സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനെതിരെ ‘ബോംബെറി’ഞ്ഞിട്ട് രണ്ടുമാസം തികഞ്ഞു. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നായിരുന്നു അന്നത്തെ പ്രസ്താവന. അക്രമിയെ സിസി ടിവിയില്‍ കണ്ടു. അക്രമി എങ്ങോട്ട് പോയി, എങ്ങിനെ പോയി എന്നും കാണാനായി. പക്ഷേ അക്രമിയെ പിടികൂടാന്‍ പോലീസ് എത്രശ്രമിച്ചിട്ടും കിട്ടിയില്ലത്രെ. അക്രമം നടന്ന ഉടന്‍ സ്ഥലത്തെത്തിയ മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന് പറഞ്ഞത് അക്രമി കോണ്‍ഗ്രസുകാരനാണെന്നാണ്. ഒന്നുകൂടി അദ്ദേഹം ഊന്നിപ്പറഞ്ഞു. ‘നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമം’ എന്നായിരുന്നു അത്. അങ്ങിങ്ങ് കോണ്‍ഗ്രസ് ബോഡുകളും കൊടികളും നശിപ്പിച്ചതിനപ്പുറം ഒരു കലാപവും നടന്നിട്ടേയില്ല.
ഭരണതലത്തിലെ കൊള്ളരുതായ്മകളും രാഷ്ട്രീയ കോപ്രായങ്ങളും അരങ്ങുതകര്‍ക്കുന്ന കാലത്തായിരുന്നു എകെജി സെന്റര്‍ അക്രമം. ഇ.പി. ജയരാജന്റെ ഭാര്യാസഹോദരിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ.ശ്രീമതി അന്ന് ഓഫീസിലുണ്ടായിരുന്നു. അവരും താഴെ ഇറങ്ങി വന്നൊരു പ്രസ്താവന നടത്തി. ‘വലിയ ശബ്ദം. ആകെ ഒന്നുകുലുങ്ങി. പുസ്തകം വായിച്ചുകൊണ്ടിരിക്കെയായിരുന്നു ശബ്ദം.’ ടീച്ചര്‍ കുലുങ്ങിയ സ്ഫോടനം വിചിത്രമായിരിക്കുന്നു. എകെജി സെന്ററിന്റെ ഗേറ്റില്‍ തട്ടി പൊട്ടിയ പടക്കത്തിന്റെ അടയാളം കണ്ടെത്താന്‍ തന്നെ പോലീസ് നന്നായി പാടുപെടുന്നത് കാണാനായി. എകെജി സെന്ററിലെ അക്രമത്തിന്റെ പേരില്‍ ആരെയെങ്കിലും പിടികൂടാന്‍ പറ്റില്ല. യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ കുറച്ച് സമയമെടുക്കുമെന്ന് പ്രസ്താവിച്ച നേതാക്കളുടെ തൊലിക്കട്ടി അപാരം തന്നെ.
ഇതേ നേതാക്കളും മുഖ്യമന്ത്രിയും മറ്റൊരുതീവെപ്പ് കേസ് കാണാന്‍ വന്നിട്ട് വര്‍ഷം പിന്നിട്ടു. കുണ്ടമണ്‍കടവിലെ ഷിബുസ്വാമിയുടെ ആശ്രമം കത്തിച്ച പ്രതികളെ ഉടന്‍ പിടികൂടുമെന്നറിയിച്ചതായിരുന്നു. സോപ്പിന്റെ പരസ്യം പോലെ ‘പൊടിപോലുമില്ല കണ്ടുപിടിക്കാന്‍’ എന്ന മട്ടിലായി. സുകുമാരക്കുറിപ്പിന്റെ അവസ്ഥയാണ്. എകെജി സെന്ററിലെ അക്രമിയും ഷിബുസ്വാമിയുടെ ആശ്രമം കത്തിച്ചവര്‍ക്കും. കെ. സുധാകരനടക്കം അന്നേ പറഞ്ഞതാണ്. ‘വൈദ്യരേ സ്വയം ചികിത്സിക്കൂ’ എന്ന്.
അക്രമവും പ്രസ്താവനയും അടങ്ങുന്നില്ല. തിരുവനന്തപുരത്ത് അക്രമം തുടര്‍ക്കഥയാവുന്നു. കഴിഞ്ഞ ദിവസം എബിവിപി സംസ്ഥാന കാര്യാലയം കയറി അക്രമിച്ച പ്രതികളാരെന്ന് വ്യക്തമായിരുന്നു. എന്നിട്ടും പ്രതികളെ പിടിക്കാന്‍ പോലീസിന് സമയവുമില്ല നേരവുമില്ല. അന്നുരാത്രിയും ഒരു നാടകം നടന്നു. പുലര്‍ച്ചെ മൂന്നുമണിയോടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലെറിഞ്ഞു. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ കാറിന് ഏറുകൊണ്ടു എന്നാണ് പറയുന്നത്. അപ്പോഴും നേതാക്കളുടെ പ്രസ്താവന പ്രളയം വന്നു. ‘കലാപമുണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമം.’ എന്നതിനാണ് ഊന്നല്‍. സിപിഎം നേതാക്കളെ കലാപം വല്ലാതെ പിടികൂടി എന്നാണ് തോന്നുന്നത്. ഓഫീസിന് കല്ലെറിഞ്ഞതിന്റെ പേരില്‍ എബിവിപി പ്രവര്‍ത്തകരെ പിടികൂടി സംതൃപ്തി അടയുകയാണ്. ഓഫീസ് അക്രമിക്കുമ്പോള്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ളവരെയാണ് പിടികൂടിയതെന്നതാണ് വിചിത്രമായ വിശേഷം.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് എബിവിപി പ്രവര്‍ത്തകരെ വേട്ടയാടുന്ന പോലീസ് നടപടിയില്‍ പ്രതിഷേധം ശക്തമാവുകയാണ്. കഴിഞ്ഞദിവസം എബിവിപി സംസ്ഥാന ഓഫീസ് അക്രമവുമായി ബന്ധപ്പെടുത്തി സിപിഎം ജില്ലാ ഓഫീസ് അക്രമിക്കപ്പെട്ടത് എബിവിപി പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവെക്കാനുള്ള ബോധപൂര്‍വ ശ്രമമാണ് നടക്കുന്നത്.
എകെജി സെന്റര്‍ അക്രമവുമായി ബന്ധപ്പെട്ട് ഇരുട്ടില്‍ തപ്പുന്ന പോലീസ്, സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നിര്‍ദേശപ്രകാരം ബോധപൂര്‍വ്വം നിരപരാധികളായ എബിവിപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമിക്കുന്നത്. പോലീസ് നോക്കിനില്‍ക്കെയാണ് എബിവിപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ടത്. വഞ്ചിയൂരിലെ ഇടത് വനിതാ കൗണ്‍സിലറെ കയ്യേറ്റം ചെയ്തെന്ന കേസില്‍ എബിവിപി പ്രവര്‍ത്തകരെ മജിസ്ട്രേറ്റ് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കണ്ട് വിട്ടയച്ചിരുന്നു. ഇതിന്റെ ജാള്യത മറയ്ക്കാനാണ് എകെജി സെന്ററില്‍ നിന്ന് തയ്യാറാക്കി നല്കിയ പട്ടിക പ്രകാരം എബിവിപി പ്രവര്‍ത്തകരെ പ്രതികളാക്കിയിരിക്കുന്നത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രവര്‍ത്തകരെ വരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.
ആഭ്യന്തരവകുപ്പിന് വിടുപണിചെയ്യുന്ന പോലീസ് എബിവിപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമിക്കുന്നത്. എബിവിപി വനിതാ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തതിനെതിരെയും സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചതിനെതിരെയും നല്കിയ പരാതിയില്‍ കേസെടുക്കാന്‍ പോലും പോലീസ് ഇതുവരെ തയ്യാറായില്ല. പോലിസിന്റെ ഏകപക്ഷീയ നടപടികളെ നിയമപരമായി നേരിടുമെന്നാണ് എബിവിപി പറയുന്നത്. സിപിഎമ്മിന്റെ വ്യാജപ്രചാരണങ്ങളെയും അക്രമരാഷ്ട്രീയത്തെയും പൊതുസമൂഹത്തെയും വിദ്യാര്‍ത്ഥികളെയും അണിനിരത്തി ചെറുക്കുമെന്നാണ് എബിവിപി പറയുന്നത്.
അക്രമം നടന്നയുടന്‍ പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ഇ.പി. ജയരാജന് പറയുന്നു. പിന്നാലെ പോലീസ് അറസ്റ്റ് ചെയ്യുന്നു. എകെജി സെന്റര്‍ ആക്രമിച്ചതുപോലെ സ്വയം അക്രമം നടത്തി മറ്റുള്ളവരുടെ തലയിലിട്ട് അവര്‍ക്കെതിരെ കേസെടുപ്പിക്കുന്ന തന്ത്രമാണ് സിപിഎം നടത്തുന്നത്. എബിവിപി ഓഫീസിന് നേരെ ഉണ്ടായ അക്രമം അപലപനീയമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന് അഭിപ്രായപ്പെട്ടിട്ടുണ്ട്. അക്രമികള്‍ക്കെതിരെ കേസെടുക്കാന്‍ ആഭ്യന്തരവകുപ്പ് അനുവദിക്കാത്ത സ്ഥിതിയാണുള്ളത്. ഇത് നിയമവാഴ്ചയുടെ തകര്‍ച്ചയാണ്. ആഭ്യന്തരവകുപ്പിന്റെ സമ്പൂര്‍ണ പരാജയമാണിത്. അക്രമം അമര്‍ച്ചചെയ്യുന്നതിന് പകരം അക്രമത്തിന് പിന്തുണ നല്കുന്ന സമീപനമാണ് പോലീസ് ചെയ്യുന്നത്. ജനാധിപത്യ സംവിധാനത്തില്‍ നിയമവാഴ്ച ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം സര്‍ക്കാരിന്റേതാണ്. അതിന് നടപടിയെടുത്തില്ലെങ്കില്‍ സര്‍ക്കാരിനെകൊണ്ട് നിര്‍ബന്ധപൂര്‍വ്വം നടപടിയെടുപ്പിക്കാന്‍ അക്രമത്തിനിരയായവരും അവരോടൊപ്പം നില്കുന്ന ആളുകളും മുന്നോട്ടുവരുന്ന സ്ഥിതിയുണ്ടാകും. അങ്ങനെയുള്ള സാഹചര്യത്തിലേക്ക് എത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം.
സിപിഎമ്മിന്റെ കേന്ദ്രത്തില്‍ എബിവിപിക്കാര്‍ അക്രമം നടത്തുമെന്ന് വിശ്വസിക്കാനാകില്ല. സ്വന്തം പാര്‍ട്ടി ഓഫീസും നേതാക്കന്മാരുടെ വീടുകള്‍ക്കും സംരക്ഷണം നല്കാനാകാത്തവര് എങ്ങനെ നാട്ടുകാര്‍ക്ക് സംരക്ഷണം നല്‍കുമെന്ന ചോദ്യമാണ് പരക്കെ ഉയരുന്നത്.
ഇതിനിടയില്‍ ആനാവൂര്‍ നാഗപ്പന്റെ കുന്നത്തുംകാലിലെ വീടിന് നേര്‍ക്കും കല്ലേറുണ്ടായത്രെ. അതും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെന്നാണ് ആക്ഷേപം. കലാപം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണിതിന് പിന്നിലെന്നറിയുമ്പോള്‍ അവരെന്തൊക്കെയോ പദ്ധതിയിടുന്നു എന്നുവേണം അനുമാനിക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: