വിമര്‍ശനങ്ങളെ അവഗണിച്ച് ലോകായുക്ത നിയമഭേദഗതി പാസാക്കിയ നടപടി അധികാരത്തിലിരുന്ന് അഴിമതി നടത്തുന്നവര്‍ ഒരു കാരണവശാലും ശിക്ഷിക്കപ്പെടരുതെന്ന സിപിഎമ്മിന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും പിടിവാശിയാണ് കാണിക്കുന്നത്. അധികാരത്തിലിരിക്കുന്നവര്ക്കെതിരെയുള്ള പരാതികളില്‍ അവര്‍ കുറ്റക്കാരാണെന്ന് ലോകായുക്ത വിധിച്ചാല്‍ സ്ഥാനമൊഴിയണമെന്ന നിയമവ്യവസ്ഥയാണ് ഇല്ലാതാക്കിയത്. പുതിയ ഭേദഗതിയനുസരിച്ച് മുഖ്യമന്ത്രി കുറ്റക്കാരനാണെന്ന് ലോകായുക്ത കണ്ടെത്തിയാല്‍ നിയമസഭയ്ക്ക് പുനഃപരിശോധിക്കാം. മന്ത്രിമാരെയാണ് ലോകായുക്ത കുറ്റക്കാരായി കണ്ടെത്തുന്നതെങ്കില്‍ മുഖ്യമന്ത്രിക്കും, എംഎല്‍എമാര്‍ക്കെതിരെയാണ് വിധിയെങ്കില്‍ സ്പീക്കര്‍ക്കും തീരുമാനമെടുക്കാം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ പൊതുപ്രവര്ത്തകരല്ലെന്ന ഭേദഗതിയും വരുത്തിയിട്ടുണ്ട്. ഇതോടെ അഴിമതിക്കാരായ ഒരാളും ലോകായുക്തവഴി ശിക്ഷിക്കപ്പെടില്ലെന്ന് പിണറായി സര്‍ക്കാര്‍ ഉറപ്പാക്കിയിരിക്കുന്നു. തികഞ്ഞ അധികാര ദുരുപയോഗമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. കോടതിയുടെ അധികാരപരിധിയിലേക്ക് നിയമസഭ കടന്നുകയറിയിരിക്കുകയാണ്. പഴയ നിയമപ്രകാരം ലോകായുക്തയുടെ വിധിയെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയുമായിരുന്നു. ഉത്തരവ് അനുകൂലമെങ്കില്‍ സ്ഥാനത്ത് തിരിച്ചെത്താനും കഴിയും. പക്ഷേ ഇതിനിടയില്‍ രാജിവയ്ക്കേണ്ടിവുമെന്നതാണ് ലോകായുക്തയുടെ പല്ലും നഖവും പിഴുതെടുക്കാന്‍ പിണറായി സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ജനാധിപത്യവും നിയമവുമൊക്കെ തങ്ങളുടെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്ക് എതിരാണെങ്കില്‍ അത് അംഗീകരിക്കില്ലെന്ന സിപിഎമ്മിന്റെ നിലപാടാണ് ഇതില്‍ പ്രതിഫലിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് അഴിമതിയുടെ കരിനിഴലില്‍ കഴിയുന്നതാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ലോകായുക്ത നിയമം ഭേദഗതി ചെയ്യാനിടയായ സാഹചര്യം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റി ഇഷ്ടക്കാരായ പാര്‍ട്ടിക്കാര്‍ക്ക് കൊടുത്തുവെന്ന കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാനിരിക്കെ നിയമഭേദഗതി ഓര്‍ഡിനന്‍സായി കൊണ്ടുവരികയായി രുന്നു. ഓര്‍ഡിന ന്‍സിന്റെ കാലാവധി കഴിയുകയും, പുതിയ ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അനുമതി ലഭിക്കാതിരിക്കുകയും ചെയ്തതാണ് നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഒന്നാം പി ണറായി സര്‍ക്കാരിന്റെ കാലത്ത് ബന്ധുനി യമനം നടത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിന് ലോകായുക്തയുടെ വിധിയെത്തുടര്‍ന്ന് രാജിവയ്ക്കേണ്ടിവന്നു. ദുരിതാശ്വാസനിധി വകമാറ്റിയതില്‍ കുറ്റക്കാരനാണെന്ന് ഉറപ്പുള്ളതിനാല്‍ ഇതേ സാഹചര്യം മുഖ്യമന്ത്രിയും നേരിടേണ്ടിവരുന്നത് ഒഴിവാക്കാനാണ് ലോകായുക്തയുടെ അധികാരം തന്നെ എടുത്തുകളഞ്ഞിരിക്കുന്നത്. ഇനി ഈ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒന്നും പേടിക്കേണ്ടതില്ല. രാജിവയ്ക്കേണ്ട സാഹചര്യം ഒഴിവാക്കി സ്വന്തം മന്ത്രിമാര്‍ക്ക് അഴിമതി നടത്താനുള്ള അവസരവും മുഖ്യമന്ത്രി ഒരുക്കിയിരിക്കുന്നു. പാര്‍ട്ടി നേതാക്കള്‍ക്കും ഈ ആനുകൂല്യം നല്കിയിരിക്കുന്നതിനാല് ഇവരെല്ലാം മുഖ്യമന്ത്രിയോട് കടപ്പെട്ടിരിക്കുകയാണ്. അഴിമതി ഒരു കുറ്റമല്ലെന്നും, അത് വിഭവസമാഹരണമാണെന്നും സൈദ്ധാന്തികമായി വിശ്വസിക്കുന്നവരാണല്ലോ സിപിഎമ്മിലുള്ളത്. ഇത്തരക്കാരുടെ നേതാവാണ് താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു.
ലോകായുക്ത ഓര്‍ഡിനന്‍സിനെതിരെയും നിയമഭേദഗതിക്കെതിരെയും ഇടതുമുന്നണിയിലെ രണ്ടാമത്തെ ഘടകക്ഷിയായ സിപിഐ വലിയകോലാഹലമുയര്ത്തുകയുണ്ടായി. മന്ത്രിസഭായോഗത്തില്‍ സിപിഐയുടെ മന്ത്രിമാര്‍ ഭേദഗതിയെ എതിര്‍ത്ത് വാര്‍ത്തികളില്‍ നിറഞ്ഞുനില്ക്കുകയും ചെയ്തു. ഈ ഇടപെടല്‍ മൂലം ലോകായുക്തയുടെ അധികാരം നിലനിര്‍ത്തുമെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. എല്ലാം വെറും പ്രഹസനമായിരുന്നുവെന്ന് പെട്ടെന്നു തന്നെ തെളിഞ്ഞു. മുഖ്യമന്ത്രിക്കെതിരെയാണ് ലോകായുക്ത വിധിയെങ്കില്‍ നിയമസഭയ്ക്ക് തീരുമാനിക്കാമെന്ന ഭേദഗതി നിര്‍ദേശിച്ച് സിപിഐ വിദഗ്ദ്ധമായി ഒത്തുകളിച്ചു. നിയമസഭയില്‍ ഭൂരിപക്ഷമുള്ളിടത്തോളം ഒരു തരത്തിലും തനിക്ക് എതിരാവില്ലെന്ന് അറിയാമെന്നതിനാല്‍ സിപിഐയുടെ ഭേദഗതിയെ മുഖ്യമന്ത്രി കണ്ണുമടച്ച് അംഗീകരിച്ചു. സിപിഐ നേതൃത്വത്തിന്റെ അഴിമതി വിരോധത്തിന്റെയും രാഷ്ട്രീയ സദാചാരത്തിന്റെയും മുഖംമൂടിയാണ് ഇതിലൂടെ അഴിഞ്ഞുവീണത്. നിയമസഭയുടെ ചരിത്രത്തിലെ കറുത്തദിനം എന്നൊക്കെ വിമര്‍ശിച്ച് പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് സഭ ബഹിഷ്കരിച്ചുവെങ്കിലും സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും അഴിമതികളോട് അവര്‍ക്കും ഇരട്ടത്താപ്പാണ്. കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എതിര്‍ക്കുന്നതും, സഹകരണ ബാങ്ക് അഴിമതികളെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം മൗനം പാലിക്കുന്നതും ഇതിന് തെളിവാണ്. ഭരണഘടനാ തത്വങ്ങള്‍ക്കും സുപ്രീംകോടതി വിധികള്‍ക്കും എതിരായ നിയമനിര്‍മാണങ്ങളില്‍ ഒപ്പുവയ്ക്കില്ലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടില്‍ മാത്രമാണ് ജനങ്ങള്‍ക്ക് പ്രതീക്ഷയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: