പേവിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അഭിരാമി എന്ന പെണ്‍കുട്ടി മരണമടഞ്ഞ സംഭവം അതിദാരുണമാണ്. പത്തനംതിട്ടക്കാരിയായ ഈ പെണ്‍കുട്ടിക്ക് രാവിലെ പാലുവാങ്ങാന്‍ പോകുന്നതിനിടെയാണ് തെരുവുനായയുടെ കടിയേറ്റത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ജില്ലാ ജനറല്‍ ആശുപത്രിയിലും ചികിത്സിച്ച് പേവിഷബാധയ്ക്കെതിരെ മൂന്ന് ഡോസ് വാക്സിന് എടുത്തെങ്കിലും നില ഗുരുതരമായതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. പെണ്‍കുട്ടിയുടെ ജീവന് രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കണ്ണിന്റെ മുകളിലാണ് നായയുടെ കടിയേറ്റത്. ഈ മുറിവിലെ അണുബാധ തലച്ചോറിനെ ബാധിച്ചതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. അഭിരാമിയുടെ മരണം ഒറ്റപ്പെട്ട സംഭവമല്ല. സമീപകാലത്ത് ഇരുപത്തിയൊന്നു പേരാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത്. ചിലര്‍ ചികിത്സയിലുമാണ്. നായ കടിച്ച് ആളുകള്‍ മരിക്കുന്നതിന് സര്‍ക്കാര്‍ എന്തു പിഴച്ചു എന്ന ഒരു പൊതു സമീപനം അധികൃതരുടെ ഭാഗത്തുനിന്നുണ്ട്. ഇങ്ങനെ ലളിതവല്ക്കരിക്കാവുന്നതല്ല ഈ പ്രശ്നം. ജനങ്ങളുടെ ജീവന് വിലകല്പ്പിക്കുന്നുണ്ടെങ്കില് ഭരണാധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ഇങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ പേവിഷബാധയേറ്റ് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കും. അതിനുള്ള സാഹചര്യം സംസ്ഥാനത്ത് എല്ലായിടത്തുമുണ്ട്.
തെരുവുനായ്ക്കളെ ഫലപ്രദമായി നിയന്ത്രിക്കുകയെന്നതാണ് പേവിഷബാധയേറ്റുള്ള മരണങ്ങള് തടയാന്‍ അടിയന്തരമായി ചെയ്യേണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ഗുരുതരമായ അനാസ്ഥയാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. ഇത് ഒരുവിധത്തിലും നീതീകരിക്കാനാവില്ല. മൃഗസ്നേഹികളുടെ എതിര്‍പ്പിനെക്കുറിച്ച് പറയുന്നത് ഒരു ഒഴുകഴിവാണ്. ഇവരെ വിശ്വാസത്തിലെടുത്തുകൊണ്ടുതന്നെ പ്രശ്നം കൈകാര്യം ചെയ്യാന്‍ കഴിയും. തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കണമെന്ന് ആരും പറയുന്നില്ല. വന്ധ്യംകരണം ഉള്‍പ്പെടെയുള്ള നടപടികളാണ് വേണ്ടത്. തെരുവുനായ്ക്കളെ നിയന്ത്രിക്കല്‍ ഇപ്പോള്‍ ജില്ലാ പഞ്ചായത്തുകളുടെ ചുമതലയാണ്. ഇതിനുള്ള ഫണ്ട് ഗ്രാമപഞ്ചായത്തുകളും ബ്ലോക്കുപഞ്ചായത്തുകളും ജില്ലാ പഞ്ചായത്തിനെ ഏല്‍പ്പിക്കണം എന്നാണ് വ്യവസ്ഥ. എന്താണ് ഇക്കാര്യത്തില്‍ ചെയ്യേണ്ടതെന്ന വിശദമായ ഒരു ഉത്തരവ് അടുത്തിടെ തദ്ദേശസ്വയംഭരണ വകുപ്പ് പുറത്തിറക്കുകയുണ്ടായി. പക്ഷേ ഇതിനനുസരിച്ചുള്ള കടുത്ത നടപടികളൊന്നും ഉണ്ടാവുന്നില്ല. തെരുവുനായ്ക്കളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നതായി നാട്ടില്‍ പുറത്തിറങ്ങി നടക്കുന്നവര്‍ക്കൊക്കെ ബോധ്യമുള്ള കാര്യമാണ്. എന്താണ് ഇവ പെരുകാനുള്ള കാരണമെന്നുപോലും അധികൃതര്‍ അന്വേഷിക്കുന്നില്ല. അറവുമാലിന്യങ്ങള്‍ വര്‍ധിക്കുന്നതും, അവ നിയമവിരുദ്ധമായി വലിച്ചെറിയുന്നതുമാണ് ഒരു കാരണം. ദിനംതോറും മുട്ടിനുമുട്ടിനു മുളച്ചുപൊന്തുന്ന മാംസഭക്ഷണശാലകളില്നിന്നുള്ള അവശിഷ്ടങ്ങള്‍ ഭക്ഷിക്കാനും തെരുവുനായ്ക്കള്‍ ഒത്തുകൂടുന്നു. അരികിലൂടെ ആരെങ്കിലും പോയാല്‍ തങ്ങളുടെ ഭക്ഷണം തട്ടിയെടുക്കാനാണെന്ന ധാരണയില്‍ കടിക്കുകയാണ്. തെരുവുനായ്ക്കളില്‍ പേവിഷബാധയുള്ളത് ഏത് ഇല്ലാത്തതേത് എന്നൊന്നും കണ്ടുപിടിക്കാനാവില്ല.
അറവുമാലിന്യങ്ങളും ഹോട്ടല്മാലിന്യങ്ങളും നിയന്ത്രിക്കുന്നതിന് കര്‍ശനമായ നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടിയിരിക്കുന്നു. എന്നാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നോക്കുകുത്തിയായിനിന്ന് ഒത്താശ ചെയ്യുകയാണ്. നായ്ക്കളുടെ കടിയേറ്റാല്‍ എന്താണു ചെയ്യേണ്ടതെന്ന് പലര്‍ക്കും അറിയില്ലെന്നതാണ് വാസ്തവം. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഫലപ്രദമായ ബോധവല്‍ക്കരണം നടക്കണം. വാക്സിനേഷന് ശക്തിപ്പെടുത്തുകയെന്നതാണ് മറ്റൊന്ന്. രണ്ടും മൂന്നും വാക്സിനെടുത്തശേഷവും പേവിഷബാധയേറ്റവര്‍ മരിക്കാനിടയാവുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കേണ്ടതുണ്ട്. ഗുണനിലവാരമുള്ള വാക്സിന് വാങ്ങുന്നതിനും, അവ ശരിയായ രീതിയില്‍ സൂക്ഷിക്കാനും, പരിശീലനം ലഭിച്ചവരെക്കൊണ്ട് കുത്തിവെയ്പ്പ് എടുപ്പിക്കാനും കഴിഞ്ഞില്ലെങ്കില്‍ പേവിഷബാധയേറ്റുള്ള മരണം തുടര്‍ക്കഥയാവും. സര്‍ക്കാര്‍ റാബിസ് വാക്സിന് വാങ്ങുന്നതിലും മറ്റും ജനങ്ങള്‍ക്ക് പല സംശയങ്ങളുമുണ്ട്. റാബിസ് വൈറസിന് ജനിതകമാറ്റം വന്നതാണ് പ്രതിരോധ കുത്തിവെയ്പ്പ് ഫലപ്രദമാവാത്തതെന്ന് പറയുന്നത് കൊവിഡിന്റെ മറവില്‍ ഉത്തരവാദിത്വം കയ്യൊഴിയാനുള്ള ശ്രമമാണെന്ന് കരുതുന്നവരെ കുറ്റപ്പെടുത്താനാവില്ല. ആരെങ്കിലുമൊരാളെ മന്ത്രിയായി പ്രതിഷ്ഠിക്കാനുള്ളതല്ല ആരോഗ്യവകുപ്പ്. അതിന് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയണം. പേവിഷബാധയേറ്റവര്ക്ക് കാര്യക്ഷമമായ ചികിത്സ നല്‍കുന്നതിന് സംവിധാനം ശക്തിപ്പെടുത്തണം. ജനങ്ങളുടെ ജീവന്‍വച്ച് പന്താടരുത്. ഇതോടൊപ്പം തെരുവുനായ്ക്കളെ നിയന്ത്രിക്കാനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കുകയും വേണം. ഇതിനുവേണ്ടി നീക്കിവയ്ക്കുന്ന ഫണ്ട് ശരിയായും പൂര്‍ണമായും വിനിയോഗിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: