കോഴിക്കോട്: സംസ്ഥാന വനിതാ ഫുട്ബോള്‍ ലീഗില്‍ ഗോളടിച്ചുകൂട്ടി കേരള ബ്ലാസ്റ്റേഴ്സ് കുതിക്കുന്നു. ഇന്ന് കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ 13 ഗോളുകള്‍ക്ക് വടകര കടത്തനാട് രാജ ഫുട്ബോള്‍ അക്കാദമിയെ തകര്‍ത്തു.
അഞ്ച് കളിയില്‍ നാലാമത്തെ ജയവുമായി ബ്ലാസ്റ്റേഴ്സ് ഒന്നാംസ്ഥാനത്ത് തുടര്‍ന്നു. കടത്തനാട് രാജയ്ക്കെതിരെ ബ്ലാസ്റ്റേഴ്സിനായി ലക്ഷ്മി തമാങ് നാല് ഗോള്‍ അടിച്ചു. കരക്കാരിയായെത്തിയ പി. മാളവികയും ഹാട്രിക് നേടി. നിധിയ ശ്രീധരനും സിവിഷയും ഇരട്ടഗോള്‍ നേടി. എസ്. അശ്വതി, ടി.പി. ലുബ്ന ബഷീര്‍ എന്നിവരും ലക്ഷ്യംകണ്ടു.
കളിയുടെ മൂന്നാം മിനിറ്റില്‍തന്നെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. സിവിഷ എടുത്ത കോര്‍ണര്‍ കിക്ക് ഗോള്‍ കീപ്പര്‍ക്ക് തടയാനായില്ല. കിക്കിനൊടുവില്‍ ലക്ഷ്മിയാണ് ലക്ഷ്യം കണ്ടത്. ഒമ്പതാം മിനിറ്റില്‍ ലക്ഷ്മിയിലൂടെ ബ്ലാസ്റ്റേഴ്സ് വീണ്ടും വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. രണ്ടാം ഗോളിനായി 38-ാം മിനിറ്റ് വരെ ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കേണ്ടിവന്നു. ഒറ്റയ്ക്കുള്ള മുന്നേറ്റത്തിനൊടുവില്‍ സിവിഷയാണ് ലക്ഷ്യം കണ്ടത്.
43-ാം മിനിറ്റില്‍ മൂന്നാം ഗോളടിച്ചു. സിവിഷ നല്കിയ പന്തുമായി ബോക്സില്‍ കയറിയ നിധിയ ഇത്തവണ ലക്ഷ്യം കണ്ടത്. തൊട്ടുപിന്നാലെ കടത്തനാട് എഫ്എ ഒരു ഗോള്‍ മടക്കി. അവരുടെ നീലാംബരിയാണ് ബ്ലാസ്റ്റേഴ്സ് വല കുലുക്കിയത്. തൊട്ടുപിന്നാലെ ലക്ഷ്മിയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് വീണ്ടും ഉയര്‍ത്തി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ബ്ലാസ്റ്റേഴ്സ് 4-1ന് മുന്നില്‍.
രണ്ടാം പകുതിയുടെ രണ്ടാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാം ഗോള്‍ പിറന്നു. ലക്ഷ്മിയാണ് ലക്ഷ്യം കണ്ടത്. 52-ാം മിനിറ്റില്‍ സിവിഷയെ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി സിവിഷ അനായാസം വലയിലെത്തിച്ചു. 61-ാം മിനിറ്റില്‍ ലക്ഷ്മിയുടെ നാലാമത്തെ ഗോള്‍, ബ്ലാസ്റ്റേഴ്സിന്റെ ഏഴാമത്തെയും. പിന്നീട് 68-ാം ലുബ്ന, 75-ാം മിനിറ്റില്‍ മാളവിക, തൊട്ടുപിന്നാലെ വീണ്ടും മാളവിക, 80-ാം മിനിറ്റില്‍ നിധിയ, 87-ാം മിനിറ്റില്‍ വീണ്ടും മാളവിക, പിന്നാലെ അശ്വതിയും ലക്ഷ്യം കണ്ടതോടെ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ മഴക്ക് ശമനമായി. 11ന് കേരള യുണൈറ്റഡ് എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി.
കൊച്ചി മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ലോര്‍ഡ്സ് എഫ്എ കൊച്ചി മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കേരള യുണൈറ്റഡ് എഫ്സിയെ തകര്‍ത്തു. വിജയികള്‍ക്കായി 58-ാം മിനിറ്റില്‍ ഇന്ദുമതി കതിരേശന്, പരിക്ക് സമയത്ത് വിന് തിന്ഗി തുന്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. നാളെ ഗോകുലം എഫ്സിയും ഡോണ്‍ബോസ്കോയും തമ്മിലാണ് മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: