ദുബായ്: 22ാമത് ദുബായ് ഓപ്പണ്‍ ചെസ്സില്‍ ഏഴ് റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ ഇന്ത്യയുടെ പ്രഗ്നാനന്ദയും അര്ജുന് എരിഗെയ്സിയും മുന്പില്. ഇരുകൂട്ടര്‍ക്കും ആറ് പോയിന്റ് വീതമാണ്. ഏഴാം റൗണ്ടില്‍ പ്രഗ്നനാനന്ദ അമേരിക്കയുടെ ഗ്രാന്റ് മാസ്റ്റര്‍ വ്ളാഡിമിര്‍ അകോപിയനെ തോല്പിച്ചു.
സിസിലിയന് ഡിഫന്‍സ് എന്ന ശൈലിയിലായിരുന്നു പ്രഗ്നാനന്ദയും വ്ളാഡിമിര്‍ അകോപിയനും ഏറ്റുമുട്ടിയത്. അതിലെ ലാസ്കര്‍-പെലിക്കന്‍ എന്ന വേരിയേഷനിലായിരുന്നു കളി. കളിയുടെ ഒടുവിലത്തെ ഘട്ടത്തില്‍ രണ്ടു കൂട്ടര്‍ക്കും രണ്ട് തേരും കുതിരയും അഞ്ച് വീതം കാലാളും എന്ന നിലയിലെത്തി. ഇവിടെ വ്ളാഡിമിര്‍ അകോപിയന്‍ നടത്തിയ ഒരു പിഴവ് പ്രഗ്നാനന്ദ മുതലാക്കുകയായിരുന്നു. അത് തിരിച്ചറിഞ്ഞ അകോപിയന്‍ ഉടനെ കളിയില്‍ തോല്‍വി സമ്മതിക്കുകയായിരുന്നു. ചെസില്‍ ഓപ്പണിംഗ്, മിഡില്‍ ഗെയിം, എന്‍ഡ് ഗെയിം എന്നീ മൂന്ന് ഘട്ടങ്ങളിലും അസാധാരണ കയ്യടക്കം പുലര്‍ത്തുന്ന കളിക്കാരനാണ് പ്രഗ്നാനന്ദ. എട്ടാം റൗണ്ടില്‍ പ്രഗ്നാനന്ദ ഏറ്റുമുട്ടേണ്ടത് ടൂര്‍ണ്ണമെന്റില്‍ നല്ല പ്രകടനം കാഴ്ചവെച്ച അലക്സാണ്ടര്‍ പ്രെഡ്കെയുമായാണ്.
ഈ വിജയത്തോടെ പ്രഗ്നാനന്ദയുടെ ലോകറാങ്കിങ്ങ് 50 ആയി. ദുബായ് ചെസ്സില്‍ തന്നെ 11.4 പോയിന്റുകള്‍ കൂടി പ്രഗ്നാനന്ദയുടെ റേറ്റിംഗ് ഇപ്പോള്‍ 2687 ആയി ഉയര്‍ന്നു. ഈയിടെ എഫ് ടി എക്സ് കപ് ചെസില്‍ ലോകചാമ്പ്യന് മാഗ്നസ് കാള്‍സനെ ഫൈനല്‍ റൗണ്ടില്‍ മൂന്ന് തവണ തുടര്‍ച്ചയായി അട്ടിമറിച്ച ശേഷം പ്രഗ്നാനന്ദയ്ക്ക് ഒരു താരപരിവേഷം കിട്ടിയിരിക്കുകയാണ്. ആര്‍ക്കും കഴിയാത്ത വിജയമാണ് പ്രഗ്നാനന്ദ നേടിയത്.
പ്രഗ്നാനന്ദയുടെ അത്ഭുതനീക്കം കാണാം:
ഇന്ത്യയുടെ മറ്റൊരു ഗ്രാന്റ് മാസ്റ്ററായ അര്ജുന് എരിഗെയ്സി ഏഴാം റൗണ്ടില്‍ അലക്സാണ്ടര്‍ പ്രെഡ്കെയുമായി സമനില പാലിച്ചു. അര്ജുന് എരിഗെയ്സിയും ഇപ്പോള്‍ ആറ് പോയിന്റുകളോടെ ഒന്നാം സ്ഥാനത്താണ്. അര്ജുന് എരിഗെയ്സിയുടെ ലോക റാങ്ക് ഇപ്പോള്‍ 18 ആണ്. ഏഴാം റൗണ്ടില്‍ അത്ഭുതകരമായ പ്രകടനം കാഴ്ചവെച്ചത് മറ്റൊരു ഇന്ത്യന്‍ ഗ്രാന്റ്മാസ്റ്ററായ അരവിന്ദ് ചിദംബരമാണ്. 23കാരനായ അരവിന്ദ് ചിതംബരം കസാഖ്സ്ഥാന് സ്വദേശിയായ ഗ്രാന്റ് മാസ്റ്റര്‍ റിനട്ട് ജുമാബയേവിനെ വെറും 25 നീക്കങ്ങളിലാണ് അരവിന്ദ് ചിതംബരം കീഴടക്കിയത്. ഇതോടെ അരവിന്ദും ആറ് പോയിന്റുകളോടെ ഒന്നാം സ്ഥാനത്ത് പ്രഗ്നാനന്ദയോടൊപ്പം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: