കൊച്ചി: വിശ്വഹിന്ദുപരിഷത്ത് 60-ാം ജന്മദിനം ആഘോഷിക്കുന്ന 2024 ആവുന്നതോടെ കേരളത്തിലെ 90 ലക്ഷം ഹിന്ദുക്കളെ സനാതന ധര്‍മ്മത്തിലൂടെ സ്വാഭിമാന ഹിന്ദുക്കളാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി. ഹൈന്ദവ ഏകീകരണവും ശാക്തീകരണവും ലക്ഷ്യമിട്ടുള്ള കര്‍മപദ്ധതികള്‍ക്ക് വിശ്വഹിന്ദു പരിഷത്ത് ഗണേശോത്സവത്തോടെ തുടക്കം കുറിക്കും. എല്ലാ ഹൈന്ദവ സംഘടനകളേയും ഒന്നിപ്പിച്ച് മുന്നോട്ടുപോവും. കലൂര്‍ പാവക്കുളം വിഎച്ച്പി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത വര്‍ഷത്തോടെ എല്ലാ പഞ്ചായത്തുകളിലും ഗണേശോത്സവം ആഘോഷിക്കും. കേരളത്തിലെ എല്ലാ സമുദ്രതീരങ്ങളും ഗണേശവിഗ്രഹ നിമജ്ജന വേദികളാക്കിമാറ്റുമെന്നും വിജി തമ്പി പറഞ്ഞു. നാസ്തികരെന്ന് അവകാശപ്പെടുന്നവര്‍ വിശ്വാസികളുടെ ഇടയില്‍ നുഴഞ്ഞുകയറുന്നതായും ക്ഷേത്ര ഉപദേശക സമിതികള്‍ അവിശ്വാസികള്‍ ഹൈജാക്ക് ചെയ്യുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
എല്ലാ ഹൈന്ദവ ആഘോഷങ്ങള്‍ക്കും നേതൃത്വം നല്‍കാനാണ് വിഎച്ച്പിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി വരുന്ന നവരാത്രിയും വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ കേരളമെമ്പാടും സമുചിതമായി ആഘോഷിക്കും. വിഎച്ച്പിയുടെ കീഴിലുള്ള 140 ക്ഷേത്രങ്ങളില്‍ നവരാത്രി പൂജയും ചണ്ഡികാഹോമവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ഭാരതീയ ധര്‍മപ്രചാര സഭ ആചാര്യന് ഡോ. ശ്രീനാഥ് കാരയാട്ട്, വിഎച്ച്പി ഗവേണിങ് കൗണ്‍സില്‍ അംഗവും ചലച്ചിത്ര നിര്‍മാതാവുമായ സന്ദീപ് സേനന് എന്നിവര്‍ പങ്കെടുത്തു.
പാവക്കുളത്ത് നടക്കുന്ന നവരാത്രി ആഘോഷങ്ങളുടെ ഒമ്പതാം ദിവസം അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ചണ്ഡികാഹോമം നടക്കും. സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ട അമ്പതോളം പേര് ചണ്ഡികാഹോമത്തില്‍ പങ്കാളികളാകും. പരമ്പരാഗത രീതിയില്‍ ആചരിക്കുന്ന വിദ്യാരംഭത്തില്‍ പ്രമുഖരായ വ്യക്തികള്‍ പങ്കെടുക്കുമെന്നും ഡോ. ശ്രീനാഥ് കാരയാട്ട് പറഞ്ഞു. ആഘോഷങ്ങള്‍ വിശ്വാസികള്‍ക്ക് അവരുടെ ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനുള്ള വേദിയാണെന്നും വിശാല ഐക്യത്തിന്റെ ഭാഗമാണ് വിശ്വഹിന്ദുപരിഷത്തെന്നും സന്ദീപ് സേനന് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: