പത്തനാപുരം: മാതാപിതാക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുട്ടികളെ നന്നായി ബോധ്യപ്പെടുത്തണമെന്നും മാതാപിതാക്കളെ ഉപേക്ഷിക്കുന്ന സംസ്കാരം ആശങ്കാജനകമാണെന്നും ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി. ഗാന്ധിഭവനിലെ നിരാലംബരായ അമ്മമാര്‍ക്ക് താമസിക്കാന്‍ താന്‍ നിര്‍മ്മിച്ചുനല്‍കുന്ന ബഹുനില മന്ദിരം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാന്‍ കെട്ടിടം പണിതതിന്റെ പേരില്‍ അമ്മമാരെ ഇവിടെ കൊണ്ട് തള്ളാമെന്ന ചിന്താഗതി ആര്‍ക്കും ഉണ്ടാകരുത്. മാതാപിതാക്കളെ സംരക്ഷിക്കേണ്ടതും പരിരക്ഷിക്കേണ്ടതും മക്കളുടെ കടമയാണ്. എന്നാല്‍ അമ്മമാരെ ഉപേക്ഷിക്കുന്നത് കൂടിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജന്, ട്രസ്റ്റി പ്രസന്നാ രാജന്, വൈസ് ചെയര്മാന് പി.എസ്. അമല്‍രാജ് എന്നിവര്‍ ചേര്‍ന്ന് യൂസഫലിയെ സ്വീകരിച്ചു. ഗാന്ധിഭവന് ഭാരവാഹികള്‍ക്കൊപ്പം കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ അദ്ദേഹം പാവപ്പെട്ട മൂന്ന് അമ്മമാര്‍ ചേര്‍ന്നാകും ഉദ്ഘാടനം ചെയ്യുകയെന്നും പ്രഖ്യാപിച്ചു.
15 കോടിയോളം തുക മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കിയ മൂന്നുനില മന്ദിരത്തില്‍ അത്യാധുനിക സൗകര്യങ്ങളെല്ലാമുണ്ട്. ഇതു കൂടാതെ ആറ് വര്‍ഷത്തിനിടെ പല ഘട്ടങ്ങളിലായി ഏഴരകോടിയിലധികം രൂപയുടെ സഹായങ്ങളും യൂസഫലി ഗാന്ധിഭവന് നല്‍കിയിട്ടുണ്ട്. പുതിയ മന്ദിരത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം രണ്ടുമണിക്കൂറിലധികം ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: