Categories: Article

ഹൈന്ദവ നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന ഓര്‍മ്മ; ഇന്ന് ടി.കെ. മാധവന്‍ ജയന്തി

1924 മാര്‍ച്ച് 30ന് പ്രസിദ്ധമായ വൈക്കം സത്യഗ്രഹം ആരംഭിച്ചു. ടി.കെ.മാധവന്‍ ഒപ്പം കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരി, കെ.കേളപ്പന്‍, ടി.ആര്‍.കൃഷ്ണസ്വാമി അയ്യര്‍, കെ.വേലായുധമേനോന്‍ എന്നിവര്‍ അടങ്ങിയ ഒരു കമ്മറ്റിയാണ് സത്യഗ്രഹം നയിച്ചത്. സത്യഗ്രഹത്തിന്റെ ആദ്യ വോളണ്ടിയര്‍മാര്‍ പുലയ സമുദായത്തില്‍പ്പെട്ട കുഞ്ഞാപ്പിയും നായര്‍ സമുദായത്തില്‍പ്പെട്ട വെന്നിയില്‍ ഗോവിന്ദ പണിക്കരും, ഈഴവ സമുദായത്തില്‍ പെട്ട ബാഹുലേയനുമായിരുന്നു. ഇതു വലിയ സാമൂഹ്യ സമരസതയുടെ ചരിത്രമാണ്.

എം. പ്രഗത്ഭന്‍

നാല്പത്തിനാല് കൊല്ലത്തെ ജീവിതം കൊണ്ട് കേരള സാമൂഹിക ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമായി മാറിയ വ്യക്തിയാണ് ടി.കെ.മാധവന്‍. പൗരസമത്വവാദത്തിന്റെ ഉപജ്ഞാതാവും, സ്വാതന്ത്ര്യ സമര സേനാനിയും, കറകളഞ്ഞ രാജ്യ സ്‌നേഹിയും ആദര്‍ശധീരനും സംഘാടകനുമായിരുന്നു അദ്ദേഹം. ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്തുളള പ്രശസ്തമായ  ആലൂമ്മൂട്ടില്‍ തറവാട്ടിലെ കേശവന്‍ ചാന്നാരായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. അമ്മ ഉമ്മിണി അമ്മ, സുപ്രസിദ്ധമായ കോമലേഴത്തു കുടുംബത്തിലെ അംഗമായിരുന്നു.

ഇരുപതാം നൂറ്റാണ്ടുകണ്ട മികച്ച സാമൂഹ്യപരിഷ്‌കര്‍ത്താക്കളില്‍ ഒരാളായ അദ്ദേഹത്തിന്റെ ശ്രമഫലമായി ഹിന്ദു ക്ഷേത്രങ്ങള്‍ എല്ലാ ഹിന്ദുക്കള്‍ക്കുമായി തുറന്നുകൊടുക്കപ്പെട്ടു. 1914-ല്‍ ശ്രീനാരായണഗുരുവുമായി പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവായി ആ കൂടിക്കാഴ്ച. ശ്രീനാരായണ ഗുരുവിന്റെ ആധ്യാത്മിക തേജസും ആശയങ്ങളും ടി.കെ.മാധവനില്‍ വലിയ സ്വാധീനം ചെലുത്തി. സ്വന്തമായി പത്രം ആരംഭിക്കുകയും അവകാശങ്ങള്‍ നേടാന്‍ പത്രം ഉപയോഗിക്കുകയും ചെയ്തു. വഴി നടക്കാനും സ്‌കൂളില്‍ പഠിക്കാനും ക്ഷേത്രത്തില്‍ ആരാധിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് പത്രത്തിലൂടെ അദ്ദേഹം വാദിച്ചു.

പഠനകാലത്തേ തന്നെ ഉയര്‍ന്ന ബുദ്ധിശക്തിയും സംഘടനാസാമര്‍ത്ഥ്യവും രാഷ്‌ട്രീയലക്ഷ്യവുമുണ്ടായിരുന്നു. അക്കാലത്തു തന്നെ അദ്ദേഹം മികച്ച പ്രാസംഗികന്‍ എന്ന് പേരെടുത്തിരുന്നു. ഈ കഴിവ് അദ്ദേഹത്തിനു പത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്നതിനും ഉണ്ടായിരുന്നു. അക്കാലത്ത് ‘ന്യൂ ഇന്‍ഡ്യ’, ‘കേരള കൗമുദി’, ‘മലയാള മനോരമ’ തുടങ്ങിയ വര്‍ത്തമാന പത്രങ്ങളിലും ‘ഭാഷാപോഷിണി’, ‘മംഗളോദയം’ മുതലായ മാസികകളിലും അദ്ദേഹം ധാരാളം ലേഖനങ്ങള്‍ എഴുതിയിരുന്നു. 1913ല്‍  പതിനൊന്നാം ശ്രീമൂലം പ്രജാസഭ സമ്മേളിച്ച ഘട്ടത്തില്‍,  അന്നത്തെ ഈഴവ പ്രതിനിധിയായിരുന്ന ആലുമ്മൂട്ടില്‍ ഗോവിന്ദ ദാസിനു വേണ്ടി നിവേദനം തയ്യാറാക്കി നല്‍കിയത് മാധവനായിരുന്നു. അടുത്ത വര്‍ഷം ശ്രീ നാരായണഗുരു ആലുവയിലെ സംസ്‌കൃത പഠനശാല ആരംഭിക്കുന്നതിനായി പണം സംഭരിക്കാന്‍ നടത്തിയ യാത്രയിലെ മുഖ്യ പ്രചാരകനും പ്രാസംഗികനും മാധവനായിരുന്നു. ഇക്കാലത്താണ് ഒരു പത്രം തുടങ്ങണമെന്ന ആവശ്യം അദ്ദേഹത്തിന് തോന്നിത്തുടങ്ങിയത്.

അയിത്തം, തീണ്ടല്‍ എന്നീ അനാചാരങ്ങളും സാമൂഹിക ഉച്ച നീചത്വങ്ങളും നിലനിന്നിരുന്ന കാലഘട്ടത്തിലാണ് മാധവന്‍ സമൂഹപരിഷ്‌കരണത്തിനിറങ്ങിയത്. സ്വന്തമായി ആരംഭിച്ച  ദേശാഭിമാനി പത്രത്തിന്റെ മാനേജര്‍ പദവി മുതല്‍ പ്രചാരകന്‍, വിതരണക്കാരന്‍ എന്നിങ്ങനെ മിക്ക മേഖലയിലും അദ്ദേഹം പ്രവര്‍ത്തിച്ചു. താമസിയാതെ പത്രത്തിന് നല്ല പ്രചാരം ലഭിച്ചു. പത്രങ്ങളിലൂടെ അദ്ദേഹം ലോക വിവരങ്ങള്‍ അപ്പപ്പോള്‍ നാട്ടുകാര്‍ക്കിടയില്‍ എത്തിച്ചു. സമുദായ സമത്വത്തിന്റെ വിത്തുകള്‍ ജനങ്ങളുടെ മനസ്സില്‍ പാകാനും അതിന്റെ ആവശ്യകതയും ജനങ്ങളുടെ അവകാശങ്ങളെപ്പറ്റിയും അദ്ദേഹം ലേഖനങ്ങള്‍ വഴി എഴുതിക്കൊണ്ടിരുന്നു.

ആരംഭകാലത്തിലെ പൊതു പ്രവര്‍ത്തനത്തില്‍ അദ്ദേഹം ഊന്നല്‍ കൊടുത്തത് പൗരസമത്വ വാദത്തിനായിരുന്നു. ഇപ്രകാരം അദ്ദേഹം കാഴ്ചവച്ച പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ ശ്രീമൂലം പ്രജാസഭയിലേക്കുള്ള പ്രവേശനത്തിന് വാതില്‍ തുറന്നുകൊടുത്തു. 1903-ല്‍ സ്ഥാപിക്കപ്പെട്ട ശ്രീമൂലം പ്രജാസഭ തിരുവിതാംകൂര്‍ രാജ്യസഭയായിരുന്നു. ഇതില്‍ അന്ന് തിരുവിതാംകൂറില്‍ ഉണ്ടായിരുന്ന എല്ലാ ജാതികളില്‍ നിന്നും ജനവിഭാഗങ്ങളില്‍ നിന്നും അംഗങ്ങളെ തിരഞ്ഞെടുത്തിരുന്നു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഭരണകൂടത്തെ അറിയിക്കുവാനും അതിനു സമാധാനം കാണുവാനുമുള്ള ഒരു വേദിയായിരുന്നു അത്. അദ്ദേഹത്തെ സഭയില്‍ ഈഴവ പ്രതിനിധി അംഗമായി തിരഞ്ഞെടുത്തു. 1917, 18 വര്‍ഷങ്ങളില്‍ അദ്ദേഹം അംഗമായിരുന്നു. വിഭിന്ന സമുദായങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കവും അഭിപ്രായ സ്വാതന്ത്ര്യവും നിലനിന്നിരുന്നു. ഈ ഘട്ടങ്ങളില്‍ അദ്ദേഹം പൗരസമത്വത്തിനായി ശക്തിയായി സഭയില്‍ വാദിച്ചിരുന്നു.

ക്ഷേത്ര പ്രവേശന വാദത്തിന്റെ ജനയിതാവ് എന്ന നിലയിലാണ് ടി.കെ.മാധവന് കേരള ചരിത്രത്തില്‍ അവിസ്മരണീയമായ സ്ഥാനം ലഭിച്ചത്. പൗര സമത്വത്തിന് വിലങ്ങു തടിയായിരുന്ന തീണ്ടല്‍, തൊടീല്‍ എന്നീ സാമൂഹിക ദുരാചാരങ്ങളെ ഹിന്ദു മതത്തില്‍ നിന്ന് തന്നെ നിഷ്‌കാസനം ചെയ്യാനാണ് അദ്ദേഹം ക്ഷേത്രപ്രവേശന വാദം ഉയര്‍ത്തിപ്പിടിച്ചത്. ഇതിനനുകൂലമായ പരിതസ്ഥിതികള്‍ 1916 ഓടെ കേരളത്തില്‍ ഉടലെടുത്തിരുന്നു. അദ്ദേഹം ഇതിന് മുന്നോടിയായി ‘ക്ഷേത്രപ്രവേശനം’ എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. അതില്‍ ക്ഷേത്രപ്രവേശന വാദത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. 1916ല്‍ കൊല്‍ക്കത്തയില്‍ ആനി ബസന്റിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ 32-മത് ഭാരത മാഹാ സഭാ സമ്മേളനത്തില്‍ ക്ഷേത്ര പ്രവേശനത്തെ അനുകൂലിച്ച് ആദ്യമായി ഒരു പ്രമേയം പാസ്സാക്കപ്പെട്ടു. ഇതിനു പിന്നില്‍ മാധവന്റെ നിരന്തര പരിശ്രമമം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് അടുത്ത വര്‍ഷം മുംബൈ യില്‍ അവിടത്തെ മഹാരാജാവിന്റെ സഭയിലും പ്രമേയങ്ങള്‍ പാസാക്കപ്പെട്ടു.  

വൈക്കം സത്യാഗ്രഹത്തിന്റെ പ്രധാന സൂത്രധാരന്മാരില്‍ ഒരാളായിരുന്നു ടി.കെ.മാധവന്‍. സര്‍ദാര്‍ പണിക്കര്‍, കെ.പി.കേശവമേനോന്‍ തുടങ്ങിയവരോടുചേര്‍ന്ന് അദ്ദേഹം ഇത് ഗാന്ധിജിയുടെ ശ്രദ്ധയില്‍പ്പെടുത്തി വൈക്കം സത്യാഗ്രഹത്തെ ദേശീയ ശ്രദ്ധയിലേക്ക് ഉയര്‍ത്തി. ഇതേതുടര്‍ന്ന്  1924ല്‍ കൂടിയ ബല്‍ഗാം കോണ്‍ഗ്രസ്സില്‍ മാധവന്‍ സംബന്ധിക്കുകയുണ്ടായി. മഹാത്മാഗാന്ധിയായിരുന്നു യോഗാദ്ധ്യക്ഷന്‍. ഈ സമ്മേളനത്തില്‍ വൈക്കം സത്യാഗ്രഹത്തെപ്പറ്റിയുള്ള പ്രമേയം ഗാന്ധിജിയാണ് അവതരിപ്പിച്ച് പാസ്സാക്കിയത്. 1924 മാര്‍ച്ച് 30ന് പ്രസിദ്ധമായ വൈക്കം സത്യാഗ്രഹം ആരംഭിച്ചു. ടി.കെ.മാധവന്‍ ഒപ്പം കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരി, കെ.കേളപ്പന്‍, ടി.ആര്‍.കൃഷ്ണസ്വാമി അയ്യര്‍, കെ.വേലായുധമേനോന്‍ എന്നിവര്‍ അടങ്ങിയ ഒരു കമ്മറ്റിയാണ് സത്യാഗ്രഹം നയിച്ചത്. സത്യാഗ്രഹത്തിന്റെ ആദ്യ വോളണ്ടിയര്‍മാര്‍ പുലയ സമുദായത്തില്‍പ്പെട്ട കുഞ്ഞാപ്പിയും നായര്‍ സമുദായത്തില്‍പ്പെട്ട വെന്നിയില്‍ ഗോവിന്ദ പണിക്കരും, ഈഴവ സമുദായത്തില്‍ പെട്ട ബാഹുലേയനുമായിരുന്നു. ഇതു വലിയ സാമൂഹ്യ സമരസതയുടെ ചരിത്രമാണ്. സവര്‍ണ്ണ അവര്‍ണ്ണ ഭേദം ഇല്ലാതെ ഹിന്ദുക്കള്‍ ഹിന്ദുവിന് വേണ്ടി ചെയ്ത സമരം. അമ്പലപ്പുഴ ക്ഷേത്രം അവര്‍ണ്ണര്‍ക്കായി തുറന്നു കൊടുത്തതിനു പിന്നിലും അദ്ദേഹത്തിന്റെ പരിശ്രമം  ഉണ്ടായിരുന്നു.  കേരളത്തില്‍  ജാത്യതീതമായ ഹൈന്ദവ മുന്നേറ്റത്തിന്റെ ആദ്യപടിയെന്നോണം രൂപം കൊണ്ട നായര്‍-ഈഴവ രാഷ്‌ട്രീയ സഖ്യത്തിന്റെ പ്രത്യക്ഷ പ്രതീകം തന്നെയായിരുന്നു ടി.കെ.മാധവന്‍.  

കാസരോഗം പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന സമയത്തും ടി.കെ. മാധവന്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ മുഴുകുകയായിരുന്നു. മന്നത്തു പത്മനാഭനുമായി സഹകരിച്ച് ക്ഷേത്രപ്രവേശന സംരംഭത്തിലും അദ്ദേഹം പങ്കുചേര്‍ന്നു. ഇതിനിടെ അദ്ദേഹത്തിന് ഹൃദ്രോഗവും ബാധിച്ചിരുന്നൂ. എന്നാല്‍ രോഗത്തെയും അവഗണിച്ച് അദ്ദേഹം സംഘടനാ പ്രവര്‍ത്തനങ്ങളിലും മറ്റും മുഴുകി.

1930 ഏപ്രില്‍ 27ന് വെളുപ്പിന് 4:55ന് അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ടി.കെ.മാധവന്‍ അന്ത്യവിശ്രമം കൊള്ളുന്ന ചെട്ടികുളങ്ങരയില്‍ ടി.കെ. മാധവ സാമൂഹിക സമരസത പുരസ്‌കാരം ദാനം കഴിഞ്ഞ 15 കൊല്ലമായി നടന്നുവരുന്നു. ഈ വര്‍ഷം പുരസ്‌കാരം സമര്‍പ്പിക്കുന്നത് കെ.എന്‍.രവീന്ദ്രനാഥിനാണ്. അദ്ദേഹം കറുകച്ചാല്‍ ശ്രീനാരായണ പഠനകേന്ദ്രത്തിന്റെ അധ്യക്ഷനാണ്. ശ്രീനാരായണ ദര്‍ശനങ്ങള്‍ സമൂഹത്തിലേക്ക് എത്തിച്ചതിനുള്ള സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ്അദ്ദേഹത്തെ തിരഞ്ഞെടുത്തത്. പുരസ്‌കാരം നല്‍കുന്നത് ചിന്മയ മിഷന്റെ സംസ്ഥാന അധ്യക്ഷന്‍ സംപൂജ്യ സ്വാമിവിക്താനന്ദ മഹരാജ് ആണ്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക