കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി അദ്വൈത വേദാന്തം ലോകത്തിന് പകര്‍ന്നു നല്കിയ ആദിശങ്കരന്റെ ജന്മനാടായ കാലടിയില്‍ വരുന്നത് കേരളത്തിന്റെ സാസ്കാരിക തനിമ വീണ്ടെടുക്കാനുള്ള ശ്രമത്തിന് കരുത്ത് പകരുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്.
യഥാര്‍ത്ഥ കേരളത്തെ വീണ്ടെടുക്കാനുള്ള ക്യാമ്പയിന് ബിജെപി ആരംഭിച്ചിരിക്കുന്ന അവസരത്തിലാണ് പ്രധാനമന്ത്രി എത്തുന്നതെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഓണത്തെ തെറ്റായി വ്യാഖ്യാനിച്ചവരാണ് ഇടത് ബുദ്ധിജീവികള്‍. ചരിത്രത്തിന്റെ അപനിര്‍മ്മിതിയിലൂടെ നവോത്ഥാന നായകന്മാരെ കമ്മ്യൂണിസ്റ്റുകാര്‍ വികലമാക്കിയിരിക്കുകയാണ്. ഇത് തുറന്ന് കാണിക്കാന്‍ ബിജെപി തയ്യാറാകും. തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ തിരൂരില്‍ സ്ഥാപിക്കുന്നത് ഇതിന് വേണ്ടിയാണ്. മുസ്ലിം മതമൗലികവാദികളെ പേടിച്ചിട്ടാണ് സര്‍ക്കാര്‍ തിരൂരില്‍ പ്രതിമ സ്ഥാപിക്കാന്‍ തയ്യാറാവാത്തത്. പ്രതിമ അനിസ്ലാമികമാണെന്ന മതമൗലികവാദികളുടെ നിലപാടിന് ചൂട്ടുപിടിക്കുകയാണ് പിണറായി വിജയന് സര്‍ക്കാര്‍. നവോത്ഥാന സമിതി പഞ്ചായത്ത് തലത്തില്‍ വ്യാപിപ്പിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി മലയാളഭാഷയുടെ പിതാവിന് ഒരു പ്രതിമ സ്ഥാപിക്കാന്‍ തയ്യാറാകണമെന്നും ബിജെപി അദ്ധ്യക്ഷന്‍ പറഞ്ഞു.
സ്വാതന്ത്ര്യസമരത്തെ പോലെ തന്നെ വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹങ്ങളിലും കമ്യൂണിസ്റ്റുകാര്‍ക്ക് ഒരു പങ്കുമില്ല. അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബിജെപി ഒരുക്കമാണ്. തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയില്‍ സംസ്ഥാനത്തെ ഒരു മന്ത്രി പോലും പങ്കെടുക്കാത്തത് ഓണത്തോടുള്ള ഇടതുപക്ഷത്തിന്റെ നിഷേധ നിലപാടാണ് തെളിയിക്കുന്നത്. ഓണത്തിന് മലയാളികള്‍ പൂക്കളം ഇട്ട് ആരാധിക്കുന്ന തൃക്കാക്കരയപ്പന്റെ ക്ഷേത്രത്തോടും സര്‍ക്കാരിന് അവഗണനയാണ്. ഇത് പ്രതിഷേധാര്‍ഹമാണ്.
പ്രധാനമന്ത്രി നാളെ എത്തും
സെപ്തംബര്‍ ഒന്നിന് വൈകുന്നേരം നാലു മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തുമെന്ന് കെ.സുരേന്ദ്രന് പറഞ്ഞു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് ഉജ്ജ്വല സ്വീകരണം നല്‍കും. പ്രധാനമന്ത്രി അവിടെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും. തുടര്‍ന്ന് അദ്ദേഹം കാലടി ആശ്രമത്തില്‍ സന്ദര്‍ശനം നടത്തും. ബിജെപി കോര്‍ ഗ്രൂപ്പ് യോഗത്തിലും നരേന്ദ്രമോദി പങ്കെടുക്കും. ഹൈദ്രബാദ് ദേശീയ നിര്‍വാഹക സമിതിയില്‍ എടുത്ത തീരുമാനങ്ങള്‍ കോര്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ മാര്‍ഗനിര്‍ദ്ദേശം സ്വീകരിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു.
പൊതുമരാമത്ത് മന്ത്രി പൂര്‍ണപരാജയം
സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പൂര്‍ണ പരാജയമാണെന്ന് കെ.സുരേന്ദ്രന് പറഞ്ഞു. കേരള മോഡലിന്റെ പരാജയമാണ് കുറച്ച് ദിവസങ്ങളിലായി കൊച്ചിയില്‍ കാണുന്നത്. സംസ്ഥാനത്തെ റോഡുകള്‍ എല്ലാം തകര്‍ന്നു. വെള്ളക്കെട്ട് കാരണം ജനജീവിതം ദുസഹമാണ്. മഴപെയ്താല്‍ കേരളത്തിലെ നഗരങ്ങളെല്ലാം നരകങ്ങളാവുകയാണ്. റോഡ് അറ്റകുറ്റ പണിക്ക് എന്‍എച്ച്എഐ നല്കിയ പണം പിഡബ്ല്യുഡി ഉപയോഗിക്കുന്നില്ല.
അഴിമതിക്ക് വേണ്ടിയാണ് സര്‍ക്കാര്‍ നിയമസഭയില്‍ ലോകായുക്ത നിയമം കൊണ്ടുവന്നത്. മടിയില്‍ കനമുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി ലോകായുക്തയുടെ കഴുത്ത് ഞെരിക്കുന്നത്. സര്‍വ്വകലാശാലകള്‍ പാര്‍ട്ടി ഓഫീസാക്കാനാണ് സര്‍വ്വകലാശാല നിയമം കൊണ്ടുവരുന്നത്. സര്‍ക്കാര്‍ ഇത്തരത്തില്‍ നിഷേധാത്മക സമീപനം സ്വീകരിക്കുമ്പോഴാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.
കേരളത്തിന്റെ സാമ്പത്തികരംഗം തകര്‍ന്ന് തരിപ്പണമായി കഴിഞ്ഞു. കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും കൊടുക്കാനാവുന്നില്ലെന്ന് സുരേന്ദ്രന് ചൂണ്ടിക്കാണിച്ചു. പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ശമ്പളം കൊടുക്കാന്‍ ഗതിയില്ലാതായി. നികുതി വരുമാനം കുറഞ്ഞു. കടമെടുത്താണ് കേരളം മുന്നോട്ട് പോകുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സഹായമുള്ളതു കൊണ്ട് മാത്രമാണ് കേരളം പിടിച്ചു നില്‍ക്കുന്നത്. റെയില്‍വെ വികസനവും മെട്രോ റെയില്‍ നീട്ടുന്നതും അടക്കമുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ കേരളത്തിന് ലഭിക്കും. പ്രധാനമന്ത്രി കേരളത്തോട് അനുഭാവപൂര്‍ണമായ സമീപനമാണ് കൈക്കൊള്ളുന്നത്. എന്നാല്‍ കേന്ദ്ര പദ്ധതികള്‍ അട്ടമിറിക്കാനും പേര് മാറ്റി നടപ്പിലാക്കാനുമുള്ള വിലകുറഞ്ഞ നീക്കമാണ് സ്ഥാനം നടത്തുന്നത്. കേന്ദ്രപദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ ബിജെപി ശ്രമിക്കും. വള്ളംകളിക്ക് അമിത്ഷായെ ക്ഷണിച്ചത് വിവാദമാക്കുന്നത് കോണ്‍ഗ്രസിന്റെ ബാലിശമായ സമീപനമാണ്. കോണ്‍ഗ്രസും സിപിഎമ്മുമായാണ് ധാരണയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: