കൊച്ചി: കാച്ചി മെട്രോയുടെയും ഇന്ത്യന്‍ റെയില്‍വേയുടെയും ഏകദേശം 4500 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടുകയും രാജ്യത്തിനു സമര്‍പ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി കാലടിയില്‍ ആദിശങ്കര ജന്മഭൂമി ക്ഷേത്രവും സന്ദര്‍ശിച്ചു.
കേരളത്തിന്റെ മുക്കും മൂലയും ഓണാഘോഷത്തിന്റെ ആഹ്ലാദനിറവിലാണെന്നു സദസിനെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു. ജീവിതസൗകര്യവും വ്യവസായ നിര്‍വഹണസൗകര്യവും വര്‍ധിപ്പിക്കുന്ന പദ്ധതികളുടെ കാര്യത്തില്‍ അദ്ദേഹം ഏവരെയും അഭിനന്ദിച്ചു. ‘സമ്പര്‍ക്കസൗകര്യമൊരുക്കുന്ന 4600 കോടിയിലധികം രൂപയുടെ പദ്ധതികളാണ് ഈ സവിശേഷവേളയില്‍ കേരളത്തിനു സമ്മാനിച്ചിരിക്കുന്നത്’ പ്രധാനമന്ത്രി പറഞ്ഞു.
വരുന്ന 25 വര്‍ഷത്തിനുള്ളില്‍ വികസിത ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ബൃഹത്തായ ദൃഢനിശ്ചയമാണു ഇന്ത്യയിലെ ജനങ്ങള്‍ കൈക്കൊണ്ടിരിക്കുന്നതെന്നു സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തെക്കുറിച്ചു പരാമര്‍ശിച്ചു പ്രധാനമന്ത്രി പറഞ്ഞു. ‘വികസിത ഇന്ത്യയുടെ ഈ മാര്‍ഗരേഖയില്‍ ആധുനിക അടിസ്ഥാനസൗകര്യങ്ങള്‍ക്കു വലിയ പങ്കുണ്ട്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2017ല്‍ കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം തനിക്കു ലഭിച്ചിരുന്നെന്നു പ്രധാനമന്ത്രി അനുസ്മരിച്ചു. ഇന്നു കൊച്ചി മെട്രോയുടെ ഒന്നാം ഘട്ട വിപുലീകരണത്തിന്റെ ഉദ്ഘാടനവും രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിടലും നടക്കുകയാണ്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം യുവാക്കള്‍ക്കും പ്രൊഫഷണലുകള്‍ക്കും അനുഗ്രഹമാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ‘ഗതാഗതത്തിന്റെയും നഗരവികസനത്തിന്റെയും കാര്യത്തില്‍ രാജ്യത്തുടനീളം പ്രചോദനാത്മകമായ വികസനമാണു നടക്കുന്നത്’ പ്രധാനമന്ത്രി പറഞ്ഞു.
കൊച്ചിയില്‍ ഏകീകൃത മെട്രോപൊളിറ്റന്‍ ഗതാഗത അതോറിറ്റി കൊണ്ടുവരുന്നതിനെക്കുറിച്ചു പരാമര്‍ശിച്ച പ്രധാനമന്ത്രി, മെട്രോ, ബസ്, ജലപാത തുടങ്ങി എല്ലാ ഗതാഗതമാര്‍ഗങ്ങളും സംയോജിപ്പിക്കുന്നതിനായി ഈ അതോറിറ്റി പ്രവര്‍ത്തിക്കുമെന്നു ചൂണ്ടിക്കാട്ടി. ‘ഈ ബഹുതല സമ്പര്‍ക്കസൗകര്യങ്ങളുടെ ഭാഗമായി കൊച്ചിക്കു നേരിട്ടുള്ള മൂന്ന് ആനുകൂല്യങ്ങളാണു ലഭിക്കുക. ഇതു നഗരത്തിലെ ജനങ്ങളുടെ യാത്രാസമയം കുറയ്ക്കുകയും റോഡുകളിലെ തിരക്കു കുറയ്ക്കുകയും നഗരമലിനീകരണം കുറയ്ക്കുകയും ചെയ്യും. പരിസ്ഥിതിയെ സംരക്ഷിക്കാന്‍, ‘നെറ്റ് സീറോ’ എന്ന ബൃഹദ് പ്രതിജ്ഞ ഇന്ത്യ എടുത്തിട്ടുണ്ട്. അതിനും ഈ നീക്കം സഹായകമാകും. ഇതു കാര്‍ബണ്‍ കാല്‍പ്പാടു കുറയ്ക്കുകയും ചെയ്യും’ പ്രധാനമന്ത്രി പറഞ്ഞു.
മെട്രോയെ നഗരഗതാഗതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗമാക്കി മാറ്റാന്‍ കഴിഞ്ഞ എട്ടു വര്‍ഷമായി കേന്ദ്രഗവണ്മെന്റ് നിരന്തരം പ്രവര്‍ത്തിക്കുകയാണെന്നു പ്രധാനമന്ത്രി ആവര്‍ത്തിച്ചു. തലസ്ഥാനത്തുമാത്രം ഒതുക്കാതെ സംസ്ഥാനങ്ങളിലെ മറ്റു വലിയ നഗരങ്ങളിലേക്കും കേന്ദ്രഗവണ്മെന്റ് മെട്രോ വ്യാപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുടെ രാജ്യത്തെ ആദ്യ മെട്രോ ഏകദേശം 40 വര്‍ഷം മുമ്പാണ് ഓടിയതെന്നും അതിനടുത്ത 30 വര്‍ഷത്തിനുള്ളില്‍ 250 കിലോമീറ്റര്‍ മെട്രോ പാത കൂട്ടിച്ചേര്‍ക്കപ്പെട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ എട്ടുവര്‍ഷമായി നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, രാജ്യത്ത് 500 കിലോമീറ്ററിലധികം മെട്രോ പാത സ്ഥാപിച്ചിട്ടുണ്ടെന്നും പുതുതായി 1000 കിലോമീറ്ററിലധികം പാതയുടെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടക്കുന്നുണ്ടെന്നും പറഞ്ഞു. ‘ഞങ്ങള്‍ ഇന്ത്യന്‍ റെയില്‍വേയെ പൂര്‍ണമായും പരിവര്‍ത്തനം ചെയ്യുകയാണ്. രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളും വിമാനത്താവളങ്ങള്‍ പോലെയാണ് ഇന്നു വികസിക്കുന്നത്’ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ലക്ഷക്കണക്കിനു ഭക്തരുടെ ദീര്‍ഘകാലമായുള്ള ആവശ്യത്തെക്കുറിച്ചു പരാമര്‍ശിച്ച പ്രധാനമന്ത്രി, ശബരിമല ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന രാജ്യത്തിനകത്തും ലോകമെമ്പാടുമുള്ള ഭക്തര്‍ക്ക് ഇതു സന്തോഷകരമായ നിമിഷമാണെന്നും പറഞ്ഞു. ‘ഏറ്റുമാനൂര്ചിങ്ങവനംകോട്ടയം പാത ഇരട്ടിപ്പിക്കല്‍ അയ്യപ്പദര്‍ശനം ഏറെ സുഗമമാക്കും’ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ ഉയര്‍ത്തിക്കാട്ടി, നാം സംസാരിക്കുമ്പോള്‍ ഒരു ലക്ഷം കോടിരൂപയുടെ അടിസ്ഥാനസൗകര്യ വികസനപദ്ധതികള്‍ നടക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ‘കൃഷിമുതല്‍ വ്യവസായങ്ങള്‍വരെയുള്ള ഈ ആധുനിക അടിസ്ഥാനസൗകര്യങ്ങള്‍ കേരളത്തില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കേരളത്തിന്റെ സമ്പര്‍ക്കസംവിധാനങ്ങള്‍ക്കു കേന്ദ്രഗവണ്മെന്റ് വലിയ ഊന്നലാണു നല്‍കുന്നത്. കേരളത്തിന്റെ ജീവനാഡി എന്നു വിളിക്കാവുന്ന ദേശീയപാത66നെ നമ്മുടെ ഗവണ്മെന്റ് ആറുവരിപ്പാതയാക്കി മാറ്റുന്നു. 55,000 കോടിയിലധികം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്’ പ്രധാനമന്ത്രി പറഞ്ഞു.
ആധുനികവും മികച്ചതുമായ സമ്പര്‍ക്കസൗകര്യങ്ങളെ വിനോദസഞ്ചാരവും വ്യാപാരവും പരമാവധി പ്രയോജനപ്പെടുത്തുന്നുവെന്നു നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവരും ഇടത്തരക്കാരും ഗ്രാമവും നഗരവും ഉള്‍പ്പെടെ എല്ലാവരും ചേരുന്നതും എല്ലാവരും നേടുന്നതുമായ വ്യവസായമാണു വിനോദസഞ്ചാരം. ‘അമൃതകാലത്തെ വിനോദസഞ്ചാരവികസനം രാജ്യത്തിന്റെ വികസനത്തിനു വളരെയധികം സഹായകമാകും’ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വിനോദസഞ്ചാരമേഖലയില്‍ സംരംഭകത്വത്തിനു നിരവധി പ്രോത്സാഹനങ്ങള്‍ നല്‍കുന്നുണ്ടെന്നു കേന്ദ്ര ഗവണ്മെന്റിന്റെ പങ്കിനെക്കുറിച്ചു വ്യക്തമാക്കി പ്രധാനമന്ത്രി പറഞ്ഞു. ദുരിതബാധിതരെ സഹായിക്കാനായി ഈടൊന്നുമില്ലാതെ 10 ലക്ഷം രൂപവരെ വായ്പ നല്‍കുന്നതാണു മുദ്ര പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ‘കേരളത്തില്‍ ഈ പദ്ധതിപ്രകാരം ലക്ഷക്കണക്കിനു ചെറുകിട സംരംഭകര്‍ക്ക് 70,000 കോടിയിലധികം രൂപ സഹായഹസ്തമായി നല്‍കിയിട്ടുണ്ട്’ പ്രധാനമന്ത്രി പറഞ്ഞു.
ജനങ്ങളുടെ കരുതല്‍ സാമൂഹ്യജീവിതത്തിന്റെ ഭാഗമാണെന്നു കേരളത്തിന്റെ പ്രത്യേകതയെക്കുറിച്ചു പരാമര്‍ശിച്ചു പ്രധാനമന്ത്രി പറഞ്ഞു. ‘കുറച്ചു ദിവസങ്ങള്‍ക്കുമുമ്പു ഹരിയാനയില്‍ മാതാ അമൃതാനന്ദമയിയുടെ അമൃത ആശുപത്രി ഉദ്ഘാടനം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു. കാരുണ്യത്തിന്റെ നിറകുടമായ അമൃതാനന്ദമയി അമ്മയുടെ അനുഗ്രഹം എനിക്കും ലഭിച്ചു. ഇന്നു കേരളത്തിന്റെ മണ്ണില്‍നിന്ന് ഒരിക്കല്‍കൂടി ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.’ പ്രധാനമന്ത്രി പറഞ്ഞു.
‘ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, കൂട്ടായ പരിശ്രമം’ എന്നീ അടിസ്ഥാന തത്വങ്ങള്‍ ഊന്നിപ്പറഞ്ഞുകൊണ്ടാണു പ്രധാനമന്ത്രി തന്റെ പ്രസംഗം ഉപസംഹരിച്ചത്. അമൃതകാലത്തു വികസിത ഇന്ത്യയുടെ പാതയ്ക്കു കരുത്തേകുമെന്നു പ്രധാനമന്ത്രി പ്രതിജ്ഞ ചെയ്തു.
കേരള മുഖ്യമന്ത്രി പിണറായി വിജയന്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്, സംസ്ഥാന മന്ത്രിമാരായ പി രാജീവ്, അഡ്വ. ആന്റണി രാജു, ഹൈബി ഈഡന് എംപി, കൊച്ചി കോര്പ്പറേഷന് മേയര്‍ അഡ്വ. എം അനില്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.
പദ്ധതികളുടെ വിശദാംശങ്ങള്‍ :
കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ ഒന്നാം ഘട്ടം പേട്ട മുതല്‍ എസ്എന്‍ ജങ്ഷന് വരെ നീട്ടുന്നതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു. 700 കോടിയിലധികം രൂപയാണു പദ്ധതിയുടെ ആകെ ചെലവ്. കൊച്ചി മെട്രോ റെയില്‍ പദ്ധതി രാജ്യത്തെ ഏറ്റവും സുസ്ഥിരമായ മെട്രോ പദ്ധതികളില്‍ ഒന്നായിരിക്കും. അതിന്റെ ഊര്‍ജ ആവശ്യത്തിന്റെ 55 ശതമാനവും സൗരോര്‍ജത്തില്‍ നിന്നാണ്. കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടം ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയാണ്. 11.2 കിലോമീറ്റര്‍ നീളവും 11 സ്റ്റേഷനുകള്‍ ഉള്‍ക്കൊള്ളുന്നതുമായ ഈ പാതയ്ക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു. ഈ പദ്ധതിക്കുവേണ്ടിവരുന്ന ചെലവ് ഏകദേശം 1,950 കോടി രൂപയാണ്. കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍ദിഷ്ട രണ്ടാം ഘട്ട ഇടനാഴി കൊച്ചി നഗരത്തിന്റെ വര്‍ധിച്ചുവരുന്ന ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റാന്‍ ലക്ഷ്യമിടുന്നു. ഇതു നഗരത്തിലെ ജില്ലാ ആസ്ഥാനം, പ്രത്യേക സാമ്പത്തിക മേഖല, ഐടി ഹബ് എന്നിവയെ നിലവിലുള്ള മെട്രോ റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പൂര്‍ത്തിയാകുന്ന മുറയ്ക്ക്, മെട്രോ ശൃംഖലയുടെ ഒന്നും രണ്ടും ഘട്ടങ്ങള്‍ നഗരത്തിലെ പ്രധാന പാര്പ്പിടവാണിജ്യകേന്ദ്രങ്ങളെ റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയ പ്രധാന ഗതാഗത കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും. അങ്ങനെ ബഹുതല സംയോജനം, അവസാന മൈല്‍ സമ്പര്‍ക്കസംവിധാനം എന്നീ ആശയങ്ങള്‍ കരുത്താര്‍ജിക്കും.
750 കോടി രൂപ ചെലവില്‍ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കിയ കുറുപ്പന്തറ–കോട്ടയം ചിങ്ങവനം ഭാഗത്തെ പാത പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു. ഇതോടെ, തിരുവനന്തപുരംമുതല്‍ മംഗളൂരുവരെയുള്ള മുഴുവന്‍പാതയും ഇരട്ടപ്പാതയായി. യാത്രക്കാര്‍ക്കു വേഗമേറിയതും തടസരഹിതവുമായ സമ്പര്‍ക്കസൗകര്യമാണ് ഇത് ഉറപ്പാക്കുന്നത്. ശബരിമല അയ്യപ്പക്ഷേത്രത്തിലേക്കുള്ള ലക്ഷക്കണക്കിനു ഭക്തര്‍ക്കു കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനുകളില്‍ ഇറങ്ങി പമ്പയിലേക്കു റോഡുമാര്‍ഗം പോകാനുള്ള സൗകര്യവും വര്‍ധിക്കും. കൊല്ലത്തിനും പുനലൂരിനുമിടയില്‍ പുതുതതായി വൈദ്യുതീകരിച്ച റെയില്‍പ്പാതയും പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു.
കേരളത്തിലെ എറണാകുളം ജങ്ഷന്, എറണാകുളം ടൗണ്‍, കൊല്ലം എന്നീ മൂന്നു റെയില്‍വെ സ്റ്റേഷനുകളുടെ പുനര്‍വികസനത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. ഈ സ്റ്റേഷന് പുനര്‍വികസന പദ്ധതികളുടെ ആകെ ചെലവ് 1050 കോടി രൂപയാണ്. പ്രത്യേക ആഗമനം/പുറപ്പെടല്‍ ഇടനാഴികള്‍, ആകാശപാതകള്‍, സൗരോര്‍ജ പാനലുകള്‍, മലിനജലസംസ്കരണ പ്ലാന്റുകള്‍, ഊര്‍ജസംരക്ഷണപ്രദാനമായ പ്രകാശവിതാനം, മഴവെള്ള സംഭരണസൗകര്യങ്ങള്‍, വിവിധതലത്തിലുള്ള ഗതാഗതസൗകര്യങ്ങള്‍ തുടങ്ങിയവ ഈ റെയില്‍വേ സ്റ്റേഷനുകളില്‍ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: