തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്മാര്‍ട്ട് ട്രാവല്‍ കാര്‍ഡ് പദ്ധതിക്ക് ഈ മാസം 29ന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന് കാര്‍ഡ് പുറത്തിറക്കും. ആര്‍എഫ്ഐഡി സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ സുരക്ഷാ സംവിധാനങ്ങളോട് കൂടിയ ട്രാവല്‍ കാര്‍ഡാണ് പുറത്തിറക്കുന്നത്. ഇത് വഴി മുന്‍കൂറായി പണം റീ ചാര്‍ജ് ചെയ്ത് യാത്ര ചെയ്യാം.
പണം ചാര്‍ജ് ചെയ്യുന്നതിന് ആനുപാതികമായ ഓഫറുകളും ലഭിക്കും. ഇടിഎം ഉപയോഗിച്ച് കാര്‍ഡുകളിലെ ബാലന്‍സ് പരിശോധിക്കാം. കണ്ടക്ടര്‍മാര്‍, കെഎസ്ആര്‍ടിസി ഡിപ്പോകള്‍, മറ്റ് അംഗീകൃത ഏജന്റുമാര്‍ എന്നിവര്‍ വഴി കാര്‍ഡുകള്‍ ലഭിക്കും. പ്രാരംഭ ഓഫറായി 100 രൂപയ്ക്ക് സ്മാര്‍ട്ട് ട്രാവല്‍ കാര്‍ഡ് വാങ്ങുമ്പോള്‍ 150 രൂപയുടെ മൂല്യം ലഭിക്കും. അത് പൂര്‍ണ്ണമായി ഉപയോഗിക്കാം.
250 രൂപയില്‍ കൂടുതല്‍ തുകയ്ക്ക് ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 10 ശതമാനം അധിക മൂല്യം ലഭിക്കും. അടുത്ത ഘട്ടത്തില്‍ കാര്‍ഡ് വിതരണത്തിനുള്ള ഏജന്റുമാരെ കെഎസ്ആര്‍ടിസി കണ്ടെത്തും. ഇതിനായി ലോട്ടറി ഏജന്റുമാര്‍, ഡയറക്ട് സെല്ലിങ് ഏജന്റുമാര്‍ എന്നിവര്‍ക്ക് ഏജന്‍സി നല്‍കും. ഇത് വഴി കൂടുതല്‍ പേര്‍ക്ക് കാര്‍ഡ് എത്തിക്കുകയാണ് ലക്ഷ്യം. നിശ്ചിത തുക ഡിപ്പോസിറ്റായി നല്കി ഡയറക്ട് സെല്ലിങ് ഏജന്റുമാര്‍ക്ക് ഏജന്‍സികള്‍ എടുക്കാനും കഴിയും.
ആദ്യഘട്ടത്തില്‍ സിറ്റി സര്‍ക്കുലര്‍ ബസുകളിലാകും സ്മാര്‍ട്ട് ട്രാവല്‍ കാര്‍ഡ് നടപ്പാക്കുക. അതിന് ശേഷം സിറ്റി ഷട്ടില്‍, സിറ്റി റേഡിയല്‍ സര്‍വീസുകളിലും തുടര്‍ന്ന് സംസ്ഥാന വ്യാപകമായി എല്ലാ ബസുകളിലും കാര്‍ഡുകള്‍ ലഭ്യമാക്കും. പരമാവധി 2000 രൂപ വരെയാണ് ഒരു സമയം റീ ചാര്‍ജ് ചെയ്യാന്‍ കഴിയുക. കൂടാതെ കാര്‍ഡുകള്‍ ബന്ധുക്കള്‍ക്കോ, സുഹൃത്തുക്കള്‍ക്കോ കൈമാറി യാത്രയ്ക്ക് വേണ്ടിയുള്ള ടിക്കറ്റുകള്‍ എടുക്കാനാകും. കാര്‍ഡിലെ തുകയ്ക്ക് ഒരു വര്‍ഷം വാലിഡിറ്റിയും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: