ചെന്നൈ: പ്രശസ്ത കര്‍ണാടക സംഗീതജ്ഞന് ടി വി ശങ്കരനാരായണന് 77ാം വയസ്സില്‍ അന്തരിച്ചപ്പോള്‍ നിലച്ചുപോയത് അദ്ദേഹം ഗുരുവായ മണി അയ്യരില്‍ നിന്നും ഹൃദിസ്ഥമാക്കിയ രാഗമാലികാ ശൈലി.
രാഗം താനം പല്ലവി പാടുമ്പോള്‍ വ്യത്യസ്തരാഗങ്ങളില്‍ സ്വരം പാടുമ്പോള്‍ ഇടയ്ക്ക് അതത് രാഗങ്ങള്‍ തന്നെ ആലപിച്ച് സ്വരവും രാഗവും കൂട്ടിയിണക്കുന്ന ശൈലിയാണ് രാഗമാലികാ ശൈലി. മധുരൈ മണി അയ്യര്‍ എന്ന ഗുരു നിരന്തരസാധകത്തിലൂടെ വളര്‍ത്തിയ രാഗമാലികാശൈലി ടി.വി. ശങ്കരനാരായണ് എന്ന ശിഷ്യന്റെ കയ്യില്‍ ഭദ്രമായിരുന്നു.
അമ്മാവനും പ്രസിദ്ധ സംഗീതജ്ഞനുമായ മധുരൈ മണി അയ്യരുടെ കീഴിലാണ് ശങ്കരനാരായണന് സംഗീതം അഭ്യസിച്ചത്. മുധരൈ മണി അയ്യരുടെ ശ്രുതിശുദ്ധിയും ലയഗുണവും ശങ്കരനാരായണന്റെയും ആലാപനത്തിലെ മുഖമുദ്രയായിരുന്നു. അതുകൊണ്ട് തന്നെ കുടുമ വെച്ചവരും കപ്പലണ്ടി വിറ്റവരും ഒരു പോലെ ഈ ആലാപനശൈലി ഇഷ്ടപ്പെട്ടു. മധുരൈ മണി അയ്യരെപ്പോലെ ടി.വി. ശങ്കരനാരായണന്റെ കച്ചേരിയിലും പ്രധാന ഇനമായിരുന്നു രാഗം താനം പല്ലവി. ബൃന്ദാവനസാരംഗ, ദ്വിജാവന്തി, അമൃതവര്‍ഷിണി, കാപി, ദേശ്, രഞ്ജിനി, ഹമീര്‍ കല്യാണി എന്നീ രാഗങ്ങളില്‍ അദ്ദേഹം രാഗം താനം പല്ലവി അവതരിപ്പിച്ചിരുന്നു.
1945 ൽ മയിലാടുതുറൈയിൽ സംഗീതജ്ഞരായ തിരുവാലങ്ങൽ വെമ്പു അയ്യരുടെയും ഗോമതി അമ്മാളുടെയും മകനായാണ് ശങ്കരനാരായണന്റെ ജനനം. നിയമമാണ് പഠനത്തിനായി തെരഞ്ഞെടുത്തതെങ്കിലും സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവെയ്ക്കുകയായിരുന്നു അദ്ദേഹം. മധുരൈ മണി അയ്യർക്കൊപ്പം നിരവധി വേദികൾ പങ്കിട്ടിട്ടുണ്ട് ശങ്കരനാരായണൻ.
1968 ലാണ് ആദ്യമായി അരങ്ങേറ്റം കുറിക്കുന്നത്. പതിനാറാമത്തെ വയസ്സുമുതല്‍ അമ്മാവനൊപ്പം പാടിത്തുടങ്ങി. നിരവധി വേദികളില്‍ സംഗീത പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. മധുരൈ മണി അയ്യരുടെ പ്രിയ കീര്‍ത്തനങ്ങളായ എപ്പോ വരുവാരോ, വെള്ളൈത്താമരൈ, സരസസാമദാന, സാരസമുഖി എന്നിവ മിക്ക കച്ചേരികളിലും പാടുക പതിവായിരുന്നു.
2003-ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. ഒപ്പം ഇതേ വർഷം മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരവും ലഭിച്ചു. സംഗീതജ്ഞരായ അമൃത ശങ്കരനാരായണൻ, മഹാദേവൻ എന്നിവർ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: