ദുബായ്: എഫ് ടിഎക്സ് ക്രിപ്റ്റോ ചെസ്സില്‍ മാഗ്നസ് കാള്‍സനെ തുടര്‍ച്ചയായി മൂന്ന് ഗെയിമുകളില്‍ തോല്പിച്ച ശേഷം പ്രഗ്നാനന്ദ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ്. ഒമ്പത് റൗണ്ടുകളുള്ള ദുബായ് ചെസ്സില്‍ നാല് റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ നാല് ജയം നേടി നാല് പോയിന്റുകളോടെ പ്രഗ്നാനന്ദ മുന്നിലാണ്.
അതേ സമയം, ഫിഡേ (അന്താരാഷ്ട്ര ചെസ് ഫെഡറേഷന്) റാങ്കിങ്ങില്‍ പ്രഗ്നാനന്ദയേക്കാള്‍ (റാങ്ക് 89) ഏറെ മുന്നിലുള്ള ഇന്ത്യന്‍ താരം അര്ജുന് എറിഗെയ്സി (48) നാലാം റൗണ്ടില്‍ സെര്‍ബിയന്‍ ഗ്രാന്റ് മാസ്റ്റര്‍ അലക്സാണ്ടര്ഇന്ജികുമായി സമനിലയില്‍ പിരിഞ്ഞതോടെ മൂന്നരപോയിന്റോടെ മൂന്നാം സ്ഥാനത്തേക്ക് പുറന്തള്ളപ്പെട്ടു.
ബുധനാഴ്ച പ്രഗ്നാനന്ദ നാലാം റൗണ്ടില്‍ അര്‍മീനിയയുടെ ഗ്രാന്റ് മാസ്റ്ററായ ആരം ഹക്കോബയാനെയാണ് തോല്പിച്ചത്. സിസിലിയന് ഡ്രാഗണ്ഡോര്ഫ് ശൈലിയിലുള്ള പോരാട്ടത്തില്‍ പ്രഗ്നാനന്ദ അനായാസം ആരം ഹക്കോബയാനെ തോല്പിച്ചു.
കസാഖ്സ്ഥാനിലെ റിനാട്ട് ജുമാബയെവും നാല് കളികളും ജയിച്ച് പ്രഗ്നാനന്ദയോടൊപ്പം മുന്നിട്ട് നില്‍ക്കുകയാണ്. ഇന്ത്യയിലെ അത്ഭുത ബാലതാരമായ ഗ്രാന്റ്മാസ്റ്റര്‍ സഹജ് ഗ്രോവറെയാണ് ജുമബയേവ് നാലാം റൗണ്ടില്‍ തോല്പിച്ചത്.
പക്ഷെ അടുത്ത റൗണ്ട് പ്രഗ്നനാനന്ദയ്ക്ക് അഗ്നിപരീക്ഷയായിരിക്കും. നാലു പോയിന്റുകളോടെ മുന്നിട്ട് നില്ക്കുന്ന പ്രഗ്നാനന്ദയും ജുമബയേവും തമ്മിലാണ് അഞ്ചാം റൗണ്ടില്‍ പോരാട്ടം. ഇതിന് മുന്‍പ് പല ടൂര്‍ണ്ണമെന്റുകളിലായി മൂന്ന് തവണ പോരാടിയിട്ടുള്ള പ്രഗ്നാനന്ദയും ജുമബയേവും തമ്മിലുള്ള മത്സരങ്ങള്‍ സമനിലയില്‍ അവസാനിക്കുകയായിരുന്നു. അഞ്ചാം റൗണ്ടില്‍ പ്രഗ്നാനന്ദയുമായുള്ള മത്സരം അഗ്നിപരീക്ഷയായിരിക്കുമെന്ന് ജുമബയേവ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: