തൊടപുഴ: ദേവികുളം-ഗ്യാപ്പ് റോഡിലെ അനധികൃത ഖനനം മൂലം 91 കോടിയുടെ പരിസ്ഥിതി നാശമുണ്ടായെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം. അനധികൃത ഖനനത്തെ തുടര്‍ന്നുണ്ടായ മലയിടിച്ചിലില്‍ 17.24 ഹെക്ടര്‍ സ്ഥലത്തെ കൃഷി ഭൂമി നശിച്ചു. 6.28 ലക്ഷം ടണ്‍ പാറ അനധികൃതമായി പൊട്ടിച്ച് കടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
നേരത്തെ സ്ഥലത്ത് നിന്ന് 2.5 ലക്ഷം ടണ്‍ പാറ അനധികൃതമായി പൊട്ടിച്ചെന്നും ഇതിന് അഞ്ച് കോടി പിഴയിടണമെന്നും കാട്ടി റവന്യൂ-ജിയോളജി വകുപ്പുകള്‍ സംയുക്തമായി പരിശോധന നടത്തി റിപ്പോര്‍ട്ട് കൈമാറിയിരുന്നു. എന്നാല്‍, ഇതിന് 32.5 കോടി രൂപ വിലവരുമെന്ന് കാട്ടി ജന്മഭൂമി അന്ന് റിപ്പോര്‍ട്ട് നല്‍കി. ഇതോടെ വിഷയം ചര്‍ച്ചയാകുകയും ഹരിത ട്രിബ്യൂണലില്‍ എത്തുകയുമായിരുന്നു.
ദേശീയ പാത 85ല്‍ മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള ഭാഗം വീതി കൂട്ടി നിര്‍മ്മിക്കുന്നതിന്റെ പേരിലാണ് വന്‍തോതില്‍ പാറപൊട്ടിച്ച് കടത്തിയത്. റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ദേശീയ പാതനിര്‍മാണത്തിന്റെ മറവിലെ പാറ ഖനനത്തില്‍ കോടികളുടെ കൊള്ള നടന്നതായി മലനീകരണ നിയന്ത്രണ ബോര്‍ഡ് തന്നെ സമ്മതിക്കുകയാണ്. ലഭ്യമായ കണക്ക് പരിശോധിച്ചതില്‍ നിന്നു മാത്രം 91 കോടിയുടെ പരിസ്ഥിതി നാശമുണ്ടെന്നാണ് കണ്ടെത്തല്‍. റോഡിന്റെ മധ്യത്തില്‍ നിന്ന് 7.5 മീറ്റര്‍ വീതി കൂട്ടാനായിരുന്നു തീരുമാനം.
എന്നാല്‍ പാറയുള്ള സ്ഥലങ്ങളില്‍ റോഡിന്റെ വീതി ഇതിന്റെ ഇരട്ടി വരെയാക്കി. ഗ്യാപ്പ് റോഡ് ഉള്‍പ്പെടുന്ന 2.5 കിലോ മീറ്ററില്‍ മാത്രമുണ്ടായ നാശമാണിത്. മറ്റ് സ്ഥലകളിലെ അനധികൃത ഖനനത്തെ കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. അനധികൃത പാറ ഖനനം മൂലം പല തവണ ഇവിടെ മണ്ണിടിഞ്ഞു. ജീവനുകള്‍ നഷ്ടപ്പെട്ടതിനെ കുറിച്ചും വീട് വാസയോഗ്യമല്ലാതായതിനെ കുറിച്ചും റിപ്പോര്‍ട്ടിലില്ല. കൊച്ചിയിലെ ഗ്രീന്‍വത്ത് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്ന ഉപകരാറുകാരാണ് ഇതിന് ഉത്തരവാദിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാറ വിലയായി 4.5 കോടി രൂപ ഈടാക്കി അനധികൃത ഖനനം തീര്‍പ്പാക്കാനായിരുന്നു ആദ്യ നീക്കം. പിന്നീട് ഇത് 30 കോടിയായി വര്‍ധിപ്പിച്ചു. എന്നാല്‍ ഈ തുക കരാറുകാരനില്‍ നിന്ന് ഈടാക്കാന്‍ റവന്യൂ വകുപ്പിന് കഴിഞ്ഞിട്ടില്ല.
കാരാറുകാരനെതിരെ പൊതുമുതല്‍ കൊള്ളയടിച്ചതിന് നിയമ നടപടി സ്വീകരിക്കാനും റവന്യൂ വകുപ്പ് മടിച്ചു. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയില്‍ നെടുങ്കണ്ടം മജിസ്ട്രേറ്റ് കോടതി നിര്‍ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തതല്ലാതെ ഇതില്‍ യാതൊരു തുടര്‍ നടപടിയുമുണ്ടായില്ല. സിപിഎമ്മിന്റെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും വലിയ ഒത്താശ പാറ ഖനനത്തിനുള്ളതാണ് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: