്ക്കളെ താമസിപ്പിക്കാനുള്ള ഷെല്‍ട്ടര്‍ മറ്റു സൗകര്യങ്ങള്‍ ഒരുക്കണം.
ഇത്തരത്തില്‍ ഒരു കേന്ദ്രം തുടങ്ങണമെങ്കില്‍ കുറഞ്ഞത് 20 ലക്ഷം രൂപയെങ്കിലും വേണം. ഈ കെട്ടിടത്തില്‍ ഓപ്പറേഷന് തീയേറ്റര്‍ കൂടാതെ ചികിത്സാ യൂണിറ്റ്, സ്റ്റോര്‍, സിസി ടിവി, എയര്‍ കണ്ടീഷണര്‍, കിച്ചണ്‍ എന്നിവയടക്കമുള്ള സൗകര്യമൊരുക്കണം. ഇതിന് ആവശ്യമായി വരുന്ന തുക തദ്ദേശ സ്ഥാപനങ്ങള്‍ ജില്ലാപഞ്ചായത്തിന് നല്‍കണം. എന്നാല്‍ വാര്‍ഷിക പദ്ധതി രൂപീകരണം പൂര്‍ത്തിയായ സാഹചര്യത്തില്‍ പണം കണ്ടെത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രയാസമാണ്.
അതേ സമയം കര്‍മ്മപദ്ധതി സംബന്ധിച്ച് ഉത്തരവിറക്കിയെങ്കിലും അതുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. വകുപ്പുകളുടെ ഏകോപനമില്ലാത്തതും നിയമകുരുക്കുമാണ് കാരണം. ആരോഗ്യ, തദ്ദേശ സ്ഥാപന, മൃഗസംരക്ഷണവകുപ്പ് മന്ത്രിമാരുടെ സംയുക്ത യോഗത്തിലാണ് കര്‍മ്മപദ്ധതിക്ക് രൂപം നല്‍കിയത്. രണ്ടാഴ്ച മുമ്പ് ഉത്തരവിറങ്ങിയെങ്കിലും മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടില്ല. ഇതിന് പ്രധാന കാരണം ഡോഗ് ക്യാച്ചേഴ്സിന്റെ അഭാവവും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ടില്ലാത്തതുമാണ്. ഡോഗ് ക്യാച്ചേഴ്സിന് ആദ്യം 200 രൂപയാണ് പ്രതിഫലം നിശ്ചയിച്ചത്. ഇത് 300 രൂപയായി ഉയര്‍ത്തിയിട്ടും ആളെ കിട്ടുന്നില്ലെന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര് പറയുന്നത്.
പദ്ധതി തദ്ദേശ സ്ഥാപനങ്ങളെ കെട്ടിയേല്പ്പിച്ച് സര്‍ക്കാര്‍ കൈകഴുകയെന്നും വിമര്‍ശനമുണ്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം തെരുവ് നായകളെ വന്ധ്യംകരിക്കണമെങ്കില്‍ സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്കായി കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: