കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പള്ളിയില്‍ വന്‍ സ്ഫോടനം. ഇമാമും താലിബാന് നേതാക്കളുമടക്കം 21 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. അഫ്ഗാന്റെ പടിഞ്ഞാറന്‍ നഗരമായ ഹെറാത്തിലെ ഗുസര്‍ഗാഹ് പള്ളിയിലാണ് സ്ഫോടനമുണ്ടായത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പള്ളിയില്‍ തിരക്കേറിയ സമയമായിരുന്നു.
സ്ഫോടനത്തില്‍ മരിച്ച ഇമാമായ മുജീബ് ഉര് റഹ്മാന് അന്‍സാരി താലിബാനോട് വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ്. മരിച്ചവരില്‍ 18 പേര് പ്രദേശവാസികളാണ്. മറ്റുള്ളവര്‍ താലിബാന് നേതാക്കളും. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അന്‍സാരിയുടെ മരണത്തില്‍ താലിബാന് അനുശോചനം രേഖപ്പെടുത്തി. താലിബാനെതിരെ സംസാരിക്കുന്നവര്‍ക്കു മുന്നില്‍ വന്‍ പ്രതിരോധം തീര്‍ത്തിരുന്ന ആളാണ് അന്‍സാരി. സ്ഫോടനത്തിന്റെ ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടുമെന്നും താലിബാന് വക്താവ് സബൈയുള്ള മുജാഹിദ് അറിയിച്ചു.
താലിബാന് ഭരണത്തില്‍ അടുത്തിടെയായി നിരവധി സ്ഫോടനങ്ങളുണ്ടായി. ഇതില്‍ കൂടുതലും പള്ളികളിലും. അതും തിരക്കേറിയ പ്രാര്‍ഥനാ സമയത്ത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രദേശിക സംഘടനകളായിരുന്നു പലതിന്റെയും പിന്നില്‍. അഫ്ഗാനില്‍ അടുത്തടുത്തായുണ്ടാകുന്ന സ്ഫോടനങ്ങളില്‍ ഐക്യ രാഷ്ട്രസഭ ആശങ്കയറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: