തിരുവനന്തപുരം: ലൈഫിന്റെയും സേഫിന്റെയും പേരില്‍ കേരള സര്‍ക്കാര്‍ കേരളത്തിലെ പട്ടികജാതിക്കാരെ വഞ്ചിക്കുകയാണെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്. പട്ടികജാതി കുടുംബങ്ങളുടെ വീട് നവീകരണത്തിനുള്ള സെകൂര്‍ ഫെസിലിറ്റി എന്‍ഹാന്‍സ് പദ്ധതി ഉടന്‍ തുടങ്ങുമെന്ന പട്ടികജാതി മന്ത്രിയുടെ ഫേസ്ബുക്ക് പേജിലൂടെയുള്ള പ്രഖ്യാപനം മറ്റൊരു തട്ടിപ്പാണ്.
നേരത്തെ പട്ടികജാതി വിഭാഗങ്ങളുടെ ഭവന നവീകരണത്തിന് ഒന്നര ലക്ഷം നല്‍കിയത് 50,000 മായി വെട്ടിച്ചുരുക്കിയ സര്‍ക്കാരാണ് സേഫ് പദ്ധതിയിലൂടെ രണ്ടര ലക്ഷം നല്‍കുമെന്ന് പറയുന്നത്. പിണറായി സര്‍ക്കാര്‍ ആരംഭിച്ച ലൈഫ് ഭവന പദ്ധതിയിലൂടെയുള്ള വീട് പട്ടികജാതിക്കാര്‍ക്ക് ലഭിച്ചിട്ടില്ല. നേരത്തെ പട്ടികജാതിക്കാര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ മൂന്നു വീട് ലഭിച്ചിരുന്നു. ഇപ്പോള്‍ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഒരെണ്ണം പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്, ഷാജുമോന്‍ പറഞ്ഞു.
പട്ടികജാതി ഭവന നിര്‍മാണ പദ്ധതി ലൈഫില്‍ നിന്നും എടുത്തു മാറ്റി പട്ടികജാതി വികസന വകുപ്പിനെ ഏല്പിക്കും എന്ന് വകുപ്പ് മന്ത്രി നിയമസഭയില്‍ നല്കിയ ഉറപ്പ് ജലരേഖയായി മാറി. കഴിഞ്ഞ അഞ്ച് വര്‍ഷമായി പട്ടികജാതി ഭവന നവീകരണ പദ്ധതി കൃത്യമായി നടപ്പിലാക്കാത്ത സര്‍ക്കാര്‍ നടപടി കടുത്ത വഞ്ചനയാണ്. പട്ടിക വിഭാഗക്കാര്‍ക്കുള്ള ഭവന നിര്‍മാണ പദ്ധതി ലൈഫില്‍ നിന്നും എടുത്തു മാറ്റി പട്ടികജാതി വികസന വകുപ്പിനെ ഏല്‍പ്പിക്കാനും നിര്‍മാണ സാമഗ്രികളുടെ വില അനുദിനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ പട്ടികജാതി ഭവന നിര്‍മാണത്തിനുള്ള ധനസഹായം നാല് ലക്ഷത്തില്‍ നിന്ന് പത്തു ലക്ഷമായി ഉയര്‍ത്താനും സര്‍ക്കാര്‍ തയ്യാറാകണം.
എല്ലാവര്ക്കും വീട്. ശൗചാലയം എന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ കേരളത്തിലെ പട്ടികജാതിക്കാര്‍ക്ക് അതു ലഭിക്കാതെ പോയതിനു കാരണം സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി അട്ടിമറിച്ചതാണ്. കേരളത്തിലെ പട്ടികജാതിക്കാരുടെ ദയനീയാവസ്ഥക്ക് ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ ആണ്. കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് നല്കിയ വീടുകളുടെ എണ്ണത്തെക്കുറിച്ചും നവീകരണം നടത്തിയ വീടുകളുടെ എണ്ണത്തെ കുറിച്ചുമുള്ള കണക്കുകള്‍ പുറത്തു വിടാന്‍ പട്ടികജാതി വകുപ്പ് മന്ത്രി തയ്യാറാകണമെന്നും ഷാജുമോന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: