ഷാജന് സി. മാത്യു
1997 നവംബറിലാണ് അഭിമാനകരമായ ആ രഹസ്യം ലോകമറിഞ്ഞത്. രാജ്യം ആദ്യമായി ഡിസൈന്‍ ചെയ്തു നിര്‍മിച്ച യുദ്ധക്കപ്പല്‍ ‘ഐഎന്‍എസ് ദല്‍ഹി’ രാജ്യത്തിനു സമര്‍പ്പിച്ച ചടങ്ങു കഴിഞ്ഞു മുംബൈയില്‍നിന്നു ദല്‍ഹിയിലേക്കു നാവികസേനാ മേധാവി അഡ്മിറല്‍ വിഷ്ണു ഭഗവത് തന്റെ പ്രത്യേക വിമാനത്തില്‍ പത്രക്കാരുമായി മടങ്ങുകയായായിരുന്നു. ലോകത്തിനു മുന്നില്‍ രാജ്യത്തിന്റെ എന്‍ജിനിയറിങ് ഏകോപനത്തിന്റെ കരുത്തു കാണിച്ച ദിവസത്തിന്റെ ആനന്ദലഹരിയില്‍ ആയിരുന്നു സംഘം. അഡ്മിറല്‍ വിഷ്ണു ഭഗവത് പത്രലേഖകരോടു പറഞ്ഞു. ‘ഇതിലും വലിയൊരു സന്തോഷം ഞാന്‍ നിങ്ങളോട് പറയട്ടെ, നാം ഒരു എയര്‍ ഡിഫന്‍സ് ഷിപ്പ് (വിമാനവാഹിനി കപ്പലിനെ അന്ന് എയര്‍ ഡിഫന്‍സ് ഷിപ്പ് എന്നാണ് പ്രതിരോധസേന വിളിച്ചിരുന്നത്.) ഉണ്ടാക്കാന്‍ പോകുന്നു.’ അവിശ്വസനീയതയോടെ നാവികസേനാ മേധാവിയുടെ മുഖത്തു നോക്കി നിന്ന വാര്‍ത്താ സംഘത്തിലെ ഏക മലയാളിയായ ആര്. പ്രസന്നന്റെ നേരെ തിരിഞ്ഞ് അദ്ദേഹം പറഞ്ഞു. ‘ താങ്കളുടെ നാട്ടിലാണ് ഞങ്ങള്‍ അത് ഉണ്ടാക്കാന്‍ പോകുന്നത്, കൊച്ചിന് ഷിപ്പ് യാര്‍ഡില്‍’
1997ല്‍ അഡ്മിറല്‍ വിഷ്ണു ഭഗവത് ഇതു പറയുമ്പോള്‍ അമ്പരപ്പോടെ നില്‍ക്കാനേ പത്രക്കാര്‍ക്കു കഴിഞ്ഞിരുന്നുള്ളൂ. കാരണം, വിദേശനാണ്യ ഞെരുക്കത്തില്‍നിന്നും ആഭ്യന്തര ഉത്പാദന മാന്ദ്യത്തില്‍നിന്നും കഷ്ടിച്ചു രക്ഷപ്പെടുന്നുഎന്ന തോന്നല്‍ മാത്രം കിട്ടിയിരുന്ന, അന്നന്നപ്പത്തിനു വിഷമിച്ചിരുന്ന ഒരു രാജ്യത്തിന് മൂന്നു ബില്യണ്‍ ഡോളര്‍ ചെലവു വരുന്ന ഒരു പ്രോജക്ട് സ്വപ്നം കാണാന്‍ പോലും കഴിയുമായിരുന്നില്ല. എന്നാല്‍, 2004ല്‍ ആ രാജ്യം ആ ലക്ഷ്യത്തിന് അടിത്തറയിട്ടു, തൊട്ടടുത്ത വര്‍ഷം കപ്പലിന്റെ ഉരുക്ക് മുറിച്ചു (നിര്‍മാണോദ്ഘാടനം). സ്റ്റീല്‍ നല്‍കാതെ റഷ്യ ഉയര്‍ത്തിയ വലിയ പ്രതിസന്ധിയിലും കൊവിഡ് ഉണ്ടാക്കിയ സ്തംഭനത്തിലും നഷ്ടപ്പെട്ട നാല് വര്‍ഷം കുറച്ചാല്‍ 14 വര്‍ഷമെടുത്ത് ആ രാജ്യം ആ സ്വപ്നത്തില്‍ സല്യൂട്ട് ചെയ്യുന്ന ധന്യതയ്ക്കാണ്് ഇന്നു രാവിലെ കൊച്ചിന് കപ്പല്‍ശാല സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
ഒരു വെടിപോലും പൊട്ടിക്കാതെ ഒരു രാജ്യം കീഴടക്കി!
കടല്‍ത്തീരമില്ലാത്ത രാജ്യമാണ് അഫ്ഗാനിസ്ഥാന് എന്നു നമുക്കറിയാം. എന്നാല്‍ 2001ല്‍ ആ രാജ്യത്തെ താലിബാനില്‍നിന്നു മോചിപ്പിക്കാനായി യുദ്ധം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ് ആദ്യം അയച്ചത് കാള്‍ വിന്‍സെന്‍ എന്ന വിമാനവാഹിനിക്കപ്പലാണ്. കടല്‍ത്തീരമില്ലാത്ത രാജ്യത്തേക്കു കപ്പലയയ്ക്കുന്നത് എന്തിനെന്നു അന്നു പരിഹസിച്ചവരുണ്ട്. എന്നാല്‍, പേര്‍ഷ്യന്‍ സമുദ്രത്തില്‍ നിലയുറപ്പിച്ച കാള്‍ വിന്‍സനില്‍നിന്നു നിരവധി യുദ്ധവിമാനങ്ങള്‍ പറന്നുയരുന്നതും അഫ്ഗാനിലെ താലിബാന് കേന്ദ്രങ്ങളില്‍ സൂക്ഷ്മ ബോംബിങ് നടത്തി വിമാനങ്ങള്‍ തിരിച്ചു കാള്‍ വിന്‍സനില്‍ ലാന്‍ഡ് ചെയ്യുന്നതും വീണ്ടും ബോംബുകള്‍ നിറച്ചു പറന്നുയരുന്നതുമാണു ലോകം കണ്ടത്. ഛിന്നഭിന്നമായിപ്പോയ താലിബാന് സേനയിലെ അവേശേഷിച്ചവര്‍ തോറ ബോറ മലയിടുക്കുകളിലേക്കു പലായനം ചെയ്യുന്നതിനും യുഎസ് പിന്തുണയുള്ള വടക്കന്‍ സഖ്യസേന മാര്‍ച്ചു ചെയ്തുചെന്നു കാബൂളില്‍ ഭരണം ഏറ്റെടുക്കുന്നതിനും വരുംദിവസങ്ങള്‍ സാക്ഷിയായി. ഒരു വെടിയുണ്ട പോലും ചെലവാക്കാതെ ജയിച്ച യുദ്ധം!
വിമാനവാഹിനികളുടെ പ്രാധാന്യത്തെപ്പറ്റി യുദ്ധതന്ത്രജ്ഞര്‍ വിവരിച്ചിട്ടുള്ളതില്‍ സംശയമുള്ളവരായി ആരെങ്കിലും അവശേഷിച്ചിരുന്നെങ്കില്‍ അവരുടെ സംശയനിവാരണത്തിനുള്ള അവസരം കൂടിയായി ചരിത്രം ഈ സംഭവം രേഖപ്പെടുത്തുന്നു.
അടയിരിക്കുന്ന താറാവ്?
നിര്‍മാണത്തിന്റെ വലിയ ചെലവ് കണക്കാക്കി വിമാനവാഹിനികള്‍ അനാവശ്യമാണെന്നു വിമര്‍ശിക്കുന്നവരുണ്ട്. ‘അടയിരിക്കുന്ന താറാവ്’ എന്നാണ് വിമാനവാഹികളെ ഇവര്‍ പരിഹസിക്കുന്നത്. എന്നാല്‍, ഏറ്റവും നിര്‍ണായകമായ പങ്കു വഹിക്കാന്‍ കഴിയുന്ന യുദ്ധോപകരണമാണ് വിമാനവാഹിനി. 1971ലെ യുദ്ധത്തില്‍ പാകിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തിയത് ഐഎന്‍എസ് വിക്രാന്ത് എന്ന വിമാനവാഹിനിക്കപ്പല്‍ താവളമാക്കി നടത്തിയ ആക്രമണത്തിലാണ്. അതിലുള്ള വലിയ കൃതജ്ഞതയാലാണ് ഇന്നു കമ്മിഷന് ചെയ്യാന്‍ പോകുന്ന വിമാനവാഹിനിക്കും നാം ഐഎന്‍എസ് വിക്രാന്ത് എന്നു പേരു നല്‍കിയിരിക്കുന്നത്. വിമാനവാഹിനിക്ക് രാജ്യം എത്രവലിയ പ്രാധാന്യം നല്കുന്നു എന്നതിന് ഇതിലും വലിയ ഉദാഹരണം ആവശ്യമില്ലല്ലോ.
വിമാനവാഹിനി എന്നാല്‍ ഒഴുകി നടക്കുന്ന ഒരു യുദ്ധകേന്ദ്രമാണ്. അതു സ്ഥിതി ചെയ്യുന്നതിനു 360 ഡിഗ്രി ചുറ്റുമുള്ള ആയിരക്കണക്കിനു കിലോ മീറ്റര്‍ ആകാശവും കടലും കരയും തീരവുമെല്ലാം അതിന്റെ നിയന്ത്രണത്തിലാണ്. കടലിന്റെ ഉപരിതലം മാത്രമല്ല, അതിന്റെ ആഴങ്ങളും. മുങ്ങിക്കപ്പലുകള്‍ ഉയര്‍ത്തുന്ന ഭീഷണിയും വിമാനവാഹിനി നിരീക്ഷിക്കും. സ്വന്തമായി ആക്രണം നടത്തുക മാത്രമല്ല, അതിന്റെ നിയന്ത്രണ പരിധിയിലുള്ള മറ്റ് യുദ്ധവിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍, അന്തര്‍വാഹിനികള്‍, സുപ്രധാനസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നേരെ വരുന്ന ആക്രമണങ്ങളും ഇതു ചെറുക്കും.
മറ്റ് യാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാനും റിപ്പയര്‍ ചെയ്യാനും ക്രൂവിനു വിശ്രമിക്കാനും പരിക്കേറ്റവരെ ശുശ്രൂഷിക്കാനും സൈനികര്‍ക്ക് ഉല്ലസിക്കാനും വനിതകള്‍ക്കു പ്രത്യേകസൗകര്യങ്ങളുമൊക്കെ ഒരു വിമാനവാഹിനിയില്‍ ഉണ്ട്. അതുകൊണ്ടാണ് രാജ്യസുരക്ഷയില്‍ ഏറ്റവും ശ്രദ്ധ വയ്ക്കുന്ന യുഎസ് 11 വിമാനവാഹിനികള്‍ സ്വന്തമാക്കിയിരിക്കുന്നതും (അതില്‍ നല്ലൊരു പങ്കില്‍ ആണവായുധങ്ങളുമുണ്ട്) ഇന്ത്യയുടെ രണ്ടാം വിമാനവാഹിനിയെ ലോകം അമ്പരപ്പോടെ കാണുന്നതും.
ചൈനയ്ക്കു മേലെ
യുഎസ് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിമാനവാഹിനികള്‍ ഉള്ളത് ചൈനയ്ക്കാണ്. മൂന്നെണ്ണം. പക്ഷേ, വിക്രാന്തിന്റെ നിര്‍മിതിയോടെ നാം ചൈനയ്ക്കും മുകളില്‍ എത്തിയിരിക്കുന്നു. എണ്ണത്തിലല്ല, വൈദഗ്ധ്യത്തില്‍. കാരണം ചൈനയ്ക്ക് ഇതുവരെ ഒരു വിമാനവാഹിനി കപ്പല്‍ സ്വന്തമായി രൂപകല്പന ചെയ്തു നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ ഉണ്ടാക്കിയത് അവരുടെതന്നെ ഒരു എണ്ണക്കപ്പലിനു രൂപമാറ്റം വരുത്തിയാണ്. റഷ്യയില്‍നിന്നു വിമാനവാഹിനികള്‍ വാങ്ങി വന്നിരുന്ന (ആ റഷ്യക്ക് ഇന്ന് പ്രവര്‍ത്തനക്ഷമമായ ഒരു വിമാനവാഹിനിപോലും ഇല്ലെന്നതു കൗതുകം) ഇന്ത്യ സ്വന്തമായി ഡിസൈന്‍ ചെയ്ത്, 76 ശതമാനം വസ്തുക്കള്‍ രാജ്യത്തുതന്നെ നിര്‍മിച്ച,് രാജ്യത്തുതന്നെ കപ്പല്‍ നിര്‍മിച്ചു എന്നതാണ് ലോകത്തെ അമ്പരിപ്പിച്ചത്. ന്യൂഡല്‍ഹി നാവികാസ്ഥാനത്തെ വാര്‍ഷിപ് ഡിസൈന്‍ ബ്യൂറോയിലെ 250 എന്‍ജിനീയര്‍മാര്‍ ചേര്‍ന്നാണ് ഇതു ഡിസൈന്‍ ചെയ്തത്. കൊച്ചിന് കപ്പല്‍ശാലയിലെ 250 എന്‍ജിനീയര്‍മാര്‍ ഫങ്ഷനല്‍ ഡിസൈനും ആര്‍ക്കിടെക്ചറും നിര്‍വഹിച്ചു. അങ്ങനെ 500 പേരുടെ സംഘമാണ് മഹത്തായ ഈ വിജയത്തിന് അടിസ്ഥാനം.
സേനാവിഭാഗങ്ങളുടെ മുകളില്‍
വിക്രാന്ത് നിര്‍മാണത്തോടെ നമ്മുടെ നാവികസേന മറ്റ് സേനാവിഭാഗങ്ങളുടേ മേലും മേല്‍ക്കൈ നേടിയിരിക്കുന്നു. യുദ്ധോപകരണങ്ങള്‍ക്ക് വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്ന വിധേയത്വത്തില്‍നിന്നും വിദേശനാണ്യച്ചെലവില്‍നിന്നും മോചനം നേടാന്‍ കരസേനയ്ക്കോ വ്യോമസേനയ്ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല. ലോക നിലവാരത്തിലുള്ള ഒരു യുദ്ധോപകരണവും പൂര്‍ണമായി ഇന്ത്യയില്‍ ഉണ്ടാക്കാന്‍ ഇരുസേനകളുടെയും ഗവേഷണ വിഭാഗത്തിനു കഴിഞ്ഞിട്ടില്ല. അവിടെയാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ടുതന്നെ ഒരു സമ്പൂര്‍ണ വിമാനവാഹിനി നിര്‍മിച്ച് ഇന്ത്യന്‍ നാവികസേന കരുത്തു കാട്ടിയിരിക്കുന്നത്. നാവികസേന പൂര്‍ണമായി രൂപകല്പന ചെയ്ത 43-ാമത്തെ യുദ്ധക്കപ്പലാണ് വിക്രാന്ത് എന്നറിയമ്പോഴാണ് ഇന്ത്യന്‍ വാര്‍ഷിപ് ഡിസൈന്‍ ബ്യൂറോ എത്രയോ ലോകോത്തരമാണെന്നു നാം ഊറ്റംകൊള്ളേണ്ടത്. മറ്റ് സേനകളിലേക്കും വൈദഗ്ധ്യത്തിന്റെ സൗരഭ്യം പടരുന്ന അമൃതോത്സവ വാര്‍ത്തകള്‍ക്കായി രാജ്യം കൊതിച്ചു കാത്തിരിക്കുന്നു, വൃഥാവിലാവില്ല ആ പ്രതീക്ഷകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: