കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച പ്രഥമ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ച ചടങ്ങിന് കേന്ദ്ര ഇലക്ട്രോണിക്സ് , ഐ ടി, നൈപുണ്യ വികസന സംരംഭക വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സാക്ഷ്യം വഹിച്ചത് 50 വര്‍ഷം മുമ്പ് ഐഎന്‍എസ് വിക്രാന്തില്‍ യാത്ര ചെയ്തതിന്റെ മധുരസ്മരണകളോടെ.
‘ഐഎന്‍എസ് വിക്രാന്തിനെക്കുറിച്ചുള്ള ബാല്യകാല സ്മരണകള്‍ വ്യക്തിപരമായി എന്നെ കൂടുതല്‍ ആവേശഭരിതനാക്കുന്നു’വെന്ന് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുന്നതിന് കൊച്ചിയിലെത്തിയ അദ്ദേഹം ട്വീറ്റ് ചെയ്തു. ‘ഇന്ത്യയുടെ ചരിത്രത്തിലെ ഈ മഹത്തായ നിമിഷത്തിനും രാജ്യസുരക്ഷയില്‍ അത്യന്താധുനിക ശക്തിയാകുന്നതിലേക്കുമുള്ള ഈ യാത്രക്കു സാക്ഷ്യം വഹിക്കാന്‍ ഞാന്‍ ഇന്ന് മനോഹരമായ കൊച്ചിയിലാണ്, ഐഎന്‍എസ് വിക്രാന്തിനെക്കുറിച്ചുള്ള എന്റെ ബാല്യകാല സ്മരണകളിലേക്ക് മടങ്ങുമ്പോള്‍ വ്യക്തിപരമായും ഇത് എന്നെ കൂടുതല്‍ ആവേശഭരിതനാക്കുന്നു’, അദ്ദേഹം സൂചിപ്പിച്ചു.
50 വര്‍ഷങ്ങള്‍ക്ക് മുമ്പ്, കുട്ടിയായിരിക്കുമ്പോള്‍, വ്യോമസേനയില്‍ യോദ്ധാവായ പിതാവുമൊത്താണ് അദ്ദേഹം ഐഎന്‍എസ് വിക്രാന്തില്‍ യാത്ര ചെയ്യുന്നത്. വിമാന വാഹിനിയുടെ ഹാംഗറില്‍ നിലകൊണ്ട ബ്രെഗറ്റ് അലൈസ്, സീഹോക്ക് എന്നീ ചെറുവിമാനങ്ങള്ക്കൊപ്പമായിരുന്നു ആ യാത്ര, അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ സംരക്ഷിക്കുന്നതില്‍ അദ്ദേഹം എന്നും ശ്രദ്ധാലുവായിരുന്നു. 2019ല്‍ ഐഎന്‍എസ് വിരാട് ഡീകമ്മീഷന്‍ ചെയ്യുന്നതിന് തീരുമാനിച്ചപ്പോള്‍ അത് ചരിത്രത്തിന്റെ ഭാഗമാക്കി സംരക്ഷിക്കപ്പെടണമെന്ന് രാജീവ് ചന്ദ്രശേഖര്‍ വാദിച്ചിരുന്നു.
ചിപ്പ് ഡിസൈനറും ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും ബൃഹത്തായ സെല്ലുലാര്‍ ഫോണ്‍ സംരംഭകനുമായ രാജീവ് ചന്ദ്രശേഖര്‍, ധീര സൈനികരുടെയും സായുധ സേനയുടെയും സംരക്ഷകനായ എംപി കൂടിയായി അറിയപ്പെടുന്നു. ദേശീയ യുദ്ധ സ്മാരകം നിര്‍മ്മിക്കുന്നതിലും സായുധ സേനയ്ക്ക് വോട്ടവകാശം ലഭിക്കുന്നതിനായി പോരാടുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിക്കുകയുണ്ടായി . വീരമൃത്യു വരിച്ച സൈനികരുടെയും കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കുന്നതടക്കമുള്ള സേവനങ്ങള്‍ക്കായി ഫ്ലാഗ്സ് ഓഫ് ഓണര്‍ ഫൗണ്ടേഷന് എന്ന സന്നദ്ധ സംഘടനയിലും അദ്ദേഹം സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: