ഭാരതം തദ്ദേശീയമായി വികസിപ്പിച്ച ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചതോടെ ആത്മനിര്‍ഭര ഭാരതത്തിലേക്കുള്ള മഹത്തായ ഒരു ചുവടുവയ്പ്പാണ് നടന്നിരിക്കുന്നത്. പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചതുപോലെ കേരളത്തിന്റെ പുണ്യഭൂമി ഇതിന് സാക്ഷ്യംവഹിച്ചതില്‍ ഓരോ മലയാളിക്കും പ്രതേ്യകം അഭിമാനിക്കാം. ഇത് നമ്മുടെ നാവികസേനയ്ക്ക് പകര്‍ന്നു നല്കുന്ന കരുത്ത് അളവറ്റതാണ്. ഈ വിമാനവാഹിനിക്കപ്പലിന്റെ വിപുലമായ നിര്‍മാണദൗത്യം കൊച്ചി കപ്പല്‍ശാല ഒറ്റയ്ക്ക് പൂര്‍ത്തിയാക്കിയത് രാജ്യത്തെ ഓരോ പൗരനും അഭിമാനിക്കാവുന്നതും, കൊച്ചി കപ്പല്‍ശാലയ്ക്ക് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബഹുമതിയുമാണ്. തകര്‍ച്ചയുടെ വക്കില്‍നിന്ന ഒരു സ്ഥാപനത്തെ ഈ നിലയിലേക്ക് എത്തിച്ചതില്‍ ആ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ഭരണനേതൃത്വത്തിന്, പ്രത്യേകിച്ച് സിഎംഡി മധുനായര്ക്കുള്ള പങ്ക് വളരെ വലുതാണ്. കാലങ്ങളായി പലതിനും പഴി കേട്ടിരുന്ന ഒരു സ്ഥാപനമാണ് ഇപ്പോള്‍ ലോകോത്തരമായ നിലയിലേക്ക് ഉയര്‍ന്നിരിക്കുന്നത്. ഐഎന്‍എസ് വിക്രാന്ത് നിര്‍മിക്കാന്‍ നാം പ്രദര്‍ശിപ്പിച്ച വൈദഗ്ധ്യം രാജ്യത്തിന് മുതല്‍ക്കൂട്ടാണ്. അതിന്റെ കരുത്തില്‍ കൂടുതല്‍ ഔന്നത്യത്തിലേക്ക് എത്താന്‍ ഭാരതത്തിന് കഴിയും. ലോകത്തെ അപൂര്‍വം രാജ്യങ്ങള്‍ക്ക് മാത്രം കഴിയുന്ന ശേഷിയാണ് ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണത്തില്‍ നാം പുറത്തെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റ് രാജ്യങ്ങള്‍ താല്പര്യത്തോടെയാണ് ഇതിനെ കാണുന്നത്. കപ്പല്‍ശാലയുടെ വികസനത്തില്‍ മഹത്തായ ഒരു കുതിപ്പുതന്നെ സംഭവിച്ചിരിക്കുന്നു.
ഭാരതം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. അതിബൃഹത്തായ ഒരു സായുധസേനയും നമുക്കുണ്ട്. എന്നാല്‍ പ്രതിരോധരംഗത്ത് നാം നിരവധി ദൗര്‍ബല്യങ്ങള്‍ നേരിടുകയാണ്. പ്രതിരോധരംഗത്തെ സ്വയംപര്യാപ്തത എന്നത് പലപ്പോഴും നമ്മുടെ രാഷ്ട്രപതിമാരുടെയും പ്രധാനമന്ത്രിമാരുടെയും പ്രസംഗങ്ങളില്‍ ഒതുങ്ങിനിന്ന കാര്യമായിരുന്നു. രാജ്യം ഏതു സുരക്ഷാ വെല്ലുവിളിയെയും നേരിടാന്‍ സജ്ജമാണെന്ന് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞ് നാവെടുക്കുന്നതിനു മുന്പാണല്ലോ ചൈനയുമായുള്ള യുദ്ധത്തില്‍ ഭാരതത്തിന് ദയനീയമായ തോല്‍വി പിണഞ്ഞത്. നമ്മുടെ സൈനികര്‍ക്ക് സഞ്ചരിക്കാന്‍ നല്ല ജീപ്പുപോലും അന്നത്തെ പ്രതിരോധമന്ത്രി ലഭ്യമാക്കിയിരുന്നില്ല. സ്വാതന്ത്ര്യത്തിനുശേഷം അയല്‍രാജ്യങ്ങളുമായി നാല് യുദ്ധങ്ങള്‍ നമുക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. അപ്പോഴെല്ലാം ശത്രുക്കളെ നേരിടാന്‍ നമുക്ക് വന്‍ശക്തികളെ ആശ്രയിക്കേണ്ടിവന്നു. ആയുധങ്ങള്‍ വിലകൊടുത്തു വാങ്ങുകയായിരുന്നു. നമുക്ക് ആവശ്യമുള്ള ആയുധങ്ങളും വിമാനങ്ങളും മറ്റ് യുദ്ധസാമഗ്രികളുമൊക്കെ സ്വന്തമായി നിര്‍മിക്കുന്നതിന് നാം വിമുഖത കാണിച്ചു. അങ്ങനെയൊരു ചിന്തപോലും നമുക്കുണ്ടായില്ല. രാജ്യരക്ഷയ്ക്കായി അതിഭീമമായ തുക ബജറ്റുകളില്‍ മാറ്റിവയ്ക്കുമ്പോഴും മറ്റ് രാജ്യങ്ങളില്‍നിന്ന് ആയുധങ്ങള്‍ വാങ്ങുന്നതിനാണ് അത് വിനിയോഗിച്ചത്. രാഷ്ട്രീയ-ഭരണ നേതൃത്വവും ഇടനിലക്കാരും ആയുധവ്യാപാരികളും അടങ്ങുന്ന ഒരു ദൂഷിതവലയം രൂപപ്പെട്ടു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെയാണ് ഈ അവസ്ഥയ്ക്ക് പ്രകടമായ മാറ്റം സംഭവിച്ചുതുടങ്ങിയത്. സ്വന്തമായി തേജസ് യുദ്ധവിമാനം നിര്‍മിച്ചത് ഒരു ഉദാഹരണം മാത്രം.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു മുന്നില്‍വച്ച ആത്മനിര്‍ഭരത എന്ന ആശയത്തിന്റെ പ്രതിരോധരംഗത്തെ വിജയങ്ങളിലൊന്നാണ് ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണം. സ്വയംപര്യാപ്തത എന്ന ആശയത്തിന്റെ സമ്പൂര്‍ണതയാണ് ആത്മനിര്‍ഭരത എന്നു പറയാം. ഭാരതത്തോട് ശത്രുതാപരമായി പെരുമാറുന്ന രാജ്യങ്ങള്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണം. ഉടന്‍തന്നെ ഇതില്‍നിന്ന് യുദ്ധവിമാനങ്ങള്‍ പറന്നുപൊങ്ങാനും ലാന്റുചെയ്യാനും തുടങ്ങും. അടുത്തവര്‍ഷത്തോടെ പൂര്‍ണമായി യുദ്ധസജ്ജമാവുകയും ചെയ്യും. ഇതോടെ ഇന്ത്യ ന് മഹാസമുദ്രത്തിലും ഇന്തോ-പസഫിക് മേഖലയിലും ഭാരതത്തിന് വ്യക്തമായ മേല്‍ക്കൈ ലഭിക്കും. ഇന്തോ-പസഫിക് മേഖല തങ്ങളുടെ ആധിപത്യത്തിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ചൈനയ്ക്ക് ഇനി കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. അമേരിക്ക, ജപ്പാന്, ആസ്ട്രേലിയ, ഭാരതം എന്നിവയടങ്ങുന്ന ക്വാഡ് സഖ്യത്തിന് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ ഇനി കഴിയും. സ്വാതന്ത്ര്യം ലഭിച്ച് ഏഴര പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇപ്പോഴാണ് നമുക്ക് ഇതിനൊക്കെ കഴിയുന്നത് എന്ന വസ്തുത വിസ്മരിക്കാന്‍ പാടില്ല. മാറിയ കാലത്ത് ഭാരതത്തിന്റെ ആന്തരിക ശക്തി പ്രകടമാവാന്‍ തുടങ്ങിയപ്പോള്‍ പുതിയ അവകാശവാദങ്ങളുമായി ചിലര്‍ രംഗത്തുവരാന്‍ ശ്രമിക്കുന്നുണ്ട്. ആറ് പതിറ്റാണ്ടുകാലത്തോളം രാജ്യം ഭരിക്കാന്‍ കഴിഞ്ഞിട്ടും, രാജ്യരക്ഷയുടെ കാര്യത്തില്‍ കടുത്ത അവഗണന കാണിച്ചവരാണ് ഇക്കൂട്ടര്‍. പ്രതിരോധരംഗത്തെ കുറവുകള്‍ മുന്‍കാല പ്രാബല്യത്തോടെ പരിഹരിക്കുന്നതാണ് സ്വന്തമായി വിമാനവാഹിനിക്കപ്പല്‍ നിര്‍മിച്ചതിലൂടെ കാണാന്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: