ന്യൂദല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ദേശീയ നേതാവാകാനുള്ള മോഹത്തിന് തിരിച്ചടി. മണിപ്പൂരില്‍ നിതീഷിന്റെ പാര്‍ട്ടിയായ ജെഡിയുവിന്റെ ആറ് എംഎല്‍എമാരില്‍ അഞ്ച് പേരും ബിജെപിയില്‍ ചേര്‍ന്നു.
ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍പ്രകാരം അഞ്ച് ജെഡിയു എംഎല്‍എമാരുടെയും ബിജെപി പ്രവേശനം അംഗീകരിച്ചതായി മണിപ്പൂര്‍ നിയമസഭാ സെക്രട്ടറി കെ. മേഘജിത് സിങ്ങും സ്പീക്കര്‍ തോക്ചോം സത്യബ്രത സിങ്ങും അറിയിച്ചു.
ജെഡിയു വീട്ട എംഎല്‍എമാരില്‍ ഖുമുഖ്ചം ജോയ് കിസാന്‍ സിങ്ങ് (തങ്മെയ്ബാന്‍റ് നിയോജകമണ്ഡലം), ഗുര്‍സംഗ്ലൂര്‍ സനാറ്റെ (ടിപായ്മുഖ്), മുഹമ്മദ് അചാബ് ഉദ്ദിന്‍ (ജിറിബാം), തംങ്ചം അരുണ്‍കുമാര്‍ (വാംഗ്ഖെയ്), എല്‍.എം. ഖൗട്ടെ (ചുരാചന്ദ്പൂര്‍) എന്നിവര്‍ ഉള്‍പ്പെടുന്നു.
60 അംഗ മണിപ്പൂര്‍ നിയമസഭയില്‍ നിതീഷ് കുമാറിന്റെ ജെഡിയു ആറ് സീറ്റുകള്‍ നേടിയിരുന്നു. ജെഡിയു എംഎല്‍എമാര്‍ പിന്നീട് മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ പിന്തുണച്ചിരുന്നു. ആറാമത്തെ ജെഡിയു എംഎല്‍എ മുഹമ്മദ് നാസിര്‍ മാത്രം ബിജെപിയിലേക്ക് മാറിയിട്ടില്ല. ഇദ്ദേഹം ലിലോങ് മണ്ഡലത്തിലെ എംഎല്‍എയാണ്.
ഒമ്പത് വര്‍ഷത്തിനുള്ളില്‍ രണ്ടാം തവണയും നിതീഷ് കുമാര്‍ ബിജെപിയെ വിട്ട് ലാലുപ്രസാദ് യാദവിന്റെ രാഷ്‌ട്രീയ ജനതാദളും, കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നതോടെയാണ് ജെഡിയു എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേര്‍ന്നത്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള നീക്കത്തിലാണ് നിതീഷ് കുമാര്‍. ഇതിന്റെ ഭാഗമായി ജെഡിയു എക്സിക്യൂട്ടീവ് യോഗം ചേരാനിരിക്കുകയാണ്. രാജ്യത്തെ 26 സംസ്ഥാന യൂണിറ്റുകളില്‍ നിന്നുള്ള നേതാക്കള്‍ ഉള്‍പ്പെടെ 110 പാര്‍ട്ടി നേതാക്കള്‍ ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കുമെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: