മുണ്ടുടുത്ത്, മലയാളത്തില്‍ ഓണാശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മിണ്ടിയതെല്ലാം കെങ്കേമം. മുണ്ടുടുക്കാത്ത പ്രധാനമന്ത്രിയും മുണ്ടുടുക്കുന്ന മുഖ്യമന്ത്രിയും എന്ന ചൊല്ലുതന്നെ മാറ്റിമറിച്ചു. പ്രധാനമന്ത്രി മുണ്ടുടുത്ത് പറഞ്ഞത് കേട്ട് മലയാളികള്‍ നെഞ്ചത്ത് കൈവച്ചു. ദൈവമേ ഇപ്പറഞ്ഞതാണോ സത്യം. എങ്കില്‍ കൊവിഡ് കാലത്ത് കിറ്റുകള്‍ നല്‍കിയത് കേരളമെന്നല്ലെ കേട്ടത്. അതിനായി 6000 കോടി രൂപ കേന്ദ്രം ചെലവിട്ടുവെന്നും നരേന്ദ്രമോദി പറഞ്ഞല്ലോ. രണ്ടുലക്ഷം വീടു നല്കുന്നു എന്ന പ്രഖ്യാപനത്തില്‍ 1.30 ലക്ഷം വീടുകള്‍ കേന്ദ്രം നല്‍കിയെന്ന് പറഞ്ഞിരിക്കുന്നു. ദേശീയപാത 66ന് 55000 കോടി രൂപ കേന്ദ്രം നല്‍കിയെന്നും 36 ലക്ഷം രോഗികള്‍ക്ക് ആയുഷ്മാന്‍ പദ്ധതി പ്രകാരം സഹായം നല്‍കിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഒരുലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനവും മോദി പ്രഖ്യാപിച്ചിട്ടുണ്ട്. ആ സഹായം തുകയായി കിട്ടിയാല്‍ കൊള്ളാമെന്ന് മുഖ്യമന്ത്രി ആഗ്രഹിച്ചാല്‍ തെറ്റുപറയാന്‍ കഴിയില്ലല്ലൊ. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് രണ്ടുമാസത്തെ ശമ്പളത്തില്‍ മൂന്നിലൊന്ന് നല്‍കാനും ബാങ്കി തുകയ്ക്ക് കൂപ്പണ്‍ നല്‍കാനും നിര്‍ബന്ധിതമായ ഒരു സംസ്ഥാനം കാശിനുവേണ്ടി മോഹിച്ചാല്‍ തെറ്റുാവുകയില്ലല്ലൊ.
കേരളത്തിലെ 37 ലക്ഷം കര്‍ഷകര്‍ക്കാണ് കിസാന്‍ സമ്മാന നിധി കിട്ടിയത്. മത്സ്യത്തൊഴിലാളികള്‍ക്കും കിസാന്‍ കാര്‍ഡ് നല്കി. ആധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ സൗകര്യം ലഭിക്കാന്‍ പോകുന്നു. ബിജെപി പൊതുയോഗത്തിനുശേഷം പ്രധാനമന്ത്രി സന്ദര്‍ശിച്ചത് ആദിശങ്കരന്റെ ജന്മസ്ഥാനമാണ്. ഒരുപക്ഷേ അതാകും നരേന്ദ്രമോദിക്ക് ഏറ്റവും സന്തോഷദായമായ കാര്യം.
കേവലം 32 വര്‍ഷത്തെ ജീവിതംകൊണ്ട് ശങ്കരാചാര്യര്‍ സമൂഹത്തിലുണ്ടാക്കിയ പരിവര്ത്തനത്തോളം വലുതെന്തുണ്ട്. ശ്രീശങ്കരനെ ഓര്‍ക്കുന്നതും ആരാധിക്കുന്നതും ആപത്താണെന്ന് ചിന്തിക്കുന്നവരെ നിരാശപ്പെടുത്തിക്കൊണ്ടാണ് പ്രധാനമന്ത്രി കാലടിയിലെത്തിയത്. പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കലക്ടര്‍ ഡോ.രേണുരാജും ക്ഷേത്രത്തില്‍ എത്തിയിരുന്നു.
ശ്രീശാരദ സന്നിധിയിലാണു മോദി ആദ്യം ദര്‍ശനം നടത്തിയത്. തുടര്‍ന്ന് ശ്രീശങ്കരന്റെ മാതാവ് ആര്യാംബയുടെ സമാധി സ്ഥലത്തു പുഷ്പങ്ങള്‍ അര്‍പ്പിച്ചു. ശ്രീശക്തി ഗണപതി സന്നിധിയിലും ശ്രീശങ്കര ഭഗവദ്പാദരുടെ സന്നിധിയിലും പ്രാര്‍ഥിച്ചു. ശ്രീകോവിലില്‍ മംഗളാരതിയും പുഷ്പാര്‍ച്ചനയും നടത്തി.
ശ്രീകോവിലിനു മുന്നില്‍ പ്രത്യേകം തയാറാക്കിയ പീഠത്തിലിരുന്ന മോദി പിന്നീട് ശ്രീശങ്കര പാദുകത്തില്‍ സ്വയം പുഷ്പാര്‍ച്ചന നടത്തി. ഡോ.വി.ആര്.ഗൗരിശങ്കര്‍ അദ്ദേഹത്തെ ഷാള്‍ അണിയിച്ചു. ഫല, താംബൂലവും പുസ്തകങ്ങളും പ്രസാദമായി നല്കി. മാര്‍ബിളില്‍ തീര്‍ത്ത ശങ്കരന്റെ ധ്യാനരൂപവും പ്രധാനമന്ത്രിക്കു സമ്മാനിച്ചു. മഴയത്ത് ക്ഷേത്രത്തിനു വെളിയില്‍ ഇറങ്ങാനും അദ്ദേഹം മടിച്ചില്ല. ക്ഷേത്രത്തോടു ചേര്‍ന്നൊഴുകുന്ന പെരിയാര്‍ വീക്ഷിച്ച പ്രധാനമന്ത്രി 40 മിനിറ്റാണു ക്ഷേത്ര സമുച്ചയത്തില്‍ ചെലവഴിച്ചത്. ആദിശങ്കര കീര്‍ത്തിസ്തംഭ മണ്ഡപത്തിലെത്തിയ മോദി, ശങ്കരാചാര്യരുടെ പാദുകത്തിനു മുന്നില്‍ നമസ്കരിച്ചു. കാഞ്ചി മഠത്തിന്റെ കേരളത്തിലെ കോ–ഓര്‍ഡിനേറ്റര്‍ ടി.എസ്.വെങ്കട്ടരാമന് പ്രധാനമന്ത്രിയെ ഷാള്‍ അണിയിച്ചു. 9 നിലകളുള്ള കീര്‍ത്തിസ്തംഭത്തിന്റെ മുകളിലത്തെ നിലകളിലേക്ക് മോദി കയറിയില്ല. 10 മിനിറ്റോളം കീര്‍ത്തിസ്തംഭ മണ്ഡപത്തില്‍ ചെലവഴിച്ച ശേഷം പ്രധാനമന്ത്രി നെടുമ്പാശേരിയിലേക്കു മടങ്ങി.
കേരളത്തില്‍നിന്നുള്ള നവോത്ഥാന നായകരെ അനുസ്മരിച്ചാണ് കൊച്ചി വിമാനത്താവളത്തിനു പുറത്തു നടന്ന ബിജെപി സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചത്. ‘ഋഷിപഞ്ചമിദിനത്തില് ഇന്ത്യയിലെ മുഴുവന്‍ ഋഷിപരമ്പരകള്ക്കും എന്റെ നമസ്കാരം. ഈ ദിനത്തില്‍തന്നെ ആദിശങ്കരന്റെ നാടും കാലടിയില്‍ അദ്ദേഹത്തിന്റെ സ്മാരകവും ജന്മഭൂമി ക്ഷേത്രവും സന്ദര്ശിക്കാനാകുന്നതു മഹാഭാഗ്യം’– മോദി പറഞ്ഞു. കേരളം ലോകത്തിനു സമ്മാനിച്ച ഋഷിപരമ്പരയില്‍ ആദ്യകണ്ണിയാണ് ആദിശങ്കരനെന്നു പറഞ്ഞ പ്രധാനമന്ത്രി തുടര്‍ന്ന് ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികള്‍, അയ്യാ വൈകുണ്ഠ സ്വാമി, മഹാത്മാ അയ്യങ്കാളി തുടങ്ങി കേരളം സംഭാവന ചെയ്ത പ്രമുഖരെയും അനുസ്മരിച്ചു. കേരളത്തിനുള്ള ഓണസമ്മാനമെന്ന് പ്രഖ്യാപിച്ച് 4500 കോടിയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. കേരളത്തിലെ ഗതാഗത വികസനത്തിന് വലിയ പ്രാധാന്യമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള വികസനമാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
നെടുമ്പാശ്ശേരി സിയാല്‍ കണ്വെന്ഷന് സെന്ററിലാണ് കൊച്ചി മെട്രോയുടെയും റെയില്‍വേയുടെയും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചത്. ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് വരെയുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനം, ഒന്നാം ഘട്ടത്തിലെ പേട്ട മുതല്‍ എസ്.എന്‍. ജങ്ഷന് വരെയുള്ള മെട്രോ യാത്രാ സര്‍വീസിന്റെ ഉദ്ഘാടനം, എറണാകുളം സൗത്ത്, നോര്‍ത്ത് സ്റ്റേഷനുകളുടെയും കൊല്ലം സ്റ്റേഷന്റെയും നവീകരണ ഉദ്ഘാടനം എന്നിവ പ്രധാനമന്ത്രി നിര്‍വഹിച്ചു. കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം ഇരട്ടിപ്പിച്ച പാതയും വൈദ്യുതീകരിച്ച കൊല്ലം പുനലൂര്‍ പാതയും പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. കോട്ടയത്തുനിന്നും എറണാകുളത്തേക്കുള്ള സ്പെഷ്യല്‍ ടെയിന്‍, കൊല്ലത്തുനിന്നും പുനലൂരിലേക്കുള്ള സ്പെഷ്യല്‍ ട്രെയിന്‍ എന്നിവയുടെ ഫഌഗ് ഓഫും പ്രധാനമന്ത്രി നിര്‍വഹിച്ചു.
രണ്ടാം ഘട്ടത്തില്‍ കൊച്ചി മെട്രോ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ എത്തുമ്പോള്‍ യുവാക്കള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഏറെ ഗുണകരമാകും. വിവിധ ഗതാഗത സംവിധാനങ്ങളാണ് കൊച്ചിയില്‍ ഒരുമിക്കുന്നത്. ഏകീകൃത മെട്രോപൊളിറ്റന്‍ ഗതാഗത അതോറിറ്റിക്കു കീഴില്‍ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയുന്നതോടൊപ്പം മലിനീകരണവും കുറയ്ക്കുകയാണ് ലക്ഷ്യം. കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണമായും ഇല്ലാതാക്കുകയും ലക്ഷ്യമാണ്.
റെയില്‍വേയും സമഗ്ര വികസനത്തിന്റെ പാതയിലാണ്. റെയില്‍വേ സ്റ്റേഷനുകള്‍ എയര്‍പോര്‍ട്ടുകള്‍ക്ക് സമാനമായ രീതിയില്‍ വികസിപ്പിക്കുകയാണ്. ഗതാഗത സംവിധാനങ്ങള്‍ വിപുലമാകുന്നതോടെ വിനോദസഞ്ചാര മേഖലയും വികസിക്കും. സംരംഭക വികസനത്തിനായി കേരളത്തിന് പിന്തുണ നല്കുന്നുണ്ടെന്നകാര്യവും പ്രധാനമന്ത്രി അനുസ്മരിച്ചു.
കപ്പലോട്ടം നടത്തിയവരുടെ നാടാണല്ലോ കേരളം. അവിടെയാണ് ഒരു പെരിയകപ്പല്, യുദ്ധക്കപ്പല്‍, വിമാനവാഹിനി കപ്പല്‍, രാഷ്ട്രത്തിന് സ്വന്തമായത്. എന്നോട് യുദ്ധത്തിനൊരുങ്ങുന്നവരെ ഞാന്‍ തറപറ്റിക്കുമെന്ന ആപ്തവാക്യം പേറുന്ന നാവിക സേനയുടെ കപ്പലിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിച്ചു. അതൊരു വെറും കപ്പലല്ല. ഒരു നഗരം തന്നെയാണ്. 30 യുദ്ധവിമാനങ്ങള്‍ പേറുന്ന കപ്പല്‍ സഞ്ചരിക്കുന്ന ഇന്ത്യതന്നെ. ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ രണ്ടിരട്ടി വലുപ്പമുള്ള കപ്പല്‍ ഇന്ത്യയുടെ നട്ടെല്ലാണ്. 200 രാജ്യങ്ങളില്‍ സ്വന്തമായി യുദ്ധകപ്പലുള്ള ആറുരാജ്യങ്ങളില് ഒന്നായി ഇന്ത്യയും. ഉടുത്തുനടന്നാല് വമ്പെന്ന് പറയും. ഉടുക്കാതെ നടന്നാല്‍ പ്രാന്തെന്നും. ഇന്ത്യ ഉടുത്തു നടക്കാന്‍ കഴിയുന്ന രാജ്യമായി. ഇനി ഇന്ത്യയുടെ പേര് കൊമ്പത്തുതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: