ഡോ. വി. ആതിര
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ നമ്മുടെ ഭാരതം ലോകത്തിന്റെ നെറുകയില്‍ സ്വന്തം സ്ഥാനം നേടിയിരിക്കുന്നു. രാജ്യം പുരോഗതി കൈവരിക്കുന്നതിനനുസരിച്ച് സ്ത്രീകളുടെ ജീവിതത്തിലും കാര്യമായ പുരോഗതി ഉണ്ടായിരിക്കുന്നു. സ്ത്രീകള്‍ ഒരുപാട് അവകാശങ്ങള്‍ നേടിയിരിക്കുന്നു. ഒരുപാട് ബന്ധനങ്ങള്‍ പൊട്ടിച്ചെറിഞ്ഞിരിക്കുന്നു.
സ്ത്രീകളുടെ തുല്യതയെ സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്ഥിര വരുമാനക്കാര്‍ക്കും സാമ്പത്തിക സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടെങ്കിലും നാം ജീവിക്കുന്ന സമൂഹത്തിലും ഓഫീസുകളിലും എന്തിന് നമ്മുടെ കുടുംബത്തില്‍പ്പോലും തുല്യത ലഭിക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതുണ്ട്. സ്വന്തം വരുമാനം ഉണ്ടെങ്കിലും ഈ ഇടങ്ങളില്‍ തുല്യത കൈവരിക്കാന്‍ സാധിക്കാത്തതെന്തുകൊണ്ടാണെന്നത് ആലോചിക്കേണ്ടതാണ്. സ്വാതന്ത്ര്യത്തിനുശേഷം ഭാരതത്തിലെ സ്ത്രീകളുടെ അവസ്ഥയില്‍ വിപ്ലവകരമായ മാറ്റമാണ് വന്നിട്ടുണ്ടായിരുന്നത്. അവര്‍ വീടിന്റെ നാലുചുവരുകളില്‍ നിന്ന് പുറത്തിറങ്ങി സ്വാതന്ത്ര്യ സമരത്തില്‍ തങ്ങളുടേതായ രീതിയില്‍ മികച്ച പങ്കുവഹിച്ചു. ഇന്ന് നമ്മുടെ സ്ത്രീകള്‍ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക-സാംസ്കാരിക-ശാസ്ത്രീയ-വിദ്യാഭ്യാസ-മേഖകളിലെല്ലാം മുന്നേറിക്കൊണ്ടിരിക്കുകയാണ്. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന സ്ത്രീ ഇന്ന് എല്ലാത്തരം അടിമത്തത്തില്‍ നിന്നും സ്വതന്ത്രമായിട്ടുള്ള ഒരു ജീവിതവികാസത്തിന് വേണ്ട സൗകര്യങ്ങള്‍ നേടിയെടുത്തിരിക്കുകയാണ്.
ചരിത്രാതീതകാലം മുതല്ക്കേ സ്ത്രീകേന്ദ്രീകൃതമായ സമൂഹമായിരുന്നു ഭാരതത്തിലേത്. എന്നാല്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ ആ സ്ഥാനം പലകാരണങ്ങളാല്‍ നഷ്ടപ്പെടുകയും അവളുടെ കാലുകളില്‍ വിലക്കിന്റെ ചങ്ങലകള്‍ വീഴുകയും ചെയ്തു. വേദ കാലത്തില്‍ത്തന്നെ നമ്മുടെ സ്ത്രീകള്‍ യാഗങ്ങള്‍ നടത്തുകയും വിദ്യാഭ്യാസം നേടുകയും ആചാര്യകളായിവരെ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. വേദങ്ങളില്‍ത്തന്നെ ഒരുപാട് മന്ത്രങ്ങള്‍ സ്ത്രീകള്‍ എഴുതിയവയാണ്. ഗാര്‍ഗി, മൈത്രേയി തുടങ്ങിയ വിദുഷികള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. രാമായണ കാലത്തില്‍ കൈകേയിയെ പോലെ യുദ്ധത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ ഉണ്ട്. ഝാന്‍സി റാണി മുതല്‍ സരോജിനി നായിഡു വരെ ദേശീയ പ്രസ്ഥാനത്തില്‍ സ്ത്രീകള്‍ വഹിച്ച പങ്കും ചെറുതല്ല.
മുഗള്‍-ബ്രിട്ടീഷ് ഭരണകാലത്തിലാണ് സ്ത്രീകള്‍ പുറകോട്ടു പോയത്. പുരുഷ കേന്ദ്രീകൃത സമൂഹം ഇവിടെ സൃഷ്ടിക്കപ്പെട്ടു. ദൗര്‍ഭാഗ്യകരം എന്ന് പറയട്ടെ ഭാരതത്തില്‍ ഭരണത്തില്‍ ഇരുന്ന സര്‍ക്കാറുകള്‍ സ്ത്രീപക്ഷ നയങ്ങള്‍ രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും പരാജയപ്പെട്ടു. 2014 മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ സ്ത്രീ ശാക്തീകരണത്തിനായി വ്യക്തവും സുശക്തവുമായ ഒരു നയരൂപീകരണവും ഉണ്ടായില്ല. ഇതിനിടയില്‍ ഒരു സ്ത്രീ പ്രധാനമന്ത്രി ആയെങ്കിലും അവര്‍ അവസരങ്ങള്‍ പാഴാക്കി. അധികാര ദുര്‍വിനിയോഗത്തിന്റെയും ജനാധിപത്യവിരുദ്ധതയുടെയും ഉദാഹരണമായി മാറി.
സ്വാതന്ത്ര്യം നേടി 75 വര്‍ഷങ്ങള്‍ക്കിപ്പുറം നാം ഒരുപാടുദൂരം മുന്നോട്ടു പോയിരിക്കുന്നു. അതില്‍ സ്ത്രീകളുടെ സ്ഥിതി എടുത്തു പറയേണ്ടതാണ്. വിദ്യാഭ്യാസം സ്ത്രീകളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിന് വലിയ പങ്കുവഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസം നേടിയതുവഴി അധികാരങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും അവര്‍ ജാഗരൂകരായി. വിദ്യാഭ്യാസത്തിലൂടെ സ്ത്രീക്ക് തൊഴിലും സാമ്പത്തിക ഭദ്രതയും കൈവന്നു. സാമ്പത്തികമായി സ്വയം പര്യാപ്തത കൈവരിച്ചാല്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ സാധിക്കും എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ സാമ്പത്തികമായി ഉന്നമനം നേടിയപ്പോഴും സ്ത്രീകളുടെ പ്രശ്നങ്ങളില്‍ കുറവ് വന്നില്ല. സാമ്പത്തിക ഭദ്രത നേടിയാല്‍ മാത്രം പോരാ. അതില്‍നിന്ന് ലഭിക്കുന്ന ധനം വിനിയോഗം ചെയ്യുന്നത് ആരാണ് എന്നുള്ളത് വളരെ പ്രധാനമാണ്. ഇന്നും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന പല സ്ത്രീകളുടെയും എടിഎം കാര്‍ഡ് പോലും കൈവശം വയ്ക്കുന്നത് അവരുടെ ഭര്ത്താക്കന്മാരാണ്. ഇടത്തരം കുടുംബങ്ങളിലെ സ്ത്രീകളാണ് പ്രധാനമായും ഈ അവസ്ഥയിലൂടെ കടന്നു പോകുന്നത്. ഒരുപക്ഷേ സാമ്പത്തിക വിനിയോഗം സ്ത്രീകളിലേക്ക് തന്നെ കേന്ദ്രീകരിക്കുന്നതിനായിരിക്കണം കഴിഞ്ഞ കൊവിഡ് കാലത്ത് ആദരണീയനായ പ്രധാനമന്ത്രി സ്ത്രീകളുടെ ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് 1500 രൂപ നിക്ഷേപിച്ചത്. അതുപോലെതന്നെ റേഷന്‍ കാര്‍ഡ് സ്ത്രീകളുടെ പേരിലേക്ക് ആക്കിയത് വഴി സ്ത്രീകളാണ് ഒരു കുടുംബത്തിന്റെ സാമ്പത്തികമായിട്ടുള്ള അടിത്തറ പാകേണ്ടത് എന്നുള്ള സന്ദേശം കൃത്യമായി പ്രധാനമന്ത്രി എത്തിക്കുകയായിരുന്നു.
സ്വാതന്ത്ര്യത്തിന് ശേഷമുള്ള 75 വര്‍ഷം പിന്നിടുമ്പോള്‍ എടുത്തുപറയേണ്ട ഒരു മാറ്റം വ്യവസായിക രംഗത്തേക്കുള്ള സ്ത്രീകളുടെ കടന്നുവരവാണ്. ഇതുമൂലം വ്യവസായ മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് കൈവന്നു. അനേകായിരം ചെറുകിട -കുടില്‍ വ്യവസായങ്ങള്‍ മുതല്‍ കോടികളുടെ നിക്ഷേപം വരുന്ന വന്‍ സാമ്രാജ്യങ്ങള്‍ വരെ പടുത്തുയര്‍ത്താന്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ സ്ത്രീകള്‍ക്ക് സാധിച്ചിട്ടുണ്ട്. വീട്ടമ്മമാരെ സംയോജിപ്പിച്ചുകൊണ്ട് നടപ്പിലാക്കിയ ലിജ്ജത് പപ്പടം മുതല്‍ ജൈവ സാങ്കേതികവിദ്യ വിനിയോഗിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളില്‍ ഒന്നായ ബയോകോണ്‍ വരെ ഇതിനു മികച്ച ഉദാഹരണങ്ങളാണ്. നിര്‍ണായക ഘട്ടങ്ങളില്‍ സ്ത്രീകളുടെ നേതൃപാടവും വിവേചനശക്തിയും സ്വന്തം കുടുംബങ്ങളില്‍ എന്നപോലെ ഇതുപോലുള്ള സംരംഭങ്ങളിലും ഒരു മുതല്‍ക്കൂട്ടായി മാറിയിട്ടുണ്ട്. കഫെ കോഫി ഡേയുടെ ഉടമ 7200 കോടി രൂപയുടെ കടബാധ്യത മൂലം ആത്മഹത്യ ചെയ്തപ്പോള്‍ ചങ്കുറപ്പോടെ ആ വ്യവസായത്തെ മുന്നോട്ടു നയിച്ചത് വെറും രണ്ടുവര്‍ഷംകൊണ്ട് കടബാധ്യത നേര്‍പകുതിയില്‍ എത്തിച്ചതും ഒരു സ്ത്രീയാണ്, അദ്ദേഹത്തിന്റെ വിധവയായ മാളവിക കൃഷ്ണ. എങ്കിലും ഇതൊക്കെ നമുക്ക് ഒറ്റപ്പെട്ട സംഭവങ്ങളായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. അവസരവും സാഹചര്യവും ഒത്തുവരാത്തതുകൊണ്ട് മാത്രം ഇന്നും അനേകായിരം സ്ത്രീകള്‍ വീടുകളുടെ അകത്തളങ്ങളില്‍ ശ്വാസം മുട്ടുന്നുണ്ട്.
ഉദ്യോഗസ്ഥരായ സ്ത്രീകള്‍ കുടുംബത്തിനും മുതല്‍ക്കൂട്ടാണ് എന്ന പഴയ പ്രയോഗം തിരുത്തേണ്ട കാലത്തിലൂടെയാണ് നമ്മള് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഗാര്‍ഹികമായ ഉത്തരവാദിത്വം നിറവേറ്റുന്നതിനൊപ്പം സാമ്പത്തികഭദ്രത നിലനിര്‍ത്തുന്നതിനുള്ള വരുമാനസ്രോതസ്സിലെ തുല്യ പങ്കാളികളായി സ്ത്രീകള്‍ മാറിയിട്ടുണ്ട്. എങ്കിലും ഇന്നും അവര്‍ കുടുംബത്തിലും ഔദ്യോഗിക മേഖലയിലും രണ്ടാംനിരക്കാരായിത്തന്നെ കണക്കാക്കപ്പെടുന്നു എന്നത് നിരാശാജനകമാണ്. 2014 ന് ശേഷം സര്‍ക്കാര്‍ കൊണ്ടുവന്ന പല നിയമ നിര്‍മാണങ്ങളും സ്ത്രീകളെ ശക്തിപ്പെടുത്തുന്നതാണെങ്കിലും അത് അവര്‍ ഇടപെടുന്ന ഇടങ്ങളില്‍ എത്രത്തോളം മാനിക്കപ്പെട്ടിട്ടുണ്ട് എന്നത് ചിന്തനീയമാണ്.
സൈനികരംഗത്തും പുരുഷന്മാര്ക്കൊപ്പം തന്നെ അവസരം സ്ത്രീകള്‍ക്ക് ലഭിക്കുന്ന കാലഘട്ടത്തിലാണ് നാം എന്നത് അഭിമാനകരമായ കാര്യമാണ്. മിഗ് 21 വിമാനം ഒറ്റയ്ക്ക് പറത്തിയ അവനി ചൗധരിയും പോര് വിമാനങ്ങള്‍ പറത്തുന്ന ഭാവന കാന്തും ശിവാംഗി സിങ്ങും എല്ലാം ചരിത്രത്തില്‍ സ്വര്‍ണലിപികളാല്‍ ആലേഖനം ചെയ്യേണ്ട നാമങ്ങളാണ്. നിയമനിര്‍മ്മാണസഭകളിലും ഭരണസിരാകേന്ദ്രങ്ങളിലും ഔദ്യോഗിക മേഖലകളിലും എല്ലാം മികച്ച പ്രകടനം കാഴ്ചവച്ച അനേകം പേരുകള്‍ നമുക്ക് ഇനിയും എഴുതി ചേര്‍ക്കാന്‍ സാധിക്കും. പക്ഷേ ഇതില്‍ ഒരു സ്ഥിരത കൈവരിക്കുക എന്ന ലക്ഷ്യത്തില്‍ നാം എപ്പോള്‍ എത്തിച്ചേരും എന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നമാണ്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഭാരതത്തിന്റെ രാഷ്ട്രപതി ഗോത്ര വര്‍ഗ്ഗത്തില്‍ നിന്നുള്ള ഒരു സ്ത്രീയാണ്, നമ്മുടെയെല്ലാം അഭിമാനമായിമാറിയ ദ്രൗപദി മുര്‍മു. അതുപോലെതന്നെ ജനമനസ്സുകളെ തൊട്ടറിഞ്ഞ മുന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, ലോകരാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിമൂലം ആടിയുലഞ്ഞ കൊവിഡ് കാലത്തില്‍ ഭാരതത്തിലെ ഓരോ കുടുംബത്തിന്റെയും വീട്ടമ്മ താനാണെന്ന നിലപാടോടെ സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കാന്‍ നേതൃത്വം നല്കിയ മുന്‍പ്രതിരോധ മന്ത്രി കൂടിയായ ധനമന്ത്രി നിര്‍മല സീതാരാമന്, ഉറച്ച ഇച്ഛാശക്തിയോടെ പ്രതിബന്ധങ്ങളെ പിഴുതെറിഞ്ഞ് രാഷ്ട്രീയ വെന്നികൊടി പാറിച്ച് നാരീശക്തിയുടെ പ്രതീകമായി മാറിയ സ്മൃതി ഇറാനി, ഇവരെല്ലാം ഇന്ന് ഓരോ ഭാരതീയ സ്ത്രീയുടെയും വഴികാട്ടികളും പ്രചോദനവുമാണ്. എങ്കിലും ഇപ്പോഴും ഒരു ചോദ്യം നിലനില്ക്കുന്നു, ഓരോ ഇടങ്ങളിലും സ്ത്രീകളുടെ ഭൂമികയെ തീരുമാനിക്കുന്നത് ആരാണ്? അവരുടെ നൈപുണ്യത്തെയും കരുത്തിനെയും അംഗീകരിക്കുന്ന തലത്തിലേക്ക് ഇന്നും പുരുഷമേല്ക്കോയ്മയുടെ കണ്ണുകളിലൂടെ നോക്കുന്ന സമൂഹം മാറാന്‍ തയ്യാറാണോ? സ്ത്രീസമത്വത്തെക്കുറിച്ച് വാതോരാതെ സമര്‍ത്ഥിക്കുന്ന പലരും അവരുടെ സ്വകാര്യ ഇടങ്ങളില്‍ അത് അനുവര്‍ത്തിക്കുന്നുണ്ടോ? മാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ ആരോപണങ്ങള്‍ വരുമ്പോള്‍ തന്നെ ഉടനെ അവരുടെ ചാരിത്ര്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നത് ആരാണ്? സാമൂഹ്യ മാധ്യമങ്ങളില്‍ മുഖംമൂടി അണിഞ്ഞ് മനസ്സിന്റെ അകത്തളത്തില്‍ ഉള്ള സ്ത്രീവിരുദ്ധത ഇങ്ങനെ വമിപ്പിക്കുന്നത് എന്തിനാണ്?
ഈ ചോദ്യങ്ങളൊക്കെ ഒരു ദുഷിച്ച സാമൂഹിക മനസ്ഥിതിയിലേക്കുള്ള വിരല്‍ചൂണ്ടലാണ്. ചിന്താഗതിയിലാണ് മാറ്റം ഉണ്ടാകേണ്ടത്, ബഹുമാനവും അംഗീകാരവും സ്ത്രീകള്‍ക്ക് നല്കുന്ന ഔദാര്യമാണ് എന്ന കാഴ്ചപ്പാട് ആദ്യം മാറണം. ഇവിടെ ആരും നല്‍കേണ്ടവരോ വാങ്ങേണ്ടവരോ അല്ല, എല്ലാവരും തുല്യ അവകാശികളാണ്, ഓരോരുത്തര്‍ക്കും അവരവരുടെ അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് ലഭിക്കേണ്ടത്. അല്ലാതെ ഞങ്ങള്‍ സ്ത്രീകളെ അംഗീകരിക്കുന്ന, അവര്‍ക്ക് സ്വാതന്ത്ര്യം നല്കുന്ന സമൂഹമാണ് എന്ന അവകാശവാദമല്ല.
ഒന്ന് ഓര്‍മിപ്പിക്കട്ടെ, സ്ത്രീയെ ശക്തി സ്വരൂപിണിയായി കണ്ട് ആരാധിച്ചിരുന്ന ഭൂമിയാണ് ഭാരതം, അര്‍ദ്ധനാരീശ്വര സങ്കല്പത്തില് സ്ത്രീയുടെ യശസ്സിനുവേണ്ടി താണ്ഡവമാടിയ ഭസ്മക്കളമാണ് ഭാരതം, അതുകൊണ്ടുതന്നെ ഈ തപഃഭൂമിയുടെ പൈതൃകവും സംസ്കാരവും നിലനില്ക്കണമെങ്കില് സ്ത്രീകളും മുന്‍പ് പ്രതിപാദിച്ചതുപോലെ ഇതിന്റെ തത്തുല്യ അവകാശികളായി മാറണം.
‘യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ:’
പ്രതികരിക്കാൻ ഇവിടെ എഴുതുക: