സന്തോഷ് ട്രോഫി വിജയത്തോടെ കേരളം ഇന്ത്യന്‍ ഫുട്ബോളിന്റെ തലപ്പത്തെത്തിയ വര്‍ഷം തന്നെ ഫുട്ബോള്‍ ഭരണരംഗത്തും കേരളത്തിന്റെ സാന്നിദ്ധ്യം ദേശീയ തലത്തില്‍ പ്രബലമായി വന്നത് യാദൃച്ഛികമെങ്കിലും സന്തോഷദായകം തന്നെ. മാവേലിക്കരക്കാരന് ഷാജി പ്രഭാകരന്, അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ സെക്രട്ടറി ജനറല്‍ എന്ന നിലയില്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ ഭരണം കൈയാളുമ്പോള്‍, മുന്‍ ഇന്ത്യന്‍ നായകന് ഐ.എം.വിജയന് ടെക്നിക്കല്‍ കമ്മിറ്റി അധ്യക്ഷന്‍ എന്ന നിലയില്‍ ആ സംവിധാനത്തിന്റെ ഭാഗമാവും. കല്യാണ്‍ ചൗബെ അധ്യക്ഷനായ ഭരണസമിതിയില്‍ ഐകകണ്ഠ്യേനയാണ് തെരഞ്ഞെടുക്കപ്പെട്ടത് എന്നത് ഷാജി പ്രഭാകരന്റെ മികവിനു തെളിവാണ്. അഖിലേന്ത്യാ ഫെഡറേഷനില്‍ കേരളത്തിന്റെ പ്രാതിനിധ്യം ഇതോടെ അഞ്ചായി ഉയര്‍ന്നു. വൈസ് പ്രസിഡന്റായി എന്‍.എ.ഹാരിസും ഭരണ സമിതി അംഗങ്ങളായി പി. അനില്‍ കുമാറും മോഹന്‍ലാലും ഉണ്ട്. ഇന്ത്യന്‍ ഫുട്ബോളിനും തലമുറകളായി കേരളം നല്കിയ സംഭാവനകള്‍ പരിഗണിക്കുമ്പോള്‍ ഇത് അര്‍ഹമായ അംഗീകാരം തന്നെയാണ്. ദേശീയ ഫുട്ബോളില്‍ ശക്തമായ സാന്നിദ്ധ്യമായിരുന്ന കേരളം ഇന്ത്യയ്ക്കു സംഭാവന ചെയ്ത കളിക്കാരുടെ എണ്ണം വളരെ വലുതാണ്. ദേശീയതല മത്സരങ്ങളില്‍ കേരളം തളരുമ്പോള്‍പ്പോലും ജയിച്ചുകയറുന്ന ടീമുകളില്‍ നല്ലഭാഗം കേരള കളിക്കാരായിരുന്ന കാലമുണ്ടായിരുന്നു. രാജ്യത്തെ പ്രമുഖ ക്ളബ്ബുകളിലെല്ലാം മലയാളി സാന്നിദ്ധ്യം നിറഞ്ഞു നിന്നു. നാല് ഒളിംപിക്സുകളിലായി ആറ് ഒളിംപ്യന്മാരെ സംഭാവന ചെയ്ത കേരളത്തിന്റെ പ്രതിനിധികള്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ രണ്ട് ഏഷ്യന്‍ ഗെയിംസ് ഫുട്ബോള്‍ ടീമിലുമുണ്ടായിരുന്നു. ഫുട്ബോള്‍ ആവേശത്തില്‍ കൊല്‍ക്കത്തയ്ക്ക് ഒപ്പം നിന്ന കേരളം, ആ കളിയുടെ ജനകീയ അടിത്തറയുടെ കെട്ടുറപ്പ് ആതിഥ്യം വഹിച്ച ഓരോ ചാംപ്യന്‍ഷിപ്പുകളിലൂടെയും തെളിയിച്ചിട്ടുമുണ്ട്. ഫുട്ബോളിന് ഇത്രമാത്രം വേരോട്ടുമുള്ള നാടിന് ദേശീയ തലത്തില്‍ അവശ്യം ലഭിക്കേണ്ട അംഗീകാരണാണിത്.
കണ്ണൂര്ക്കാരന് പി.പി. ലക്ഷ്മണനു ശേഷം ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ് ഫുട്ബോള്‍ ഭരണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞ ഷാജി പ്രഭാകരന്. കേരളത്തില്‍ ജനിച്ചു ബംഗാളില്‍ കളിച്ചു വളര്‍ന്ന ഷാജി ഗ്വാളിയര്‍ എല്‍എന്‍സിപിഇയില്‍ നിന്നാണ് കായിക ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും എടുത്തത്. പിന്നീടദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല മിക്കവാറും ഡല്‍ഹി തന്നെയായിരുന്നു. ഫുട്ബോള്‍ ഡല്‍ഹിയുടെ പ്രസിഡന്റുമാണ്. കളിക്കളത്തിലെ മികവിന് അപ്പുറം ഭരണ തലത്തിലും ഭാവനാപൂര്‍ണമായ ആശയങ്ങളിലുമായിരുന്നു ഷാജിയുടെ മുഖ്യ സംഭാവന. ഇന്ത്യന്‍ ഫുട്ബോളിന്റെ ഭാവി വിഭാവനം ചെയ്തു പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്താനുള്ള വിഷന്‍ ആന്‍ഡ് നാഷണല്‍ ടീം പദ്ധതിയുടെ ഡയറക്ടറായിരുന്നു ഷാജി. ലോകഫുട്ബോള്‍ സംഘടനയായ ഫിഫയുടെ കണ്‍സള്‍ട്ടന്റും ദക്ഷിണമധ്യേഷ്യാ ഡവലപ്പ്മെന്റ് ഓഫീസറുമെന്ന നിലയിലെ സേവനങ്ങളാണ് അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയത്.
ഫുട്ബോളില്‍ ഇന്ത്യ, ഉറങ്ങുന്ന സിംഹമാണെന്നു ഫിഫയുടെ നിരീക്ഷകര്‍ നേരത്തെ വിലയിരുത്തിയിരുന്നു. കണ്ടെത്തപ്പെടാതെ ഉറങ്ങിക്കിടക്കുന്ന വലിയ ഫുട്ബോള്‍ സമ്പത്ത് ഇന്ത്യയുടെ വന്‍ ജനസമൂഹത്തിലുണ്ടെന്നതായിരുന്നു അതിലെ സൂചന. ബല്‍ജിയവും സെനഗലും മറ്റും പോലുള്ള ചെറുരാജ്യങ്ങള്‍ പോലും ലോകഫുട്ബോളില് സാന്നിദ്ധ്യം അറിയിക്കുമ്പോള്‍ ഇന്ത്യയിലെ സമ്പന്നമായ ജനസാന്നിദ്ധ്യം ഉപയോഗപ്പെടുത്താന്‍ നമുക്കു കഴിയുന്നില്ലെന്നതാണ് ഫിഫയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ഷാജിയേപ്പോലുള്ള ഭാവനാപൂര്‍ണമായ വീക്ഷണമുള്ളവരുടെ ഭരണതലത്തിലെ സാന്നിദ്ധ്യം ശ്രദ്ധേയമാകുന്നത്. ജപ്പാനിലെ ജെലീഗ് ശൈലിയില്‍ ഇന്ത്യയില്‍ ദേശീയ ലീഗ് മത്സരങ്ങള്‍ കൊണ്ടുവന്നതു പി.പി. ലക്ഷ്മണന് സെക്രട്ടറി ജനറലായിരുന്ന കാലത്താണ്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ആ സ്ഥാനത്ത് എത്തുന്ന ഷാജിയില്‍ നിന്നും നവീനമായ ആശയങ്ങള്‍ പ്രതീക്ഷിക്കാം. ആശയങ്ങള്‍ നടപ്പാക്കുന്നതിലെ പാളിച്ചകള്‍ ഭരണ മികവുകൊണ്ട് തിരുത്താനും പുതിയ ഭരണ സമിതിക്കു കഴിയുമെന്നും കരുതാം.
ഒരു പതിറ്റാണ്ടിലേറെ ഇന്ത്യന്‍ ഫുട്ബോളില്‍ നിറഞ്ഞു നില്‍ക്കുകയും ദേശീയ ടീമിനെ പലതവണ നയിക്കുകയും ചെയ്ത ഐ.എം. വിജയന്, കേരളം ഇന്ത്യയ്ക്കു നല്കിയ രാജ്യാന്തര നിലവാരമുള്ള കളിക്കാരില്‍ പ്രമുഖനാണ്. യൂറോപ്പിലോ ലാറ്റിന്‍ അമേരിക്കയിലോ ജനിച്ചിരുന്നെങ്കില്‍ ലോകകപ്പില്‍ ഈ കളിക്കാരനെ കാണാമായിരുന്നു എന്നു പറഞ്ഞത് നെഹ്റു കപ്പ് രാജ്യാന്തര ഫുട്ബോളിനെത്തിയ ഒരു വിദേശ പരിശീലകനാണ്. കളിക്കളത്തില്‍ കാണിച്ച മികവ് പുതിയ സ്ഥാനത്തും തുടരാന്‍ വിജയനു കഴിയുമെന്നു പ്രതീക്ഷിക്കാം.
ദേശീയ തലത്തില്‍ കളിക്കളത്തിലും പുറത്തും ലഭിക്കുന്ന അംഗീകാരങ്ങള്‍ സംസ്ഥാന ഭരണസംവിധാനത്തിന്റെ കണ്ണു തുറപ്പിക്കേണ്ടിയിരിക്കുന്നു. ഫുട്ബോള്‍ അടക്കമുള്ള കായിക മേഖലയില്‍ താരങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരം നല്കാന് നമുക്കു കഴിയുന്നില്ലെന്ന സത്യത്തിനു നേരേ കണ്ണടച്ചിട്ടുകാര്യമില്ല. നേട്ടങ്ങളെ അറിഞ്ഞ് ആദരിക്കുകയും താരങ്ങള്‍ക്ക് തൊഴില്‍ മേഖലയിലടക്കം അര്‍ഹമായ അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്നകാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ കേരളം മാതൃകയാക്കേണ്ട സമയം അതിക്രമിച്ചു. ജോലിക്കുവേണ്ടി കായിരതാരങ്ങള്‍ സമരത്തിനിറങ്ങുന്ന അവസ്ഥ ഇനിയെങ്കിലും കേരളത്തില്‍ കാണാനിടവരാതിരിക്കട്ടെ എന്നു പ്രാര്‍ഥിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: